Pages

വഴിയോര ചിന്തകള്‍

കൃത്യമായി പറഞ്ഞാല്‍ ഒരു മണിക്കൂര്‍ മുന്‍പ്, ഓഫീസില്‍ കറണ്ട് പോയ സമയത്ത് വെറുതെ പുറത്തൊക്കെ ഒന്ന് കറങ്ങി തിരിഞ്ഞു നടക്കാന്‍ വേണ്ടി പോയതാ... ചുറ്റുവട്ടതൊക്കെ എന്തൊക്കെ നടക്കുന്നു എന്നറിയണമല്ലോ.. അങ്ങനെ രണ്ടു കൈകളും പാന്റിന്റെ പോക്കറ്റില്‍ തിരുകി കയറ്റി അലസമായി കാലും വീശി ( ഞാന്‍ നടക്കുമ്പോള്‍ കാലും വീശിയൊക്കെ നടക്കും ) നടക്കുന്നതിനിടെ വഴിയരികിലെ വീട്ടില്‍ നിന്നും ഒരു പത്തു പന്ത്രണ്ടു വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പയ്യന്‍ ഇംഗ്ലീഷില്‍ കലപിലാന്നു എന്തൊക്കെയോ പറയുന്നു... perhaps , you  must , ordinary, accidental  ഇത്രയൊക്കെയേ ഞാന്‍ കേട്ടുള്ളൂ..


പയ്യനെ കണ്ടാല്‍ അമുല്‍ ബേബി എന്നല്ലാതെ വേറൊന്നും ആരും വിളിക്കില്ല.  നല്ല തടിച്ചുരുണ്ട്, ഒന്ന് നുള്ളിയാല്‍ ചോര പൊടിയുന്ന കവിളുകള്‍ ഒക്കെയുള്ള ഒരു തക്കുടു. അവന്‍ അവിടെ കിടന്നു വിളിച്ചു കൂവിയതില്‍ ഒന്നും മുഴുവനായി കേള്‍ക്കാന്‍ പറ്റാത്തത് കൊണ്ട് എനിക്കൊരു ചുക്കും മനസിലായില്ല, എങ്കിലും പയ്യന്‍ ഇംഗ്ലീഷില്‍ പുലിയാണ് എന്ന് തോന്നി പോയി.

എങ്ങനാ പുലി അല്ലാതിരിക്കുക? വലല്യക്കാട്ടെ വീടും മുറ്റത്തൊരു കാറും ഒക്കെയുണ്ട്. പഠിക്കുന്നത് ഇംഗ്ലീഷ് മീഡിയം തന്നെ. ഞാന്‍ ഉറപ്പിച്ചു.. എന്നാലും ഇവനൊക്കെ വീട്ടില്‍ എങ്കിലും മലയാളം പറഞ്ഞുകൂടെ? ഭാഷയെ നശിപ്പിക്കാനായി കുറെ എണ്ണം ഇറങ്ങി തിരിക്കും. മക്കളെ ഇംഗ്ലീഷ് മീഡിയത്തില്‍ പഠിപ്പിച്ചില്ലെങ്കില്‍ ഒരു വിലയും ഉണ്ടാവില്ല എന്നൊക്കെയാ ഇവിടെ ചിലരുടെ ധാരണ. ഇത്തരക്കാരുടെ മക്കളില്‍ പലര്‍ക്കും പൊതുവിജ്ഞാനം എന്നൊരു സംഗതി ഉണ്ടാവാറില്ല എന്നതൊരു പരമമായ സത്യമാണ്. നാല് പേര് കൂടി നില്‍ക്കുന്നിടത്ത് എങ്ങനെ പെരുമാറണം എന്നും അറിയില്ല.

അങ്ങനെ കടുത്ത ഭാഷയില്‍ മനസ്സില്‍ കുറെ വിമര്‍ശനങ്ങളുമായി ആ വഴിയങ്ങനെ നടന്നു പോയി. നടക്കാവ് വണ്ടിപേട്ടയില്‍ ഒജിന്‍ ബേക്ക് ന്റെ മുന്‍പിലായി ഒരു പാനി പൂരി കച്ചവടമുണ്ട്‌, അവിടെ നിന്നും ഒരു കിടിലം മസാല പൂരി കഴിച്ചു തിരിച്ചങ്ങനെ നടന്നു വരുമ്പോള്‍ പയ്യന്‍ ദേ  വീണ്ടും അവിടെ കിടന്നു ബഹളം വെക്കുന്നു. അവനെ കണ്ടപ്പോഴേ അവന്‍ എന്താ പറയുന്നത് കേള്‍ക്കണം എന്ന ഒരൊറ്റ ഉദ്ദേശവുമായി ഞാന്‍ മുന്നോട്ടു നടന്നു. സ്വാഭാവികമായും നടത്തത്തിന്റെ വേഗം ഞാന്‍ കുറച്ചു. ( ശരിക്കും കേള്‍ക്കണ്ടേ ?) പോരാത്തതിന് വെറുതെ അവിടെ ചുറ്റി കളിക്കുന്നത് ആരും ശ്രദ്ധിക്കാതെ ഇരിക്കാന്‍ മൊബൈല്‍ എടുത്തു ചെവിയോടു ചേര്‍ത്ത് വെച്ചു. (what an idea സര്‍ജി..)

"I study you food give.." പയ്യന്‍ അടച്ചിട്ട വാതിലിനു മുന്നില്‍ നിന്നും പറയുകയാ..
വാക്കുകളില്‍ എന്തോ ഒരു പന്തികേട്‌ തോന്നി.. വീണ്ടും ശ്രദ്ധിച്ചു .. "open door, I study you food give"
ഒരൊറ്റ നിമിഷം കൊണ്ട് മനസിലെ പുലി എലിയായി.
"നീ രണ്ടക്ഷരം മര്യാദക്ക് പഠിച്ചിട്ടു കയറിയാല്‍ മതി" എന്നൊരു കിളിമൊഴി വീടിനകത്ത് നിന്നും വന്നു. മിക്കവാറും അവന്റെ ചേച്ചിയായിരിക്കും, എന്തായാലും അമ്മയാവാന്‍ വഴിയില്ല. തന്നെയുമല്ല ആ വീട്ടില്‍ മുന്‍പൊരു തരക്കേടില്ലാത്ത പെണ്‍കുട്ടിയെ ഞാന്‍ കണ്ടിട്ടുമുണ്ട്. ചേച്ചി തന്നെ ഞാന്‍ ഉറപ്പിച്ചു.

ഇപ്പോള്‍ കാര്യങ്ങള്‍ ഏകദേശം വ്യക്തമായി.. പാവം പഠിക്കുന്നത് മലയാളം മീഡിയം തന്നെ.. എന്നാലും നന്നായി ഇംഗ്ലീഷ് സംസാരിക്കാനുള്ള തീക്ഷ്ണമായ ആഗ്രഹം ഉള്ളില്‍ ഉള്ളത് കൊണ്ടാവാം മുറി ഇംഗ്ലീഷില്‍ എന്തൊക്കെയോ മുന്‍പ് പുലമ്പിയത്. അതുകൊണ്ട് തന്നെയാവാം അവന്‍ കുറച്ചു മുന്‍പ് പറഞ്ഞ കാര്യങ്ങളില്‍ എനിക്കൊരു തുമ്പും വാലും കിട്ടാതെ പോയതും. ഞാന്‍ മെല്ലെ അവിടെ നിന്നും പോന്നു.

എന്തൊക്കെ ഉണ്ടായിട്ടെന്താ? വലല്യക്കാട്ടെ വീടും കാറും..  എന്തൊക്കെയായിരുന്നു? പയ്യനെ വല്ല ഇംഗ്ലീഷ് മീഡിയത്തിലും വിട്ടു പഠിപ്പിച്ചു കൂടായിരുന്നോ? ഇപ്പോഴത്തെ കാലത്ത് മിനിമം നല്ലൊരു സ്കൂളില്‍ എങ്കിലും മക്കളെ ചേര്‍ത്തി പഠിപ്പിക്കണം അല്ലെങ്കില്‍ ഒരു വിലയും ഉണ്ടാവില്ല, മക്കള്‍ക്കും എങ്ങനെ പെരുമാറണം എന്നോ എങ്ങനെ സംസാരിക്കണം എന്നോ അറിയില്ല..  ഞാന്‍ ഓര്‍ത്തു.  പാവം ഒന്നുമില്ലെങ്കിലും ആ വാതില്‍ എങ്കിലും തുറന്നു കൊടുക്കാമായിരുന്നു..

ഇതെന്റെ ഇരട്ട താപ്പു ചിന്തയാണോ? അറിയില്ല .. എന്തായാലും ഞാന്‍ ഓഫീസില്‍ തിരിച്ചെത്തി. അമുല്‍ ബേബിയെ കുറിച്ചൊരു പോസ്റ്റും ഇട്ടു. ഭാഗ്യവാനായ അമുല്‍ ബേബി.

വാല്‍കഷ്ണം: I ( ഞാന്‍  ) study ( പഠിക്കുക  ) you ( നീ/നിങ്ങള്‍  ) food ( ഭക്ഷണം ) give ( തരൂ ), ഞാന്‍ പഠിക്കാം നിങ്ങള്‍ ഭക്ഷണം തരൂ എന്നായിരിക്കാം പാവം ഉദ്ദേശിച്ചത്.  ഇങ്ങനെ ഇംഗ്ലീഷില്‍ സംസാരിക്കാന്‍ ശ്രമിക്കുന്നതാണോ നമ്മുടെ മക്കള്‍ നല്ല ഇംഗ്ലീഷ് പഠിക്കാതിരിക്കാന്‍ കാരണം? അതും അറിയില്ല.

>ശുഭം<

11 comments:

  1. ഇതാണല്ലേ.. വരാന്‍ കിടക്കുന്നതെ ഉള്ളൂ എന്ന് പറഞ്ഞത്... :)

    ReplyDelete
    Replies
    1. അല്ല.. അത് വേറെ തന്നെ വരും. ഇത് കുറച്ചു മുന്‍പൊരു ത്രെഡ് കിട്ടിയപ്പോള്‍ എഴുതിയതാ..

      Delete
    2. അപ്പൊ ഇനിയും ഉണ്ടോ പോരട്ടെ.. ഞാന്‍ ഒരു ഫീനിക്സ് പക്ഷിയുടെ ചിറകിലേറി വന്നോളം..

      Delete
  2. അവസാനം പച്ച മലയാളത്തില്‍ വല്ലതുംപറഞ്ഞോ പയ്യന്‍സ്.. :)

    ReplyDelete
    Replies
    1. അത് കേള്‍ക്കാന്‍ ഞാന്‍ അവിടെ നിന്നില്ല..

      Delete
  3. എന്റെ വിനായകാ
    ഇന്നത്തെ കാലത്ത് അല്‍പ്പം
    ആംഗലേയം ഇല്ലങ്കില്‍ സംഗതി
    കട്ടപ്പുകയാനെന്ന കാര്യം ആര്‍ക്കാ
    അറിയാന്‍ വയ്യാത്തെ അതായിരിക്കാം
    ആ ചേച്ചിയുടെ വേവലാതി. പിന്നെ ഈ
    ഇരട്ട ചിന്താഗെതി അത് നല്ലതല്ല കേട്ടോ!
    ഏതായാലും കറന്റു കട്ടുണ്ടായത്
    ഇത്തരം ഒരു ത്രേഡിന് വക നല്‍കി
    എന്തായാലും സംഭവം അടിപൊളിയാക്കി
    കൊള്ളാം പോരട്ടെ മേല്‍പ്പറഞ്ഞ സംഗതികളും
    ചിറകിലേറി തന്നെ പോരട്ടെ :-)

    ReplyDelete
    Replies
    1. എല്ലാത്തിനും രണ്ടു വശങ്ങള്‍ ഇല്ലേ മാഷേ? രണ്ടു വശത്ത് നിന്നും ചിന്തിച്ചു എന്ന് മാത്രം. അല്ലെങ്കില്‍ പിന്നെ ഞാനും ഇപ്പോഴത്തെ രാഷ്ട്രീയ നേതാക്കളും തമ്മില്‍ ഏതാ വ്യത്യാസം?
      പിന്നെ വേറൊരു കാര്യം.. 'വിനകള്‍ തീര്‍പ്പവന്‍ വിനായകന്‍ ' അതെന്റെ അച്ഛന്‍ ആണ്..
      ഞാന്‍ സംഗീത്.. നല്ല പേര് അല്ലെ ? അതിനെ കുറിച്ചൊരു പോസ്റ്റ്‌ വരുന്നുണ്ട്.

      Delete
  4. വിശന്നു പോരിഞ്ഞപ്പോള്‍ അവന്‍ നല്ല 'പച്ചമലയാളം' പറഞ്ഞു കാണും. ഹ ഹ

    ReplyDelete
    Replies
    1. mikkavaarum vallathum paranju kaanum.. athinu munpu njan escape aayi. :P

      Delete
  5. ഒരു മലയാളി ആയിപ്പോയതിന്റെ ഗതികേട് ......:)

    ReplyDelete
  6. മലയാളി ആയി പോയതല്ല ഗതികേട്.. മലയാളികള്‍ ഇങ്ങനെയൊക്കെ ആയി പോയതാണ് ഗതികേട്. അല്ലാതെ എന്താ പറയാ??

    ReplyDelete