ആദ്യ ശബരിമല യാത്ര...

ഇനിപ്പോ കുറച്ചു ശബരിമല വിശേഷം പറയാം ല്ലേ.. ?

അപ്പൊ.... കഥ ഇങ്ങനെയാണ്...

തുലാം മാസം ഒന്നാം തീയ്യതി മുതല്‍ അമ്പതു ദിവസത്തെ വ്രതമെടുത്താണ് മല കയറാന്‍ തയ്യാറായത്, അതില്‍ തന്നെ എത്രയോ ദിവസങ്ങളില്‍ രാവിലെ എഴുന്നേല്‍ക്കാന്‍ വൈകുകയും, അമ്പലത്തില്‍ പോകാന്‍ പറ്റാതിരിക്കുകയും ചെയ്തിട്ടുണ്ട്. എങ്കിലും നാല്‍പ്പത്തിയൊന്ന് ദിവസത്തെ വ്രതം മതിയെന്നത് കൂടുതല്‍ എടുത്ത ദിവസങ്ങള്‍ കൊണ്ട് അഡ്ജസ്റ്റ് ആയിട്ടുണ്ടാകും എന്ന് കരുതുന്നു. ;)

കെട്ടുനിറയ്ക്ക് മുന്‍പായി വേണ്ടപ്പെട്ടവരെയൊക്കെ ഫോണില്‍ വിളിക്കുകയും, ചിലരെ നേരില്‍ കാണുകയും ഒക്കെ ചെയ്തിരുന്നു. അഞ്ചാം തീയ്യതി ഉച്ചയ്ക്ക് പന്ത്രണ്ടരയോട് കൂടി ഞാനും കമലേട്ടനും, ന്‍റെ കൂടെയുള്ള കന്നി സ്വാമി അദ്വൈതും, അഭിയും ലക്ഷോറും സൂരജും, വൈരാഗി മഠം അമ്പലത്തില്‍ വെച്ച് കെട്ടുനിറച്ചു. സുധമ്മയും അമ്മമ്മയും ചേച്ചിയും വന്നിരുന്നു കെട്ടുനിറയ്ക്ക്. :)

പത്തു പേരടങ്ങുന്ന ഞങ്ങളുടെ സംഘവുമായി പുതിയമ്പലത്ത് നിന്നും 'വിവേകാനന്ദ'യുടെ ബസ് പുറപ്പെട്ടത്‌ ഏകദേശം നാലര മണിയോട് കൂടി. ശരണം വിളികളോടെ യാത്ര. അതിനിടയില്‍ എനിക്ക് ചെറിയൊരു 'പനി' അതൊരു പണിയാകും എന്ന് കരുതിയെങ്കിലും ഗുരുവായൂര്‍ എത്തിയപ്പോഴേക്കും പനി കുറഞ്ഞു. ഗുരുവായൂര്‍ മുന്‍പ് പോയപ്പോള്‍ ഉള്ളത് പോലെയല്ല, എളുപ്പത്തില്‍ ദര്‍ശനം കിട്ടി.

അവിടെ നിന്നും പുലര്‍ച്ചെ പോയത് തൃപ്പയാര്‍ അമ്പലത്തിലേക്ക്.. പിന്നെ കൊടുങ്ങല്ലൂര്‍... ചോറ്റാനിക്കരയില്‍ ദേവിയെ വലം വെയ്ക്കുന്ന സമയത്താണ് കമലേട്ടന്‍ മ്മടെ 'സില്‍മാ നടന്‍ പ്രഭുദേവയെ' കാണിച്ചു തന്നത്.. 'R. Rajkumar' റിലീസിംഗ് ആയത് കൊണ്ട് നൂറുകോടി ക്ലബില്‍ വരാന്‍ പ്രാര്‍ത്ഥിക്കാന്‍ വന്നതാണെന്ന് തോന്നുന്നു. എല്ലാവരും മുണ്ട് ധരിച്ചു കയറുന്ന അമ്പലത്തില്‍ പുള്ളി മാത്രം എങ്ങനെ പാന്‍റ്സ് ധരിച്ചു കയറി എന്ന് പിടികിട്ടുന്നില്ല. ഇനീപ്പോ വി വി ഐ പികള്‍ക്ക് ദേവിയുടെ നിയമങ്ങളില്‍ വ്യത്യാസം ഉണ്ടോ എന്തോ... !! എന്തായാലും ന്‍റെ കയ്യെത്തും ദൂരത്ത് വെച്ച് ഞാന്‍ പുള്ളിയെ കണ്ടു. :D

പിന്നെ വൈക്കത്തേക്ക്, അവിടെ നിന്നും കടുത്തുരുത്തി, പിന്നെ ഏറ്റുമാനൂര്‍... ഏറ്റുമാനൂര്‍ അമ്പലത്തില്‍ വെച്ച് കെടാവിളക്കില്‍ നിന്നും കരിയെടുത്ത് കണ്ണെഴുതുമ്പോള്‍, ഞാന്‍ സാധാരണ എഴുതാറുള്ളത് പോലെ, നന്നായങ്ങെഴുതി. പിന്നെ എരിഞ്ഞിട്ട് വയ്യെന്നായി.. എല്ലാവരും കണ്‍പോളയില്‍ എഴുതിയപ്പോള്‍ ഞാന്‍ കണ്ണില്‍ തന്നെ എഴുതിയത് കൊണ്ടാണെന്ന് തോന്നുന്നു. ഒരു നിമിഷം സംഭവം ഫ്യൂസടിച്ച് പോയോ എന്ന് വരെ ചിന്തിച്ചു പോയി.. കൂടെ ഉണ്ടായിരുന്ന ആദര്‍ശ് സ്വാമിയുടെ കയ്യില്‍ പിടിച്ചാണ് ഒരു വിധം അവിടെ നിന്നും മാറി നടന്നത്.. ശിവനെ കണ്ടത് തന്നെ അവ്യക്തമായിട്ട്..

ഏറ്റുമാനൂര്‍ നിന്നും നേരെ പോയത്.. എരുമേലിക്ക്. അവിടെ പേട്ടതുള്ളി. കാലില്‍ 'Knee pad' ഒക്കെ ധരിച്ചിരുന്നത് കൊണ്ട്, നീര് വന്നതൊന്നും ഒരു വിഷയമായില്ല. വേദനയൊക്കെ ഏതോ വഴിക്ക് പോയി.. പിന്നെ പേട്ടതുള്ളാന്‍ സമയത്ത് തേച്ച ചായങ്ങളൊക്കെ കളയാന്‍ ഒന്ന് കുളിച്ചു. [ ഹ്മം.. ശരിക്കും.. :p ]

എരുമേലിയില്‍ നിന്നും പമ്പയിലേക്ക്.. അവിടെ കുളിയും ബലിതര്‍പ്പണവും കഴിഞ്ഞ് മല കയറാന്‍ തുടങ്ങുമ്പോള്‍ സമയം നാലര. യാത്രയില്‍ ഉടനീളം, അനിയത്തിക്കും പിന്നെ, ന്‍റെ പ്രിയപ്പെട്ട മറ്റൊരാള്‍ക്കും ലൈവ് ആയി അപ്ഡേറ്റ് ഒക്കെ കൊടുത്ത് കൊണ്ടിരുന്നു. എങ്ങാനും പുലി പിടിച്ചാല്‍ അതുവരെ ഉള്ള details ഒക്കെ അവരുടെ അടുത്തു കാണുമല്ലോ എന്ന് കരുതി ചെയ്തതാ.. ;)

മല കയറി തുടങ്ങുമ്പോള്‍ സമയം നാലര. എല്ലാവരും പറഞ്ഞ് പേടിപ്പിച്ചത്‌ പോലെയൊന്നുമല്ല മല കയറ്റം. സര്‍വ്വസമ്പന്നനായ അയ്യപ്പനെ കാണാന്‍ പോകുമ്പോള്‍ കോണ്‍ക്രീറ്റ് ചെയ്ത കാനന പാതകളും, നടപ്പന്തലും ഒക്കെ ഉള്ളപ്പോള്‍ യാത്ര ദുസ്സഹമായിരിക്കും എന്ന് പലരും പറഞ്ഞപ്പോഴും ഞാന്‍ വിശ്വസിച്ചില്ല. എന്‍റെ വിശ്വാസം എന്നെ രക്ഷിച്ചു. ഇടയ്ക്ക് ഒരിടത്ത് കുറച്ചു വെള്ളം കുടിക്കാനും, സഞ്ജു വിന്‍റെ വക ഗ്ലൂക്കോസ് കഴിക്കാനും നിന്നതൊഴിച്ചാല്‍ പറയത്തക്ക വിശ്രമവും വേണ്ടി വന്നില്ല. ശരംകുത്തിയില്‍ ശരം കുത്തി. അപ്പാച്ചിമേട്ടില്‍ ഉണ്ടയെറിഞ്ഞു.. പിന്നെയും യാത്ര തുടര്‍ന്നു.. മണിക്കൂറുകള്‍ നീണ്ട ക്യൂ എന്നൊക്കെ പത്രങ്ങളിലും മറ്റും കേട്ട് ഇതൊരു വല്ല്യ പണിയായിരിക്കും എന്ന് കരുതിയിരുന്നുവെങ്കിലും, ആ 'ക്യൂ പണി' പോലും എനിക്ക് കിട്ടിയില്ല.. പേരിന് കുറച്ചു നേരം വരി നിന്നെന്ന് മാത്രം. ഒന്‍പതരയ്ക്ക് മുന്‍പായി പതിനെട്ടാം പടിയും തൊട്ട് വണങ്ങി അയ്യനെ കണ്ടു. പടികളില്‍ അല്പം വഴുക്കല്‍ ഉണ്ടായിരുന്നു എന്നതൊഴിച്ചാല്‍ പടികയറ്റവും അത്ര പ്രയാസമുള്ളതായിരുന്നില്ല. ഞങ്ങളുടെ കൂട്ടത്തിലെ പത്തുപേരില്‍ ഏറ്റവും ആദ്യം പതിനെട്ടാം പടി ചവിട്ടാനുള്ള ഭാഗ്യം എനിക്കായിരുന്നു. :)  അത് കഴിഞ്ഞ് അഭി. ബാക്കിയുള്ളവര്‍ എത്തുമ്പോള്‍ സമയം കുറേ വൈകി..

പിന്നെ, മാളികപുറത്ത് തൊഴുതു. കന്നി സ്വാമി ആയതിനാല്‍ മാളികപ്പുറത്തമ്മയുടെ കോവിലിന് ചുറ്റും തേങ്ങയുരുട്ടാന്‍ ഉണ്ടായിരുന്നു.. എല്ലാം കഴിഞ്ഞ് റൂമില്‍ എത്തി വീണ്ടും മൊബൈല്‍ എടുത്ത് ഞെക്കി കുത്താന്‍ തുടങ്ങി.. ലൈവ് അപ്ഡേറ്റ്സ് കൊടുക്കാന്‍. പിന്നെ കര്‍പ്പൂരാഴി കത്തിക്കുന്നിടത്ത് പോയി., ഭക്ഷണം കഴിച്ചു.. റൂമില്‍ തിരിച്ചെത്തിയപ്പോഴേക്കും അഭിഷേകം കഴിഞ്ഞ് നെയ്യെത്തി., ഓരോരുത്തര്‍ക്കും മൂന്നെണ്ണം വീതം അരവണയും. അതെല്ലാം ട്രാവല്‍സിലെ ഗൈഡ് തന്നെ എത്തിച്ചു തന്നു.

പുലര്‍ച്ചെ നാലരയോടു കൂടെ മലയിറങ്ങി തുടങ്ങി. അതായിരുന്നു യാത്രയിലെ ഏറ്റവും കഠിനമായ ഘട്ടം. കാരണം, അതുവരെ വേദനിക്കാതിരുന്ന ന്‍റെ പരിക്ക് പറ്റിയ കാല്.. നന്നായി വേദനിച്ചു. എന്നെ കൊണ്ട് മലയിറങ്ങാന്‍ കഴിയില്ലാന്ന് കരുതിയ സമയം വരെ ഉണ്ടായിരുന്നു. എന്നിട്ടും എങ്ങനെയോ മലയടിവാരത്തിലെത്തി.
അവിടെ നിന്നും നിലയ്ക്കലേക്ക് KSRTC യില്‍.. പിന്നെ ഞങ്ങളുടെ ബസ്സില്‍ അവിടെ നിന്നും ഏകദേശം പത്തര മണിയോട് കൂടി തിരിച്ചുള്ള യാത്ര.

രണ്ടരയോടു കൂടി മള്ളിയൂര്‍ എത്തി. അവിടെ വെച്ച് മാലയഴിച്ചു. ഭക്ഷണവും കഴിച്ച് നേരെ കോഴിക്കോട്ടേക്ക്. എല്ലാം കഴിഞ്ഞ് റൂമില്‍ തിരിച്ചെത്തുമ്പോള്‍ സമയം രാത്രി 11.15.

യാത്ര ശുഭം.. മംഗളം.. :)

ഇനി അവിടെ നിന്നും പഠിച്ച ഒരു കാര്യം പറയാം.. അയ്യപ്പന്‍ പറഞ്ഞത് 'തത്ത്വമസി' എന്നാണ്. 'അത് നീയാകുന്നു..' എന്ന് വെച്ചാല്‍
നമ്മള്‍ ആരെ തേടി വന്നുവോ.. അത് നാം തന്നെയാണ് എന്ന തിരിച്ചറിവ്.. അതാണ്‌ അവിടെ നിന്നും പകര്‍ന്നു നല്‍കുന്നത്.. ആ അറിവ് നമ്മെ ഏല്‍പ്പിക്കുന്ന ഉത്തരവാദിത്തം വളരെ വലുതാണ്‌.. നമ്മള്‍ തന്നെയാണ് ദൈവം എന്നൊന്ന് സങ്കല്‍പ്പിച്ച് നോക്കൂ.. നമുക്ക് ചുറ്റുമുള്ളവരെ സ്നേഹിക്കാനും, സംരക്ഷിക്കാനും ഒക്കെയുള്ള ബാധ്യത നമുക്കുണ്ടാവില്ലേ.. ? അത് പോലൊന്ന്. പിന്നെ അയ്യപ്പന്‍ രഹസ്യമായി കാതില്‍ പറഞ്ഞ മറ്റൊരു കാര്യമുണ്ട്..

"ഇതുവരെ ഞാന്‍ ക്ഷമിച്ചു.. ഇനിയെങ്കിലും നന്നായാല്‍ നിനക്ക് കൊള്ളാം.." എന്ന്. ഇനീപ്പോ അങ്ങനെയെങ്കിലും ഞാന്‍ നന്നാകുമോ എന്ന് നോക്കട്ടെ. B|

ഡിസംബര്‍!!

ഓ ഡിസംബര്‍!!
നിന്‍റെ കുളിരില്‍ ഞാനെന്‍
മനമൊന്ന് തണുപ്പിക്കട്ടെ..

കുഞ്ഞുനാളിലെ ഓര്‍മ്മകളിലൂടെ
മെല്ലെയൊന്ന് യാത്ര പോവട്ടെ..
പിന്നിട്ട വഴികളെ,
പങ്കിട്ട സൌഹൃദങ്ങളെ,
സുഖമുള്ള നോവുകളെ,
കരോള്‍ ഗാനങ്ങളെ,
ഒന്നോര്‍ത്തെടുത്തോട്ടെ...

ഡിസംബര്‍.. നീ എനിക്ക്
പ്രിയമുള്ളതാകുന്നു..
മറ്റേത് മാസത്തെക്കാളും..

_San_

റെഡ്ഢി റാണിയും, റെഡ്ഢി ശേഖറും.

ഓര്‍മ്മകളെ അതേപടി പകര്‍ത്തി വെക്കുക എന്നതിനോളം ശ്രമകരമായൊരു ജോലി വേറെയില്ല.  എങ്കിലും, മനസ്സില്‍ മായാതെ കിടക്കുന്ന ചില ഓര്‍മ്മകള്‍ക്ക് രണ്ടു കുരുന്നു കുട്ടികളുടെ മുഖം കൂടിയുണ്ടാകുമ്പോള്‍ അത് പങ്കുവെക്കുന്നതും ഒരു സുഖമാണ്. ഒരുപക്ഷേ, പറഞ്ഞറിയിക്കാന്‍ കഴിയാത്തൊരു സുഖം.

റെഡ്ഢി റാണിയും, റെഡ്ഢി ശേഖറും. 

ഞാന്‍ ഏഴിലോ എട്ടിലോ പഠിക്കുന്ന സമയത്ത്, ഏതോ ഒരു ഞായറാഴ്ച്ച ദിവസം.. വാതില്‍ക്കല്‍ ഒരു മുട്ട് കേട്ടപ്പോള്‍ പോയി നോക്കവെ, ഒരൊന്‍പതു വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പയ്യന്‍ വാതില്‍ക്കല്‍ വന്നു നില്‍ക്കുന്നു. ഒരു കുപ്പി നീട്ടി കാണിച്ചിട്ട് കുറച്ച് വെള്ളം വേണമെന്ന് പറഞ്ഞു. കണ്ടാല്‍ ഒരു നാടോടിപ്പയ്യന്‍, എന്നാല്‍ മുഷിഞ്ഞതെങ്കിലും വില കൂടിയതെന്ന് അനുമാനിക്കാവുന്ന വസ്ത്രങ്ങള്‍.. ആ കുപ്പി നിറയെ പച്ചവെള്ളം നിറച്ച് കൊടുത്ത് പറഞ്ഞയച്ചു. അന്ന് വൈകുന്നേരം തന്നെ ടൌണിലേക്ക് എന്തോ ആവശ്യത്തിനു പോയി തിരിച്ചു വരവേ ഈ പയ്യനെയും കൂടെ അവന്‍റെ അച്ഛനെയും അനിയത്തിയെയും കണ്ടു. ചപ്പ് കൊട്ടായില്‍*  രണ്ടു മൂന്നു ചാക്കുകള്‍ വിരിച്ച് അതിലിരുന്നു ഭക്ഷണം പങ്കുവെച്ച് കഴിക്കുന്നു. ഞാന്‍ വീട്ടില്‍ ചെന്നു കയറിയപ്പോള്‍ അമ്മയും അപ്പുറത്തെ വീട്ടിലെ സുബുവാത്തയും, സെയ്ദാക്കയും ഒക്കെ ഇവരെ കുറിച്ച് ചര്‍ച്ച ചെയ്യുന്നു. രാവിലെ വീട്ടില്‍ വന്നു വെള്ളം വാങ്ങിക്കൊണ്ട് പോയ അവന്‍റെ പേര്

റെഡ്ഢി ശേഖര്‍ എന്നായിരുന്നു. അനിയത്തിയുടെ പേര് റെഡ്ഢി റാണി. സെയ്ദാക്കയ്ക്ക് നന്നായി തമിഴും തെലുങ്കും ഹിന്ദിയും ഒക്കെ അറിയാം. അങ്ങനെ ചോദിച്ചു മനസിലാക്കിയതാണ് പേരും നാടുമൊക്കെ. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വെള്ളം വാങ്ങാന്‍ വരുമ്പോള്‍ തിളപ്പിച്ചാറിയ കരിങ്ങാലിയും മറ്റും കൊടുത്തു വിടാന്‍ തുടങ്ങി. അമ്മയും സുബുവാത്തയും വീട്ടില്‍ എന്തെങ്കിലും ഉണ്ടാക്കുമ്പോള്‍ ഒരു പങ്കു അവര്‍ക്കും കൊടുക്കാന്‍ തുടങ്ങി. ഇടയ്ക്ക് റെഡ്ഢി ശേഖര്‍ എന്‍റെ കയ്യില്‍ നിന്ന് വെള്ള പേപ്പറുകളും മറ്റും വാങ്ങിക്കൊണ്ട് പോകാറുണ്ടായിരുന്നു., അതില്‍ അവന്‍റെ പേരെല്ലാം എഴുതി തിരിച്ചു കൊണ്ടുവരും.. സാധാരണ നാടോടികുട്ടികള്‍ക്ക് ഇല്ലാത്ത ശീലമാണ് എഴുത്തും വായനയും. നിര്‍ബന്ധിച്ചാല്‍ പോലും അവര്‍ക്ക് അതിനൊന്നും താത്പര്യം കാണില്ല. അതുകൊണ്ട് തന്നെ ഇവരുടെ ഈ പ്രവര്‍ത്തി ഞങ്ങള്‍ക്ക് കൌതുകമായിരുന്നു. വൈകുന്നേരങ്ങളില്‍ ചിലപ്പോഴൊക്കെ ചപ്പ് കൊട്ടായില്‍ അവരുടെ അടുക്കല്‍ പോയി നില്‍ക്കും. അങ്ങനെ ഒരു ദിവസം അവരുടെ കൂടെ നില്‍ക്കവെ, അവരുടെ അച്ഛന്‍ അവര്‍ക്ക് ഞാന്‍ കൊടുത്ത പേപ്പറുകളില്‍ ഓരോന്ന് എഴുതി പഠിപ്പിക്കുന്നത്‌ കാണാനിടയായി.. സത്യത്തില്‍ അതൊരു പുതിയ അനുഭവമായിരുന്നു ഞങ്ങള്‍ക്ക്. ഇംഗ്ലീഷും തെലുങ്കും (തെലുങ്ക് തന്നെയാണോ എന്ന് അത്ര ഉറപ്പില്ല, എങ്കിലും അത് തന്നെ ആവാനാണ് സാധ്യത.) ഒക്കെ നല്ല വടിവൊത്ത കയ്യക്ഷരത്തില്‍ പുള്ളി എഴുതുന്നത് കണ്ടപ്പോള്‍ അതിശയം തോന്നി. റെഡ്ഢി ശേഖര്‍ സുബുവാത്തയുടെ വാതില്‍ക്കല്‍ വന്നുനിന്ന് ഇടയ്ക്കിടെ പ്യാജ് പ്യാജ് എന്ന് പറയും, ആര്‍ക്കും മനസ്സിലായില്ല. ഹിന്ദി ക്ലാസ്സില്‍പ്പോയി തുടങ്ങിയ സമയമായതു കൊണ്ട് എനിക്ക് വേഗം പിടികിട്ടി അവന്‍ ഉള്ളിക്ക് വേണ്ടിയാണ് പറയുന്നതെന്ന്. പച്ച ഉള്ളി അതേപടി കഴിക്കാന്‍ അവനു വല്ല്യ ഇഷ്ടമായിരുന്നു.. അതുപോലെ അവന്‍റെ കുഞ്ഞനിയത്തിക്കും. രണ്ടുപേരും സ്നേഹത്തോടെ അതെല്ലാം ആസ്വദിച്ച്, പങ്കുവെച്ചു കഴിക്കുന്നത്‌ കാണുമ്പോള്‍ നമ്മുടെ മനസ്സിലും ഒരു സന്തോഷം. പൊതുവേ നാടോടിക്കൂട്ടങ്ങളില്‍ കാണുന്നത് പോലെ കള്ളും കഞ്ചാവും കഴിച്ച് മക്കളെ ഉപദ്രവിച്ച് നടക്കുന്ന കൂട്ടത്തില്‍ ആയിരുന്നില്ല അവരുടെ അച്ഛന്‍. അതുകൊണ്ട് തന്നെ അദ്ദേഹത്തോടും ഞങ്ങള്‍ക്ക് നല്ല മതിപ്പായിരുന്നു. 

അവര്‍ മൂന്നുപേരോടുമുള്ള ഇഷ്ടം കൂടവേ, പല സമയങ്ങളിലായി അവരെ കുറിച്ച് കൂടുതല്‍ ചോദിച്ചു മനസ്സിലാക്കി. ആന്ധ്രയിലും ഒഡീഷയിലും ഇപ്പോഴുള്ളത് പോലെ, മുന്‍പൊരിക്കല്‍ വന്ന പ്രളയത്തിന്‍റെയും മറ്റു പ്രകൃതിദുരന്തങ്ങളുടെയുമെല്ലാം ബാക്കിപത്രമാണ് അവരുടെ ജീവിതം. നാട്ടില്‍ കൃഷി ചെയ്യാന്‍ ഏക്കറുകണക്കിന് ഭൂമിയും, സ്വത്തും, വീടും എല്ലാം ഉണ്ടായിരുന്ന ഒരു ധനികനായിരുന്നു അവന്‍റെ അച്ഛന്‍. അമ്മയ്ക്ക് എന്തോ അസുഖം ഉണ്ടായിരുന്നു.. കുറേ കാശെല്ലാം ചിലവഴിച്ച് ചികിത്സിച്ചുവെങ്കിലും അതെല്ലാം വിഫലമായി. അതുപോലെ തന്നെ, വെള്ളപ്പൊക്കത്തില്‍ കൃഷി നശിക്കുകയും വീടും അത് നിന്നിടവുമെല്ലാം ജനവാസയോഗ്യമല്ലാതാവുകയും ചെയ്തു. പിന്നെ പലയിടങ്ങളില്‍ കറങ്ങിത്തിരിഞ്ഞ് ഒടുക്കം വന്നു ചേര്‍ന്നതാണ് വയനാട്ടില്‍. 

രണ്ടുമാസത്തോളം അവര്‍ ഞങ്ങളുടെ അവിടെ ഉണ്ടായിരുന്നു. ആയിടയ്ക്ക് എന്‍റെ പഴയ ഒന്നുമെഴുതാത്ത നോട്ട്ബുക്ക്സ് എല്ലാം അവനെടുത്ത് കൊടുക്കുമായിരുന്നു അമ്മ. എന്തെങ്കിലുമൊക്കെ എഴുതി പഠിക്കാന്‍. പിന്നെ കുറേക്കഴിഞ്ഞപ്പോള്‍ അവര്‍ അവിടം വിട്ടു പോയി.. എങ്ങോട്ട് എന്നൊന്നും അറിഞ്ഞില്ല.. റിപ്പണ്‍ ഭാഗത്ത് എവിടേക്കോ ആണ് പോയതെന്ന് പിന്നീടറിഞ്ഞു.  മനസ്സിന് ഒരുപാട് സന്തോഷം തോന്നിയത് മറ്റൊരുകാര്യം അറിഞ്ഞപ്പോഴാണ്, റെഡ്ഢി റാണിയും, റെഡ്ഢി ശേഖറും ഏതോ സ്കൂളില്‍ പഠിക്കുന്നു എന്ന് കേട്ടപ്പോള്‍. അവരെ വെറുമൊരു നാടോടി കുട്ടികളായി വളര്‍ത്താന്‍ ആ അച്ഛന് കഴിയുമായിരുന്നില്ല.. മനസ്സില്‍ സന്തോഷവും ബഹുമാനവും എല്ലാം തോന്നി അദ്ദേഹത്തോട്. അറിഞ്ഞത് സത്യമാണെങ്കില്‍ ഇന്നും ചുണ്ടയിലെ ഏതോ കോണ്‍വെന്റില്‍ നിന്ന് കൊണ്ട് റെഡ്ഢി റാണി പഠിക്കുന്നുണ്ടാവണം.

__
ആന്ധ്രയിലെയും
ഒഡീഷയിലെയും ഇപ്പോഴത്തെ അവസ്ഥകളെ കുറിച്ച്ബ്ലോഗ്ഗര്‍ സുഹൃത്തായ ഷിറാസ് ഇക്ക ഒരു പോസ്റ്റ്‌ ഇട്ടപ്പോഴാണ് ഇവരെ കുറിച്ച് വീണ്ടും ഓര്‍മ്മ വന്നത്. അപ്പോള്‍ മുതല്‍ എഴുതണം എന്ന് കരുതിയെങ്കിലും, അവരെ കുറിച്ചുള്ള ഓര്‍മ്മകള്‍ എന്നെയും എന്‍റെ പ്രിയനാട്ടിലേക്ക് തിരിച്ചുവിളിച്ചുകൊണ്ടിരുന്നതിനാല്‍ വൈകിപ്പോയി.. ചപ്പ് കൊട്ടായിയും പാടിയിലെ റൂമും.. മന്‍സൂറും റാഷിയും കുഞ്ഞാപ്പുവും യൂനസും, സുബുവാത്തയും (സുബൈദ), നാട്ടുകാര്‍ സ്നേഹത്തോടെ ചെറുക്കാക്കാ എന്ന് വിളിക്കുന്ന സെയ്ദാക്കയും, സുബുവാത്തയുടെ മകന്‍ കുഞ്ഞാവയും, കുഞ്ഞിമ്മയെന്നു മറ്റുള്ളവരും കുഞ്ഞാമാന്ന് ഞാനും വിളിക്കുന്ന അവരുടെ മകള്‍ ഫസീലയും... അങ്ങനെ അങ്ങനെ ഓരോരുത്തരെയും മനസ്സില്‍ കണ്ടുപോയി.. എഴുതുന്ന ഓരോ നിമിഷവും... എല്ലാവരെയും വീണ്ടും കാണണം എന്ന് തോന്നി. അവര്‍ക്ക് വേണ്ടി മാത്രം ഒരുപാടു സമയം ചിലവഴിക്കാന്‍ കഴിയുന്ന നേരത്ത് വീണ്ടും ചുരം കയറണം. ആ മണ്ണില്‍ ജീവിച്ചു മരിക്കണം. ആ വയനാടന്‍ മണ്ണില്‍ എന്‍റെ പിന്‍ഗാമികള്‍ വളരണം.

നിര്‍ത്തുന്നു.ഓഗസ്റ്റ്‌ 27

ചില ദിനങ്ങള്‍.. ഓര്‍മ്മകള്‍.. അതങ്ങനെയാണ്.. സുഖമാണോ ദുഃഖമാണോ പകരുന്നത് എന്നറിയില്ല. എങ്കിലും നിര്‍ജ്ജീവമായ ചില വികാരങ്ങള്‍ എപ്പോഴും സമ്മാനിച്ചു കൊണ്ടേ ഇരിക്കും. ഒരുപാട് പേര്‍ക്ക് മുന്നില്‍ ഒരു ചോദ്യചിഹ്നമായി ഒട്ടേറെ രഹസ്യങ്ങള്‍ ഒളിപ്പിച്ച് വെച്ച് ജീവിച്ചു മരിക്കാന്‍ എനിക്ക് തീരെ ഇഷ്ടമില്ല.. ഓണ്‍ലൈന്‍ സൗഹൃദം എന്നോ ഓഫ്‌ലൈന്‍ സൗഹൃദം എന്നോ വേര്‍തിരിവില്ലാതെ എന്‍റെ സുഖവും ദുഃഖവും എല്ലാം ഞാന്‍ നിങ്ങളോട് പങ്കുവെച്ചിട്ടുണ്ട്. അതില്‍ പലരോടും വ്യക്തമായ ഉത്തരം നല്‍കാതെ ഒഴിഞ്ഞുമാറിയതും പറയാതെ ബാക്കിവെച്ചതുമായ ഒരേയൊരു ചോദ്യം.. ഈ ദിവസത്തിന്‍റെ പ്രത്യേകത.

എന്‍റെ സ്വന്തം വീട്ടില്‍ നിന്നും എന്‍റെ മനസ്സിന് പുറകെ ശരീരവും ഇറങ്ങി വന്നതിന്‍റെ രണ്ടാം വാര്‍ഷികം.. അതിന്നാണ്.. മറ്റൊരു വശം ചിന്തിച്ച് പറഞ്ഞാല്‍ ഇറക്കിവിട്ടതിന്‍റെ രണ്ടാം വാര്‍ഷികം.. നല്ലതെന്നോ ചീത്തതെന്നോ വേര്‍തിരിച്ചു കാണാന്‍ ഞാന്‍ ആഗ്രഹിച്ചിട്ടില്ല ഈ തീരുമാനത്തെ. ഒരിക്കല്‍ തിരിച്ചു ചെല്ലും ഏതായാലും ഇപ്പോഴില്ല.. വയനാട്ടില്‍ ഒരു കുഞ്ഞുകൂട് കൂട്ടിയിട്ട്.. അതുവരെ ഒരു മടക്കയാത്രയില്ല. എന്‍റെ പാത ഞാന്‍ സ്വയം തിരഞ്ഞെടുത്തതാണ്. അതിലെ കല്ലും മുള്ളും അനുഭവിക്കാന്‍ ഞാന്‍ ബാധ്യസ്ഥനാണ്.

ഈ നടപ്പാതയില്‍ താങ്ങായും തണലായും കൂടെ നിന്ന ഒരുപാട് പേരുണ്ട്.. സുഹൃത്തുക്കള്‍. സൌഭാഗ്യങ്ങളുടെ കൂടാരത്തില്‍ നിന്നും നഷ്ടങ്ങളുടെ നിലയില്ലാക്കയത്തിലേക്ക് കാല്‍വെച്ചിറങ്ങുമ്പോള്‍ ഞാന്‍ നഗ്നപാദനായിരുന്നു.. എന്നാല്‍ പണയം വെക്കാത്ത അഭിമാനവും, ജയിക്കാനുള്ള വാശിയും, ജീവിച്ചുകാണിക്കുവാനുള്ള അഭിനിവേശവും കൈമുതലായിരുന്നപ്പോള്‍ വീണിടം വിഷ്ണുലോകമായി മാറി. കയത്തില്‍ നിന്നും കരകയറ്റാന്‍ സ്നേഹനിധികളായ ഒരുപാട് സൌഹൃദങ്ങള്‍ ഉണ്ടായിരുന്നു. പേരെടുത്ത് പറഞ്ഞാല്‍ തൂലികയിലെ മഷി തികയാതെ വരും. പിന്നീടൊരിക്കലും തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. പിന്നിട്ട വഴികളിലെ നഷ്ടങ്ങളെ തോല്‍പ്പിക്കുന്ന വിജയത്തിന്‍റെ കണക്കുപുസ്തകം എഴുതി തുടങ്ങിയത് അവിടെയാണ്.

ചെറുസ്വപ്നങ്ങളും ചിന്തകളുമായി പ്രിയനാടിന്‍റെ ഒരു കോണില്‍ ഒതുങ്ങിക്കൂടാന്‍ ആഗ്രഹിക്കുന്ന ഒരു ചെറുപ്പക്കാരന്‍ ആഗ്രഹിച്ചതിലും അധികം നേടി സ്വയം കെട്ടിപ്പടുത്ത ജീവിതം ആസ്വദിക്കുമ്പോള്‍ അച്ഛനോട് വഴക്കിട്ട് വീട് വിട്ടതിന്‍റെയോ തനിച്ചു താമസിക്കുന്നതിന്‍റെയോ പരിഭവങ്ങളും പരാതിയും തെല്ലും അലോസരപ്പെടുത്തിയിട്ടില്ല. കൂട്ടിനുള്ളത്‌ ആ അച്ഛന്‍ പകര്‍ന്ന് തന്ന എഴുത്തും വിദ്യയും എന്നതും മറക്കുന്നില്ല. എന്‍റെ പേരില്‍ ഒരു 'പാതി' അച്ഛനാണ് എന്നെ ഞാനാക്കിയ മനുഷ്യന്‍. എന്നാല്‍ അതിലേറെ വലുത് എനിക്ക് നിങ്ങള്‍ തന്നെയാണ്.. ഞാനും നിങ്ങളും അടങ്ങുന്ന നമ്മള്‍ ആണ് വലുത്.. എനിക്ക് നിങ്ങളുടെ മുന്‍പില്‍ രഹസ്യങ്ങളില്ല.. കപടനാട്യങ്ങളില്ല. ഈ യാത്ര നിങ്ങളോടൊപ്പം തുടരുക തന്നെ ചെയ്യും. ഈ വീഥിയില്‍.. എനിക്കായ് വെട്ടിയ വീഥിയില്‍ വീഥി തീരുവോളം... ... എന്‍റെ പ്രിയരോടൊപ്പം...

നിറഞ്ഞ സ്നേഹത്തോടെ ...

പൂര്‍വ്വജന്മ സൗഹൃദം..

മുന്‍ധാരണകളെ തിരുത്തുന്നവയാണ്
ചില മുഖങ്ങള്‍
ഒരു സൌഹൃദ സ്പര്‍ശമായ്..
നീറുന്ന പ്രണയത്താല്‍
മുറിവേറ്റ ഹൃദയത്തെ
ആശ്വാസവാക്കുകളാല്‍ തലോടി
പൂര്‍വ്വജന്മ സൗഹൃദം
പുനരാരംഭിക്കുന്ന ചിലര്‍...
__

ഒരു നിശാഗന്ധി പുഷ്പത്തിന് സമര്‍പ്പിക്കുന്നു. :)

സ്വാതന്ത്ര്യദിന ചിന്തകള്‍

ഭാരതീയരായ നാം സ്വാതന്ത്ര്യത്തിന്‍റെ പിറന്നാള്‍ ആഘോഷിക്കുകയാണ്. ആര്‍ഷ ഭാരതത്തിന്‌ സ്വാതന്ത്ര്യം കിട്ടിയിട്ട് 66 വര്‍ഷം തികയുന്നു. ഈ അറുപത്തിയേഴാം സ്വാതന്ത്ര്യദിനത്തില്‍ ഭാരതം കൈവരിച്ച നിരന്തരമായ നേട്ടങ്ങളും, വികസനങ്ങളും, ജനാധിപത്യത്തിന്‍റെ തിളക്കവും നമുക്ക് അഭിമാനിക്കുവാന്‍ വക നല്‍കുന്നു. കൂടാതെ ലോക ഭൂപടത്തില്‍ പൊട്ടലുകളും പിളര്‍പ്പുകളും ഉണ്ടാകുമ്പോഴും ഇന്ത്യ ഇന്നും അഖണ്ഡതയോടെ തല ഉയര്‍ത്തി നില്‍ക്കുന്നു.

ഇത്തരം മധുരിക്കുന്ന ഓര്‍മ്മകള്‍ സ്വാതന്ത്ര്യദിനം നമുക്ക് നല്‍കുമ്പോഴും നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി ആഗ്രഹിച്ചത്‌ പോലുള്ള സ്വാതന്ത്ര്യത്തില്‍ നിന്നും നാം വളരെ അകലെയാണ്. വലിയ ആവേശമില്ലാതെ സ്വാതന്ത്ര്യദിനങ്ങള്‍ ഒരു ചടങ്ങായി ആഘോഷിക്കപ്പെടുന്നു.സ്വാതന്ത്ര്യത്തെക്കുറിച്ച് സ്വപ്‌നങ്ങള്‍ നെയ്തെടുക്കാന്‍ കഴിവില്ലാത്ത, സ്വാതന്ത്ര്യത്തില്‍ നമ്മള്‍ വഹിക്കേണ്ട ഉത്തരവാദിത്ത്വങ്ങളെക്കുറിച്ച് ബോധമില്ലാത്ത  ഒരു ജനതയാണ് നാമിന്ന്.


സ്വാതന്ത്ര്യസമരത്തിന് ഗാന്ധിജി ഒരുക്കിയ മനുഷ്യബന്ധം നാമിന്ന് കാറ്റില്‍ പറത്തി. അധികാര മോഹവും, അഴിമതിയും, സ്വാര്‍ത്ഥ താത്പര്യങ്ങളും മുന്നില്‍ കണ്ടുകൊണ്ട്‌ ആദര്‍ശങ്ങളെ കൈവെടിയുന്നു. ഈ പ്രവണത ഇന്ന് രാജ്യത്തെ വികൃതമാക്കിയിരിക്കുന്നു. ജനാധിപത്യവും മത ഐക്യവും നമ്മള്‍ പ്രഹസനമാക്കിതീര്‍ത്തു. രാജ്യതാത്പര്യങ്ങളെ മനസ്സിലാക്കാനോ വിലമതിക്കാനോ ഇന്ന് നമുക്ക് കഴിയുന്നില്ല.  നാം ഒരു രാഷ്ട്രമായി, ഒരു ജനതയായി രൂപാന്തരപ്പെടേണ്ടത് മനുഷ്യബന്ധത്തിലൂടെയാണ് എന്ന് നാം മനസ്സിലാക്കേണ്ട കാലം കടന്നുപോയിരിക്കുന്നു.


ഈ ദിവസങ്ങളില്‍ നമ്മള്‍ ഓര്‍ക്കേണ്ട പലരുമുണ്ട്. സ്വാതന്ത്ര്യത്തിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച വീരദേശാഭിമാനികളെ, അതിലൂടെ അവരുടെ സ്വപ്ന സാക്ഷാത്കാരത്തിന് വേണ്ടി പ്രയത്നിക്കേണ്ടത് നമ്മുടെ കര്‍മ്മമാണ്‌. 
രാജ്യത്തെ പിളര്‍ക്കാന്‍ നാം അനുവദിക്കരുത്. വിഭജനം ഇല്ലാതാക്കാന്‍, ജനബന്ധം ഊട്ടിയുറപ്പിക്കാന്‍ നമ്മള്‍ തയ്യാറാവണം. കണ്മുന്നില്‍ നടക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ വിലയിരുത്താന്‍ ഓരോ പൌരനും ബാധ്യസ്ഥനാണ്. 

ദൈവം നമ്മുടെ രാജ്യത്തെ രക്ഷിക്കട്ടെ.. ഗാന്ധിസ്മരണകള്‍ നമുക്ക് വഴി കാണിക്കുന്ന നക്ഷത്രങ്ങളാകട്ടെ.. മൂല്യങ്ങള്‍ നമ്മളെ പുതിയ മനുഷ്യരാക്കട്ടെ..!!

ഐക്യം നമ്മുടെ ശക്തി....    കര്‍മ്മം നമ്മുടെ ലക്ഷ്യം

എന്‍റെ എളിയ വാക്കുകള്‍ നമ്മുടെ ധീരദേശാഭിമാനികള്‍ക്ക് സമര്‍പ്പിച്ചു കൊണ്ട്  വിടവാങ്ങട്ടെ... ജയ്ഹിന്ദ്.

__________

നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ സ്കൂളില്‍ സ്വാതന്ത്ര്യദിനത്തില്‍ നടത്തിയ പ്രസംഗമത്സരത്തില്‍ ഞാന്‍ അവതരിപ്പിച്ച പ്രസംഗം. ഞങ്ങളുടെ കുടുംബസുഹൃത്തായ അനിയേട്ടന്‍ എഴുതിതന്നത്. അന്നേ ദിവസം നടന്ന മത്സരത്തില്‍ എനിക്ക് രണ്ടാം സ്ഥാനവും പ്രിയ സുഹൃത്ത് വിഷ്ണുവിന് ഒന്നാം സ്ഥാനവും ലഭിച്ചിരുന്നു. ഇന്നും ഈ വരികള്‍ക്ക് പ്രാധാന്യം ഉണ്ടെന്ന് തോന്നിയതിനാല്‍ പോസ്റ്റ്‌ ചെയ്യുന്നു.. :)-San-

പെങ്ങള്‍ക്കൊരു സമ്മാനം.

     എന്‍റെ ജീവിതത്തിലെ പ്രിയപ്പെട്ട ദിവസങ്ങളുടെ പട്ടികയിലേക്ക് ഒരു ദിനം കൂടി. ഓരോ ദിനവും വിലപ്പെട്ടത്‌ തന്നെയെങ്കിലും ചില ദിവസങ്ങളോട് കൂടുതല്‍ പ്രിയം തോന്നും എന്ന് പറയാതെ വയ്യ. അങ്ങനെ ഒരു ദിനമാണിന്ന്. എന്‍റെ ചേച്ചിക്ക് എന്‍റെ വക ഒരു കുഞ്ഞു സമ്മാനം നല്‍കാന്‍ കഴിഞ്ഞ നാള്‍. ഏറെക്കാലമായുള്ള ഒരു സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടനാള്‍..


ഇനി അവള്‍ക്കൊരു കൂട്ടായി ഇതുണ്ടാവട്ടെ...  എന്‍റെ താഴെ ഇനി കുറച്ച് അനിയത്തിമാര്‍ കൂടെയുണ്ട്, ഏഴെട്ടെണ്ണം.. അവര്‍ക്കും സമയമാകുമ്പോള്‍ ഓരോ സ്കൂട്ടര്‍ വീതം വാങ്ങി നല്‍കണം എന്നുണ്ട്. അനിയന്‍കുട്ടന് ഒരു ബൈക്കും.. സമയമാവട്ടെ.. :)

Fucking Wedding.


ഹെഡിംഗ് കേട്ട് ഞെട്ടണ്ട. പുതിയ കോടതി വിധികളും നാട്ടാരുടെ സംശയങ്ങളും ആധികളും വിമര്‍ശനങ്ങളും ഒക്കെ കേട്ടപ്പോള്‍ ഓര്‍മ വന്നൊരു കഥ പറയാം എന്ന് കരുതി വന്നതാ.. പണ്ട് പണ്ട്.. വളരെ പണ്ട് നാട്ടിലൊക്കെ വിഭവങ്ങള്‍ ഒക്കെ കുറവായിരുന്ന സമയത്ത് ജനനനിരക്ക് നിയന്ത്രിക്കുക എന്നൊരു ഭാരിച്ച ജോലി രാജാക്കന്മാര്‍ക്ക് ഏറ്റെടുക്കേണ്ടി വന്നു. നാടിന്‍റെ ക്ഷേമത്തിനും ഐശ്വര്യത്തിനും ഈ നിയന്ത്രണം കൂടിയേ തീരു എന്നൊരവസ്ഥ സംജാതമായപ്പോള്‍ ഒരു നിയമം കൊണ്ട് വന്നു. എന്തെന്ന് വെച്ചാല്‍, കല്യാണം കഴിഞ്ഞ ദമ്പതികള്‍ക്ക് കുട്ടികള്‍ വേണം എന്നുണ്ടെങ്കില്‍ ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനു രാജാവിന്‍റെ അനുമതി ആവശ്യമാണ്‌ എന്നൊരു നിയമം. മാത്രവുമല്ല, ഇത്തരം അനുമതി കിട്ടിയവര്‍ ആദ്യം ചെയ്യേണ്ടത് സംഭവം നടക്കുന്നിടത്ത് വഴിയില്‍ നിന്ന് നോക്കിയാല്‍ കാണാവുന്ന വിധത്തില്‍ "Fornicating Under the Consent of King' എന്ന് വെണ്ടയ്ക്കാ അക്ഷരത്തില്‍ എഴുതി വെക്കുകയും വേണമത്രേ... [പ്രധാന സംഭവങ്ങള്‍ ഒക്കെ അടച്ചുപൂട്ടി തന്നെയാണെന്ന് കരുതാം.. ബോര്‍ഡ് വെക്കേണ്ടത് പുറത്താണെന്ന് മാത്രം]

FUCK എന്ന വാക്കിന്‍റെ ഉല്പത്തിയെ കുറിച്ചുള്ള പ്രചാരമേറിയ ഒരു കഥ മാത്രമാണിത്. എന്നാല്‍ ഇക്കാലത്തെ സംഭവവികാസങ്ങളെ തട്ടിച്ചു നോക്കുമ്പോള്‍, കോടതി വിധിയും മറ്റും പരിഗണിക്കുമ്പോള്‍ ഇങ്ങനെ നടന്നു കഴിഞ്ഞാല്‍ അത് കല്യാണമായത്രേ.. ചുരുക്കത്തില്‍ പറഞ്ഞാല്‍ Fucking is a kind of Wedding.

വാദങ്ങളും പ്രതിവാദങ്ങളും ഉണ്ടായിക്കൊണ്ടേയിരിക്കും.. എന്നാല്‍ കാലാകാലങ്ങളായി നാം അനുവര്‍ത്തിച്ചു പോരുന്ന കല്യാണം എന്ന പവിത്രമായ ആചാരത്തെയും, നാടിന്‍റെ സംസ്കാരത്തെയും അവഹേളിക്കുന്നതല്ലേ ഈ വിധി എന്ന് കൂടെ ഓര്‍ത്ത്‌ പോവുകയാണ്. മുന്‍കാല പ്രാബല്യത്തോട് കൂടി നിയമം വരാതിരുന്നാല്‍ പലര്‍ക്കും നന്ന്..

_
ലാലേട്ടന്‍ 'ചിത്രം' സിനിമയില്‍ ചോദിക്കുന്നത് പോലെ .. "എത്ര സുന്ദരമായ ആചാരങ്ങള്‍... വേറെയുമുണ്ടോ ??"

Say Thank You.. :-)

നല്ലതെന്തെങ്കിലും പറയാന്‍ ആളുകള്‍ക്ക് മടിയാണ്, അതുപോലെ തന്നെ നല്ല ചിന്തകള്‍ പങ്കുവെക്കുമ്പോള്‍ വാക്കുകള്‍ അടുക്കി വെക്കാന്‍ പ്രയാസവുമാണ്. ഈ ആളുകള്‍ എന്നൊക്കെ വെറുതെ ഒരു രസത്തിനങ്ങു പറഞ്ഞു പോയതാണ്, എന്നെ മാത്രം കണക്കിലെടുത്താല്‍ മതിയാകും. എന്തിനും ഏതിനും സമയമുണ്ട്.. എന്നാല്‍ ആവശ്യത്തിന് മാത്രം കാണില്ല. ഒരു നല്ലവാക്ക് പറയാനോ നല്ല ചിന്തകള്‍ പങ്കുവെക്കുവാനോ ഞാന്‍ ചിലവഴിക്കുന്ന സമയം തുലോം തുച്ഛം.. എങ്കിലും ഇത് പറയാതെ വയ്യ. സത്യത്തില്‍ മുന്‍പൊരിക്കല്‍ പറയാനിരുന്നതാണ്, എന്തോ .. ആയിടയ്ക്കാണ് ബൂലോകത്ത് സജീവമായ ഏരിയല്‍ ഫിലിപ്പേട്ടന്‍റെ 'നന്ദി'യെ കുറിച്ചുള്ള ബ്ലോഗ്‌ വായിച്ചത്. ഞാന്‍ പറയാനിരുന്നതിന് സമാനമായ മറ്റൊരു സംഭവം ഫിലിപ്പേട്ടന്‍ പറഞ്ഞതിനാല്‍ അന്ന് ഞാന്‍ പിന്‍വലിഞ്ഞു.
എന്നാല്‍ ആ സംഭവത്തിന് കാരണമായ വ്യക്തിയെ കാണുമ്പോഴെല്ലാം 'അയ്യോ, ഇതെഴുതിയില്ലല്ലോ ?' എന്നൊരു ചിന്ത വന്നുകൊണ്ടേ ഇരുന്നു. ഇന്ന് ആ മൌനം വെടിയുകയാണ്.

അന്നും ഒരു മഴക്കാലമായിരുന്നു. ജോലി തിരക്കിനിടയില്‍ നിന്നും സുഹൃത്തിനെ ബീച്ചിനു സമീപം വരെ കൊണ്ട് വിടുന്നതിനായി വീഗോയുമായി പുറത്തിറങ്ങി. ചെറുതായി മഴ പൊടിയുന്നുണ്ടായിരുന്നു, കോഴിക്കോട്ടെ പ്രശസ്തമായ CH മേല്‍പ്പാലത്തിന് കുറച്ചപ്പുറം ഉണ്ണിയേട്ടനെ കൊണ്ട് വിട്ടതിന് ശേഷം മടങ്ങാനിരിക്കവേ വണ്ടി വല്ലാതൊന്നു പാളി. ഒരു വശത്തേക്ക് നീക്കി നിര്‍ത്തി ഇറങ്ങി നോക്കിയപ്പോള്‍ പിന്നിലെ ടയര്‍ പഞ്ചറായിരിക്കുന്നു. ഓഫീസില്‍ തിരിച്ചെത്തിയതിന് ശേഷം പിന്നെയും ചില ജോലികള്‍ അവശേഷിച്ചിരുന്നതിനാല്‍ പെട്ടെന്ന് തന്നെ മടങ്ങുകയും വേണം. ഹോട്ടല്‍ നളന്ദക്ക് സമീപം 'കൂര്യാല്‍ ലൈനില്‍' നിന്നും മേപ്പട്ടും നോക്കി പഞ്ചറടയ്ക്കാന്‍ മാര്‍ഗം തേടവേ അടുത്തുണ്ടായിരുന്ന മുറുക്കാന്‍ കടക്കാരന്‍ പാലത്തിനു കീഴ്പ്പോട്ട് വിരലുചൂണ്ടിയിട്ട് പറഞ്ഞു അവിടെ ചെന്നാല്‍ പഞ്ചറടയ്ക്കാമെന്ന്.

ചാറ്റമഴയും കൊണ്ടുകൊണ്ട് വീഗോ ഉരുട്ടിയുരുട്ടി ഒരുവിധം കടയിലെത്തി. കുറച്ച് മുന്‍പേ തന്നെ പഞ്ചര്‍ അടയ്ക്കാന്‍ വന്നൊരാള്‍ അവിടെയുണ്ടായിരുന്നു, ഒരു മദ്ധ്യവയസ്കന്‍.  തിരക്കുകളും ആവശ്യങ്ങളും ദയനീയ മുഖഭാവത്തില്‍ പറഞ്ഞു നോക്കിയപ്പോള്‍ പാവത്തിന് മനസ്സലിഞ്ഞു. ആദ്യം എന്‍റെ വണ്ടി നോക്കിക്കോളാന്‍ പറഞ്ഞു. പോക്കറ്റില്‍ ആകെയുണ്ടായിരുന്നത് വെറും 105 രൂപയാണ്. പാലത്തിനു താഴെ തന്നെ തൊട്ടപ്പുറത്തുള്ള ചായക്കടയില്‍ ചെന്നൊരു കട്ടന്‍ കുടിച്ചപ്പോള്‍ അഞ്ചും തീര്‍ന്നു. തിരിച്ചെത്തിയപ്പോഴേക്കും പണി കഴിഞ്ഞിരുന്നു. എന്നെ കണ്ടയുടന്‍ ഒരു കുഞ്ഞാണിയെടുത്ത് കയ്യിലേക്ക് വെച്ച് തന്നു. ഇവനാണ് പണി പറ്റിച്ചതെന്നു പറഞ്ഞു. അത് കയ്യിലേക്ക് വാങ്ങവേ തികച്ചും ഹാസ്യരൂപേണ "വളരെ നന്ദീണ്ട്" എന്ന് ഞാന്‍ അറിയാതെ പറഞ്ഞു പോയി. ചിരിച്ചു കൊണ്ട് ടയര്‍ തിരിച്ചു ഫിറ്റ്‌ ചെയ്യവേ കയ്യിലുള്ള നൂറു രൂപ നീട്ടിക്കൊണ്ട് ഞാന്‍ ചോദിച്ചു
"എത്രയാ ?"

"ഇപ്പോള്‍ എഴുപതായി, പിന്നെ ട്യൂബ് മാറ്റാനായിട്ടോ.. ഇതൊരു വല്ല്യ ഉറപ്പൊന്നും പറയാന്‍ കഴിയില്ല, അടുത്ത പണി കിട്ടുന്നതിന് മുന്‍പേ മാറ്റണം ട്ടോ" എന്നൊരു മറുപടിയും കിട്ടി.

തിരിച്ചു മുപ്പത് രൂപ തന്നപ്പോള്‍ നിറഞ്ഞ ചിരിയോടെ, വേഗം പണി കഴിഞ്ഞല്ലോ എന്ന ആശ്വാസത്തോടെ 'താങ്ക്യൂ  ചേട്ടാ' എന്ന് പുള്ളിയുടെ മുഖത്ത് നോക്കി പറഞ്ഞു. താങ്ക്യൂ എന്ന് കേട്ടത് കൊണ്ടാവണം തല കുലുക്കി ഒന്ന് ചിരിച്ചു. ഒരു നിമിഷം എന്തോ ഒന്നാലോചിച്ചു നിന്നതിനു ശേഷം എന്‍റെ കയ്യില്‍ നിന്നും ബാലന്‍സ് തന്നതിലെ പത്തു രൂപ തിരിച്ചു വാങ്ങി. മേശയുടെ വലിപ്പില്‍ നിന്നും ഇരുപതു രൂപ എടുത്തു തന്നു. എന്നിട്ട് പറഞ്ഞു "ഇപ്പോഴത്തെ പിള്ളേര്‍ക്ക് താങ്ക്സ് എന്നൊക്കെ പറയാന്‍ മടിയാ, പണി കഴിഞ്ഞാ പൊടീം തട്ടി അവന്മാരങ്ങ്‌ പോകും"

പത്ത് രൂപ കൂടി തിരിച്ചു കിട്ടിയ സന്തോഷത്തില്‍ ഒരു ചിരിയോടൊപ്പം ഒരു താങ്ക്സ് കൂടെ ഞാന്‍ പറഞ്ഞു. തിരിച്ചു ഓഫീസിലേക്ക് വന്നു കൊണ്ടിരിക്കേ മനസ്സ് നിറയെ പുള്ളിയുടെ ചിരിയോടെയുള്ള ആ മറുപടിയായിരുന്നു. അതുപോലെ തന്നെ തീരെ ആത്മാര്‍ഥതയില്ലാതെ ഞാന്‍ പറഞ്ഞ നന്ദിക്ക് കിട്ടിയ പത്ത് രൂപയും. കൂട്ടുകാരോട് പലപ്പോഴും താങ്ക്സ് എന്ന് പറയുന്നതിന് പകരം അവ്യക്തമായി 'ഡാങ്ങ്സ്' എന്നും മറ്റും പറയാറുണ്ട്‌. ഒരു അകല്‍ച്ചയോ ഫോര്‍മാലിറ്റിയോ തോന്നേണ്ട എന്ന് കരുതിയിട്ടാണ് അങ്ങനെ പറയാറുള്ളത്..  ഏകദേശം ഒരു കിലോമീറ്റര്‍ പോയപ്പോള്‍ എനിക്കെന്തോ ഞാന്‍ പറഞ്ഞ 'നന്ദിയില്‍' ഒരു തൃപ്തിക്കുറവ് തോന്നി. വണ്ടി വീണ്ടും തിരിച്ചു. ജോലി തിരക്കുകള്‍ ഉണ്ടെങ്കിലും, എന്നെ ഓഫീസില്‍ ചിലര്‍ കാത്തിരിക്കുന്നുവെങ്കിലും ഞാന്‍ വീണ്ടും ആ കടയിലേക്ക് ചെന്നു. എനിക്ക് വേണ്ടി മാറി തന്ന ചേട്ടന്‍റെ വണ്ടിയായിരുന്നു അപ്പോള്‍ അയാള്‍ നോക്കി കൊണ്ടിരുന്നത്. അതിനിടയില്‍ ആകാക്ഷയോടെ എന്നെ നോക്കി. വണ്ടിയില്‍ നിന്നും ഇറങ്ങാതെ തന്നെ, നിറഞ്ഞ മനസ്സോടെ, ആത്മാര്‍ഥമായി തന്നെ ഞാന്‍ ഒരിക്കല്‍ കൂടി നന്ദി പറഞ്ഞു.
 "ഞാന്‍ ഒരു താങ്ക്സ് കൂടെ പറയാന്‍ വന്നതാ.. " എന്നും പറഞ്ഞു മറ്റൊരു മറുപടിക്കോ, നിനക്കെന്താ വട്ടാണോ? എന്ന മറുചോദ്യത്തിനോ കാത്തു നില്‍ക്കാതെ ഞാന്‍ തിരിച്ചു പോന്നു. കുറ്റബോധമോ തൃപ്തിക്കുറവോ ഒന്നുമില്ലാതെ തന്നെ.. 

-SAN-

'Thank you' സിനിമയുടെ പ്രചാരണാര്‍ത്ഥം മലയാളം ബ്ലോഗേഴ്സും , ജയസൂര്യ ഓണ്‍ലൈനും, നീലക്കുയില്‍ മീഡിയയും ചേര്‍ന്നു നടത്തിയ മത്സരത്തിലേക്ക്..

സന്ദര്‍ശിക്കുക
https://www.facebook.com/ThankYouMMovie
https://www.facebook.com/groups/malayalamblogwriters/


വിട..വാടാമല്ലിയുടെ ചിത്രം മനോദളങ്ങളില്‍ നിന്നും എടുത്തത് ... 

ന്‍റെ കുസൃതി കുട്ടി.

ആരുടെയെങ്കിലും നല്ല സുഹൃത്തായിരിക്കുക എന്നതൊരു ഭാഗ്യമാണ്. എന്നാല്‍ അവരില്‍ പലരും നമ്മെ ഒരു സഹോദരനോ സഹോദരിയോ ഒക്കെയായി കാണുമ്പോള്‍ അതൊരു സൌഭാഗ്യമാണ്. അങ്ങനെ നിരവധി സൌഹൃദങ്ങള്‍ ലഭിക്കുവാന്‍ ഭാഗ്യം ചെയ്തവനാണ് ഞാന്‍. അങ്ങനെയുള്ള ബന്ധങ്ങളില്‍ ഞാന്‍ ഏറ്റവും വിലമതിക്കുന്ന ഒരാളുണ്ട്, ഒരനിയത്തി കുട്ടി.

അവളെ ഓര്‍ക്കുമ്പോഴെല്ലാം ചുണ്ടില്‍ ഒരു ചെറിയ ചിരി വിടരും. ആ ഉണ്ടക്കണ്ണി, കുസൃതി കുട്ടിയുടെ കാണിച്ചുകൂട്ടലുകളിലെല്ലാം ചിരിക്കാന്‍ എന്തെങ്കിലും കാണും, എനിക്കെന്നല്ല കാണുന്ന എല്ലാര്‍ക്കും. ഞാന്‍ ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഹിന്ദി പഠിക്കുന്നതിനായി മറ്റൊരു സ്ഥാപനത്തില്‍ ചേര്‍ന്നു. സ്കൂളിലെ ജീവിതത്തിനെക്കാളും നന്നായി ആസ്വദിച്ചത് അവിടെയായിരുന്നു. അവിടെ വെച്ചാണ് ഈ കുസൃതി കുട്ടിയെ എനിക്ക് കിട്ടിയതും. ടീച്ചര്‍മാര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ പ്രിയങ്കരി ആയിരുന്നു അന്നവള്‍.

കൂട്ടത്തില്‍ ഒരല്പം മുതിര്‍ന്നത് ഞാന്‍ ആയിരുന്നതിനാല്‍ ആയിരിക്കണം എന്നോടവള്‍ക്ക് ഒരു ജേഷ്ഠതുല്ല്യ സ്നേഹം പ്രത്യേകം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഇടയ്ക്കിടെ മറ്റുള്ളവരോടുള്ള ഇണക്കങ്ങളും പിണക്കങ്ങളും എല്ലാം എന്നോട് പറഞ്ഞിരുന്നു. കാണാന്‍ എന്‍റെ സ്വന്തം അനിയത്തി കിങ്ങിണിയെ പോലെയായിരുന്നു. അതുകൊണ്ടാവണം എനിക്കവള്‍ ഏറെ പ്രിയങ്കരിയായി മാറിയത്. എന്‍റെ കിങ്ങിണികുട്ടിക്കും ഇവള്‍ക്കും ഒരേ സ്വഭാവമാണെന്നും പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. ഞങ്ങള്‍ക്ക് ക്ലാസ്സ്‌ ശനി, ഞായര്‍ ദിവസങ്ങളില്‍ ആയിരുന്നു. ഉച്ചയ്ക്ക് ചോറുണ്ണാന്‍ ഇരിക്കുമ്പോള്‍ അവളെ എന്‍റെ കൂടെയേ ഇരിക്കൂ.. അതുപോലെ എപ്പോഴും എന്തെങ്കിലും കുസൃതികള്‍ ഒപ്പിച്ചു കൊണ്ടുമിരിക്കും.. അവിടെ ഇടവേളകളില്‍ ഞങ്ങള്‍ എന്തെങ്കിലും കളിക്കുക പതിവാണ്. എനിക്ക്, എന്‍റെ സമപ്രായക്കാര്‍ ആയ വേറെയും രണ്ടു സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. അവരും  ഞാനും എന്തെങ്കിലും വിഷയത്തില്‍ പിണങ്ങിയാലും ഇവള്‍ ആയിരുന്നു ഇടയില്‍ നിന്ന് പരിഹരിച്ചിരുന്നത്.  ഇത്രയുമൊക്കെ പറഞ്ഞു വന്നത് ഈയ്യടുത്തൊരു ദിവസം ഞാന്‍ അവളെ സ്വപ്നം കണ്ടു. അതും മുന്‍പൊരിക്കല്‍ നടന്ന അതെ സംഭവം.

അവളെ കുറിച്ചുള്ള എന്‍റെ ആദ്യ ഓര്‍മയും ഒരുപക്ഷെ ആ സംഭവം തന്നെയാണ്. ഹിന്ദി ക്ലാസ്സില്‍ പാഠഭാഗങ്ങള്‍ ഓരോരുത്തരായി തര്‍ജ്ജമ ചെയ്തു ക്ലാസ്സില്‍ അവതരിപ്പിക്കുന്ന ഒരു രീതിയുണ്ടായിരുന്നു. ഒരിക്കല്‍ ഇവള്‍ടെ ഊഴമെത്തി, പഠിക്കാന്‍ മിടുക്കിയാണെങ്കിലും ചോദ്യം ചോദിച്ചാല്‍ എന്തെങ്കിലും കുസൃതി ഒപ്പിച്ചേ അവള്‍ മറുപടി പറയൂ.. ഇത്തവണ, അവള്‍ കഥ പറയാന്‍ നേരം ജനലിലൂടെ പുറത്തെ മള്‍ബറി മരം നോക്കിയാണ് പറഞ്ഞു തുടങ്ങിയത്. ജെസി ടീച്ചര്‍ അവളോട്‌ പറയും നേരെ നോക്കി കഥ പറയാന്‍..  എവിടെ ? ആര് കേള്‍ക്കുന്നു ? അവള്‍ വീണ്ടും പുറത്തേക്ക് നോക്കും. ടീച്ചര്‍ ഇടയ്ക്കിടെ അവളുടെ കാഴ്ച്ചയെ മറയ്ക്കും. അപ്പോള്‍ കഥയും നില്‍ക്കും... ആ കഥ പറച്ചില്‍ കണ്ടു നില്‍ക്കാന്‍ നല്ല രസായിരുന്നു.. "എനിക്കത് നോക്കാതെ കഥ പറയാന്‍ പറ്റൂല" " എന്നവള്‍ വളരെ വ്യക്തമായി തന്നെ പറഞ്ഞു.. ആരോ അവിടെ നിന്നും കഥ പറഞ്ഞു കൊടുക്കുന്നത് പോലെ.. കഥ മുഴുവന്‍ കഴിഞ്ഞപ്പോള്‍ തിരിഞ്ഞു നിന്ന് എല്ലാരെയും നോക്കി ഒരു പഞ്ചാര ചിരിയും ചിരിച്ചു. ഒരു സിനിമയിലെ രംഗം എന്ന പോലെ ആ സംഭവം ഇന്നുമെന്‍റെ മനസ്സിലുണ്ട്.

ഞങ്ങള്‍ക്ക് പരസ്പരം ഉണ്ടായിരുന്ന അടുപ്പം അവിടെ വേറെ ആര്‍ക്കും ഉണ്ടായിരുന്നതായി എനിക്ക് തോന്നുന്നില്ല. അതുകൊണ്ട് തന്നെ അതില്‍ പലര്‍ക്കും, സ്പഷ്ടമായി പറഞ്ഞാല്‍ എന്‍റെ കൂട്ടുകാരികള്‍ക്ക് അതില്‍ നല്ല അസൂയയും ഉണ്ടായിരുന്നു. അങ്ങനെ ഒരുപാട് നല്ല ഓര്‍മകളുമായി ഹിന്ദി ക്ലാസ്സിലെ ദിനങ്ങള്‍ കടന്നു പോയി. പിന്നെ ഞാന്‍ സ്കൂള്‍ മാറി, അവളെ കാണുന്നതും കുറവായിരുന്നു. വല്ലപ്പോഴും മേപ്പാടി ടൌണില്‍ വെച്ച് ഒരു നോട്ടം കണ്ടാലായി... അത്ര തന്നെ.

പിന്നെ മറ്റൊരോര്‍മ അമ്പലത്തിലെ ഉത്സവനാളുകളില്‍ ഒന്നാണ്. ന്‍റെ കുസൃതികുട്ടി ഒരു നല്ല നര്‍ത്തകിയാണ്, മേപ്പാടി അമ്പലത്തില്‍ ഉത്സവനാളുകളില്‍ കുട്ടികളുടെ കലാപരിപാടികള്‍ പതിവാണ്. അതിനിടയില്‍ ഒരിക്കല്‍ സ്ഥലത്തെ ഒരു പ്രമുഖ യുവഗായിക കച്ചേരി അവതരിപ്പിക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍ ചെറിയ കുട്ടികളുടെ ഡാന്‍സ് കുറച്ചധികം ഉണ്ടായിരുന്നതിനാല്‍ ഗായികയുടെ കച്ചേരിയുടെ സമയവും വൈകി കൊണ്ടിരിന്നു. അതില്‍ അവര്‍ക്ക് നല്ല അരിശമുണ്ടായിരുന്നു നടത്തിപ്പുകാരോട്, ഈ അരിശം മൂത്ത് നില്‍ക്കുന്നതിനിടയിലാണ് ന്‍റെ കുസൃതികുട്ടിയുടെ പേര് വിളിച്ചത്.. അവള്‍ സ്റ്റേജിലേക്ക് കയറി.. ഡാന്‍സ് ചെയ്യുന്നതിനിടയില്‍ 'ഈ യുവഗായിക' സ്റ്റേജില്‍ കയറി വന്നു. നടുവില്‍ തന്നെ നില്‍പ്പുറപ്പിച്ചു.. പരിപാടിയാകെ അലങ്കോലമായി. അത് കണ്ടപ്പോള്‍ എനിക്ക് വല്ല്യ വിഷമമായി. മനസ്സില്‍ ആ ഗാനകോകിലത്തെ ഒരായിരം വട്ടം ശപിച്ചിട്ടുണ്ട്.

വയനാട്ടിലെ അങ്കമെല്ലാം താത്കാലികമായി നിര്‍ത്തിവെച്ചുകൊണ്ട് കോഴിക്കോട്ടേക് ചുരമിറങ്ങിയപ്പോള്‍ ഞാന്‍ വല്ലാതെ മിസ്സ്‌ ചെയ്ത ഒരുപാട് പേരില്‍ ഒരാള്‍ അവളായിരുന്നു. പിന്നൊരിക്കല്‍ ഉത്സവത്തിന് വയനാട്ടിലേക്ക് പോയപ്പോഴാണ് അവളെ അവസാനമായി കണ്ടത്, അവളുടെ അമ്മയും കൂടെ ഉണ്ടായിരുന്നു.  ഞാന്‍ അവളെ ഇടയ്ക്കിടെ ഓര്‍ക്കാറുണ്ട് എന്ന് മാത്രം പറഞ്ഞു.. ഞാനും അവളും തിരക്കിലായിരുന്നു അധികം സംസാരിക്കാനോ മറ്റോ കഴിഞ്ഞില്ല... അതിനു ശേഷം ഇന്നുവരെ അവളെ കാണാന്‍ കഴിഞ്ഞിട്ടില്ല. അതില്‍ നല്ല വിഷമവും ഉണ്ട്. എന്‍റെ അമ്മയുടെ വയറ്റില്‍ പിറക്കാതെ പോയ എന്‍റെ പെങ്ങള്‍... ഇടക്കെപ്പോഴോ ഞങ്ങളുടെ ഒരു സുഹൃത്തുമായി സംസാരിക്കുന്നതിനിടയില്‍ അവളെ കുറിച്ച് സംസാരിച്ചപ്പോള്‍ വീണ്ടും അവളെ കാണാനും വിശേഷങ്ങള്‍ അറിയാനും ഒരു മോഹം.

#വയനാടന്‍ മണ്ണിലെ പ്രിയമുള്ള ഓര്‍മകളില്‍ ഏറ്റവും പ്രിയമുള്ള ഓര്‍മ്മകള്‍ മാത്രം ചികഞ്ഞപ്പോള്‍ മനസ്സില്‍ തെളിഞ്ഞത്.


-san-

കൂട്ടുകാരന്‍

തെറ്റൊന്നു ചൊല്ലുമ്പോള്‍
തെറ്റെന്നു ചൊല്ലുമ്പോള്‍
തെറ്റീട്ടു പോവാതെ
തെറ്റ് തിരുത്തുന്നോന്‍
തെറ്റ് പറ്റാത്തൊരു കൂട്ടുകാരന്‍ .. :)

-san-

സഹൃദയ ബ്ലോഗേഴ്സ് കൂട്ടായ്മയിലെ ഹൃദ്യമായൊരു 'സ്പര്‍ശത്തിനും'
ആസ്ഥാന വരക്കാരനും മുഖപുസ്തകത്തിലെ കമന്‍റുകള്‍ക്ക് നല്‍കിയ മറുപടിക്കവിത ..  കവിതയല്ലിത് വെറും അഞ്ചുവരികള്‍ മാത്രം.  

അലസമായൊരു പകല്‍

ഓഫീസിൽ അവൻ തനിച്ചായിരുന്നു. ചുമരിലെ വിള ക്കുകളും മേശപ്പുറത്തെ കമ്പ്യൂട്ടറും പോക്കറ്റിലെ മൊബൈലും ചത്തിട്ടു മണിക്കൂർ രണ്ടുകഴിഞ്ഞിരിക്കുന്നു.  ആര്യാടനെ മനസ്സിൽ  ശപിച്ചു കൊണ്ട് കറങ്ങുന്ന കസേരയിൽ മേപ്പോട്ടും നോക്കി ചാഞ്ഞിരിക്കുമ്പോൾ ഇനിയുള്ള മണിക്കൂറുകളിൽ എങ്ങനെ സമയം കൊല്ലും എന്ന ചിന്ത മാത്രമായിരുന്നു അവന്റെ മനസ്സിൽ.

പഴയ പത്രക്കെട്ടുകൾ വലിച്ചെടുത്തിട്ട് വായിക്കാൻ വിട്ടുപോയതും താത്പര്യമുള്ള വിഷയങ്ങൾ പ്രതിപാദിച്ചിരിക്കുന്നതുമായ എഡിറ്റോറിയല്‍ പേജുകള്‍ പരതി. നിര്‍ഭാഗ്യം എന്ന് പറയട്ടെ, അവന്റെ മനസ്സിനെ തൃപ്തിപ്പെടുത്താന്‍പോന്ന ഒന്നും തന്നെ അവയില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല.

പുറത്തെ വെയില്‍ ഓഫീസിനു താഴെയുള്ള റോഡിലൂടെ അല്‍പനേരം ചുറ്റിനടക്കാനുള്ള ആഗ്രഹത്തെയും തല്ലിക്കെടുത്തി. ജോലിത്തിരക്കേറിയ സമയങ്ങളില്‍ ഓഫീസ് ജനാലയിലൂടെ പുറത്തേക്കു വെറുതെയൊന്നു കണ്ണെറിയുമ്പോള്‍ പോലും കാണാറുള്ള 'തരുണീമണികളില്‍' ഒന്നിനെ പോലും ഈ അലസമായിരിക്കുന്ന സമയത്ത് കാണാന്‍ കഴിയാത്തതിലും അവനു നിരാശയായിരുന്നു.

താമസിക്കുന്ന ഹോസ്റ്റലിലെ പിള്ളേര്‍ ഇടയ്ക്കെപ്പോഴോ നല്‍കിയ 'സബര്‍മതി അകലുകയോ' എന്ന പുസ്തകം ഒരിടക്കാലാശ്വാസമായിരുന്നു. ഗുജറാത്ത്കലാപവും,ഗോധ്രയിലെ നരഹത്യയുമെല്ലാം ലളിതമായി എന്നാല്‍ ആധികാരികമായി തന്നെ പ്രതിപാദിക്കപ്പെട്ട പുസ്തകം. വീണ്ടും ഒരൊന്നര മണിക്കൂര്‍ പോയതറിഞ്ഞില്ല.

വിദൂരതയില്‍ കണ്ണും നട്ട് ജനാലയില്‍ ചാരി കുറച്ചു നേരം നിന്നപ്പോള്‍ എങ്ങുനിന്നോ വന്നൊരിളം കാറ്റ് -മന്ദമാരുതന്റെ കുഞ്ഞിളം തലോടല്‍- മനസ്സിലും മുഖത്തും ഒരുപോലെ പ്രസരിപ്പ് നിറച്ചു. ആസ്വദിച്ചു ചെയ്യുന്ന ജോലിത്തിരക്കുകള്‍ക്കിടയിലും ഇത്തരം സുഖങ്ങള്‍ കണ്ടെത്തുവാനും മറ്റും ശ്രമിക്കാതിരിക്കുന്നതില്‍ അവനു കുറ്റബോധം തോന്നിത്തുടങ്ങിയിരുന്നു.

തലേദിവസം തന്നെ ഫേസ്ബുക്ക് പ്രൊഫൈല്‍ ഡിയാക്ടിവേറ്റ് ചെയ്തിരുന്നതിനാല്‍ ലൈക്കുകളെയും കമന്റുകളെയും നോട്ടിഫിക്കെഷനുകളെയും കുറിച്ചോര്‍ത്തുള്ള ആകുലതകള്‍ കുറവായിരുന്നു. ഫേസ്ബുക്ക് ഡിയാക്ടിവേറ്റ് ചെയ്തു കഴിഞ്ഞാല്‍ അവന്റെ അടുത്ത പടി റ്റിറ്റ്വെറിലും ഗൂഗിള്‍ പ്ലസിലും പോയി ഫേസ്ബുക്കിനെ കുറ്റം പറയുക എന്നുള്ളതാണ്.. എന്നാല്‍ ഇപ്പോള്‍ വീണ്ടും മുഖപുസ്തകത്തെ സ്നേഹിച്ചു തുടങ്ങിയതിനാല്‍ കുറ്റം പറയുന്ന കലാപരിപാടി ഇത്തവണ ഒഴിവാക്കി.

ആരെങ്കിലും ചോദിക്കാതെ വിശപ്പിനെ പറ്റി അവനോര്‍ക്കാറെയില്ല. അതുകൊണ്ട് തന്നെ സമയം രണ്ടുമണിയായതും അവനറിഞ്ഞില്ല. വേണോ വേണ്ടയോ എന്ന മനസ്സില്ലാ മനസ്സോടെ ഉച്ചയൂണ് കഴിക്കുന്നു എന്ന് വരുത്തിത്തീര്‍ക്കാന്‍ പുറത്തിറങ്ങി.  പുറത്തു ഒരല്പം പോലും ചൂട് കുറഞ്ഞിട്ടില്ല. അരുണന്റെ പ്രഭാമയത്തില്‍ ഇരുനിറമുള്ള അവന്റെ ചര്‍മ്മം ഇനിയും ഇരുളുമോ എന്നവന്‍ ഭയപ്പെട്ടു. വാടിയ മുഖങ്ങള്‍ക്കിപ്പോള്‍ ഡിമാന്‍ഡ് കുറവാണത്രെ.

ഹോട്ടലില്‍ സാമാന്യം ഭേദപ്പെട്ട തിരക്കുണ്ടായിരുന്നു. കുറച്ചു നേരം പുറത്തെ കസേരയില്‍ തന്നെയിരുന്നു. നിറയെ ആളുകള്‍ ഉള്ളപ്പോള്‍ ചൂടുള്ള ഭക്ഷണം ആസ്വദിച്ചു കഴിക്കാന്‍ കഴിയില്ലായെന്നു അവനു തോന്നിക്കാണും.  തിരക്കൊന്നൊഴിഞ്ഞപ്പോള്‍ അകത്തുകയറി ഭക്ഷണം കഴിച്ചു. കറി പിടിക്കാഞ്ഞിട്ടാകണം മുഴുവനും കഴിക്കാതെ പുറത്തിറങ്ങി. പൊരി വെയിലില്‍ തന്നെ പതിയെ തിരിച്ചു നടന്നു. നടത്തത്തിനു ഇത്തവണ വേഗം കുറവായിരുന്നു. ആങ്ങിത്തൂങ്ങി നടന്നു ഒടുക്കം ഓഫീസ് എത്തിയപ്പോഴേക്കും സമയം മൂന്നരയായിരിക്കുന്നു.  ഇനിയും ഒന്നരമണിക്കൂര്‍ കഴിയണം എങ്കിലേ ശ്മശാന മൂകമായ ഓഫീസിനു ഉണര്‍വുണ്ടാവുകയുള്ളൂ.

സമയം കൊല്ലാനുള്ള മറ്റു വഴികള്‍ ആലോചിച്ചിരുന്നപ്പോഴാണ് 'വായില്‍ തോന്നിയത് കോതയ്ക്ക് പാട്ട്' എന്ന മട്ടില്‍ ഇടയ്ക്കിടെ കുത്തിക്കുറിക്കാറുള്ള അവന്റെ ബ്ലോഗിനെ കുറിച്ചോര്‍ത്തത്. മനസ്സില്‍ ഒരായിരം ബള്‍ബുകള്‍ ഒരുമിച്ചു മിന്നി -എല്ലാം നൂറു വോള്‍ട്ടിന്റെത് തന്നെ... സംശയം വേണ്ട- പിന്നെ സമയം കളയാന്‍ നിന്നില്ല. പേനയും പേപ്പറും കയ്യിലെടുത്തു.

മലയാളം എഴുതേണ്ട ആവശ്യം വരാത്തതിനാലും കീ ബോര്‍ഡിന്റെ ചതുരക്കട്ടകളില്‍ ചടുലമായി വിരലുകളോടിക്കാന്‍ മാത്രം പഠിച്ചിരുന്നതിനാലും മുന്‍പൊക്കെ മനോഹരമായിരുന്ന അവന്റെ കയ്യക്ഷരം വികലമായി തുടങ്ങിയിരുന്നു. എങ്കിലും മനസ്സില്‍ വിരിഞ്ഞവാക്കുകള്‍ പകര്‍ത്തി വെക്കുവാന്‍ മറ്റൊരുപാധിയും ഇല്ലാതിരുന്നതിനാല്‍ വികലമായ ആ കയ്യക്ഷരത്തില്‍ തന്നെ അവന്‍ അവന്റെ കഥ മറ്റൊരുവന്റെതെന്ന നിലയില്‍ എഴുതിത്തുടങ്ങി.

"ഓഫീസില്‍ അവന്‍ തനിച്ചായിരുന്നു ............
.............................................................................................................വിടര്‍ന്നു.."

അവസാന വരിയും എഴുതി നിര്‍ത്തുമ്പോള്‍ സമയം 5.15. മുകളില്‍ ഫാന്‍ കറങ്ങിത്തുടങ്ങി, ചുമരിലെ വിളക്കുകള്‍ തെളിഞ്ഞു, അവന്റെ മുഖത്തൊരു പുഞ്ചിരിയും വിടര്‍ന്നു..

ഞാന്‍ ..

ഞാന്‍ എന്ന ചിന്തയന്നുമിന്നും
ഒരുദിനമനുദിനമൊഴിയാ പലദിനം
രാവുകള്‍ പുലരികള്‍
പലനേരമിങ്ങനെ
വേട്ടയാടുന്നെന്നെയെന്നു
ചൊല്ലാന്‍ ഞാന്‍
ഞാനല്ലാതിരിക്കണം ...


-san- 

പ്രകാശം പരത്തുന്ന കല്ലുകള്‍ ..


യാത്രാമദ്ധ്യേയാണ് മനോഹരമായി അണിഞ്ഞൊരുങ്ങിയ ഒരു 'കല്ല്‌' അവനു കിട്ടിയത്. ഒട്ടേറെ അന്വേഷണങ്ങള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും ഒടുവില്‍ കയ്യില്‍ വന്നു ചേര്‍ന്ന കല്ല്‌. അവനുണ്ടായതും അതുപോലൊരു കല്ലില്‍ നിന്നത്രേ.. കയ്യില്‍ വന്നു ചേര്‍ന്ന കല്ലിനെ സ്നേഹത്തോടെ, വാത്സല്യത്തോടെ പുണര്‍ന്നു കൊണ്ട് 'ഈ കല്ല്‌..  ഇതെന്റെയാണ്' എന്നവന്‍ മനസ്സില്‍ ഒരായിരം വട്ടം മന്ത്രിച്ചു.

കല്ലിനോടുള്ള സ്നേഹക്കൂടുതല്‍ കൊണ്ട്  കല്ലില്‍ ചില മാറ്റങ്ങള്‍ വരുത്തുവാന്‍ അവന്‍ തീരുമാനിച്ചതും പെട്ടന്നായിരുന്നു. കല്ല്‌ മറ്റുള്ളവര്‍ നോക്കുന്നതോ കല്ലിനോട് എന്തെങ്കിലും സംസാരിക്കുന്നതോ അവനു തീരെ ഇഷ്ട്ടമുള്ള കാര്യമായിരുന്നില്ല. കല്ലിനെ ആരാധനയോടെ, ബഹുമാനത്തോടെ നോക്കുന്ന അനേകം പേര്‍ ആ നാട്ടിലുണ്ടായിരുന്നു. എങ്കിലും അവര്‍ക്ക് മുന്‍പിലും കല്ലിനെ അവന്‍ മൂടി വെച്ചു. കല്ലിനും സ്വപ്‌നങ്ങള്‍ ഉണ്ടായിരുന്നു. ആ സ്വപ്‌നങ്ങള്‍ പൂവണിയിക്കുവാന്‍ വേണ്ടിയായിരുന്നു കല്ല്‌ അവനു വേണ്ടി കാത്തിരുന്നത്. തന്റെ സ്വപ്‌നങ്ങള്‍ പങ്കുവെക്കുവാനും അവന്റെ സ്നേഹത്തോടെ, സഹായത്തോടെ, ആശംസകളോടെ, ആ സ്വപ്നത്തെ സാക്ഷാത്കരിക്കുവാനും  വേണ്ടിയായിരുന്നു കല്ല്‌ കൊതിച്ചിരുന്നത്‌.

നിര്‍ഭാഗ്യവശാല്‍ കല്ലിനോടുള്ള അവന്റെ സ്നേഹം ഒരുതരം ഭയമായി മാറി. സാഹചര്യങ്ങള്‍ മാറ്റി എന്ന് വേണം കരുതാന്‍ .. അവന്‍ രണ്ടാമതൊരാവര്‍ത്തി ചിന്തിക്കാതെ കല്ലിനെ ഒരു കറുത്ത പെട്ടിയില്‍ അടച്ചു വെച്ചു. കല്ലിന്റെ സ്വതസിദ്ധമായ കഴിവുകളും പ്രകാശവും എല്ലാം ആ കറുത്ത പെട്ടിയില്‍ ഒതുങ്ങി. കല്ലിന്റെ ലോകവും ആ പെട്ടിയിലേക്ക് ചുരുങ്ങി.

നാട്ടുകാരില്‍ പലരും കല്ലിനെ തിരയാന്‍ തുടങ്ങി. അവനോടു ചോദിച്ചപ്പോഴൊക്കെ ചിരിയോടു കൂടിയുള്ള മൌനമായിരുന്നു മറുപടി. കറുത്ത പെട്ടി കാണുമ്പോഴൊക്കെ നാട്ടുകാരില്‍ പലരും പെട്ടിയിലെ കല്ലിനെ കാണുവാന്‍ മോഹിച്ചു. മോഹം അതിമോഹമായി.. ഈ അതിമോഹത്തെ കുറിച്ച് അവനും നല്ല ബോധ്യമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ വല്ലപ്പോഴും അവനു വേണ്ടി മാത്രം തുറന്നു നോക്കി കൊണ്ടിരുന്ന ആ കറുത്ത പെട്ടിക്കുള്ളിലെ കല്ലിനെ അവനും സംശയമായി..

ഇതിനിടയില്‍ യാത്രാമദ്ധ്യേ  മറ്റനേകം കല്ലുകള്‍ അവന്‍ കണ്ടിരുന്നു. ഭംഗിയായി അണിഞ്ഞൊരുങ്ങിയിരുന്ന കല്ലുകള്‍ .. ആ കല്ലുകളില്‍ അവന്‍ കണ്ടിരുന്നത്‌ താന്‍ കറുത്ത പെട്ടിയില്‍ അടച്ചു വെച്ചയിനം കല്ലിന്റെ തിളക്കമല്ല. മറ്റെന്തോ ഒരു തിളക്കം. കറുത്തപെട്ടിയില്‍ അടച്ചു വെച്ച കല്ലിനെ കാണാതെ തിളക്കമേറിയ മറ്റു കല്ലുകള്‍ തിരഞ്ഞുകൊണ്ടുള്ള യാത്ര അവനു പതിവായി. സ്വമേധയാ അവനു വേണ്ടി പ്രകാശിക്കുന്ന കല്ലുകളും അവനെ കണ്ടാല്‍ ഭയന്നോടുന്ന കല്ലുകളും നഗരവീഥികളില്‍ പതിവ് കാഴ്ചയായി.

നാളുകള്‍ പിന്നിട്ടു. അവന്‍ തന്റെ കറുത്ത പെട്ടിയുടെ അരികില്‍ മടങ്ങിയെത്തി. അതിനുള്ളില്‍ അടച്ചു വെച്ച കല്ലിന്റെ തിളക്കങ്ങള്‍ നഷ്ടമായിരുന്നുവെങ്കിലും കല്ല്‌ തനിക്കു കൂട്ടായിരുന്ന ഇരുട്ടിനെയും ആറു ചുമരുകളെയും സ്നേഹിച്ചുതുടങ്ങിയിരുന്നു. ഇതേ കാലയളവില്‍ തന്നെ സ്വയം പ്രകാശിക്കുന്ന ഒരു കുഞ്ഞു കല്ല്‌ കൂടി ആ കറുത്തപെട്ടിയില്‍ പിറന്നിരുന്നു. അവന്‍ കുഞ്ഞു കല്ലിനെ മാത്രം പുറത്തെടുത്തു.

അണിയിച്ചൊരുക്കി കൂടിനു പുറത്തേക്കെടുക്കുമ്പോള്‍ വലിയ കല്ല്‌ തടഞ്ഞു. താന്‍ കണ്ട സ്വപ്‌നങ്ങള്‍ എരിഞ്ഞടങ്ങിയ കറുത്ത പെട്ടിയൊരെണ്ണം കുഞ്ഞു കല്ലിനു വേണ്ടിയും പണിയാന്‍ വലിയ കല്ല്‌ കൊതിച്ചു. അവളുടെ ഉള്ളിലിരുപ്പ് അറിഞ്ഞിട്ടാവണം കുഞ്ഞു കല്ലിനു വേണ്ടിയും ഒരു കറുത്തപെട്ടിയവന്‍ പണിഞ്ഞു. ഇപ്പോള്‍ വലിയ കല്ലിനും അവനും ഒരേ ചിന്തകളാണ് .. ഒരേ സ്വപ്നങ്ങളാണ് .. കറുത്തപെട്ടിയില്‍ കുഞ്ഞു കല്ല്‌ വലുതാകുന്നതും കാത്ത് അവര്‍ ഒരേ ഇരിപ്പാണ്.

നാട്ടിലിപ്പോഴും ഈ കറുത്ത പെട്ടികളെ തിരഞ്ഞ്  ഒരു കൂട്ടം നടക്കുന്നുണ്ട്. ഭയത്തോടെയും, സ്നേഹത്തോടെയും, ബഹുമാനത്തോടെയും  തിരയുന്ന ചിലരും. അവന്‍ മുന്‍പ് ചില കല്ലുകളോട് ചെയ്തത് പോലെ നഗരവീഥികളില്‍ നിന്നും റാഞ്ചിക്കൊണ്ടു പോകുവാന്‍ വേണ്ടി കഴുകന്‍ കണ്ണുകളോടെ നോക്കുന്ന ചിലരും.

അവന്റെ ഓര്‍മകളെ കാലത്തിന്റെ പട്ടടയില്‍ എന്നോ എരിച്ചു തീര്‍ത്തിരുന്നുവെങ്കിലും തിളങ്ങേണ്ട കല്ലുകളെയും തിളക്കമുള്ള കല്ലുകളെയും കാണുമ്പോള്‍ കറുത്തപെട്ടിയൊരുക്കുവാന്‍ അവന്റെ മനസ്സ് മന്ത്രിച്ചു കൊണ്ടേയിരുന്നു.. ഒരായിരം വട്ടം.


-SAN-

കയ്യടികള്‍

കയ്യടികള്‍ മാത്രമായൊതുങ്ങുന്നു
സാക്കിര്‍ നിന്‍ വരികള്‍
ഒന്നിരുന്നു ചിന്തിച്ചാല്‍ ഒന്നു മാറ്റി ചിന്തിച്ചാല്‍
അഴിഞ്ഞുപോകും പല മൂടുപടങ്ങളും
നിന്റെ ചിന്തകള്‍ മാത്രമുള്ളവര്‍ -
ക്കൊന്നു ചിന്തിക്കാന്‍ പോലുമവസരം
നല്‍കാതെ അടക്കിടുന്നു സത്യത്തെ
നീ വളച്ചൊടിച്ചിടുന്നു ..
എങ്കിലും പറയാതെ വയ്യ സാക്കിര്‍
നിന്‍ പ്രസംഗപാടവത്തെ 
നമികാതെ വയ്യ നിന്‍
ശൈലിയേയും

വെറുതെയല്ല സാക്കിര്‍ എല്ലാമൊതുങ്ങുന്നത് വെറും
കയ്യടികളില്‍ ..
ഉള്ളില്‍ ഒരിറ്റു പരിഹാസവും
വെച്ചു കൊണ്ടടിക്കാം ഞാനും
കൈകള്‍ നിന്‍ വാക്കുകള്‍ക്കല്ലതിന്‍
ശൈലികള്‍ക്കായ്

-san-

വിളവ്‌

മുഖപുസ്തകത്തില്‍ വിതച്ചു വിളവും കാത്തിരുന്നു
കിട്ടിയത് നാല് ലൈക്കും രണ്ടു കമന്റും ..
വരുമൊരാള്‍ പങ്കിടാന്‍ എന്ന് കരുതിയെങ്കിലും-
തെറ്റി .. ഇനിയും കാത്തിരിപ്പൂ  വിളവിനായ്
നിന്‍ പങ്കിനായ്  .. :)

നുറുങ്ങു കവിത

നുറുങ്ങു കവിതയൊന്നെഴുതണം 
നുണയേതുമില്ലാതെ മൊഴിയണം
പുതുമൊഴിയൊന്നതില്‍ ചൊല്ലണം
പുതുഭാവനയതില്‍ വിരിയണം
കഥപോലെ കാര്യമുണ്ടാവണം
കടല്‍ പോലെ വ്യാപ്തിയുണ്ടാവണം
നവകാവ്യ ശൈലി കൈവന്നീടണം
നല്‍വാക്കിനാല്‍  നിറഞ്ഞീടണം
പല സന്ദേശമുള്‍ക്കൊള്ളണം
പല നൂറുപേര്‍ ഏറ്റു പാടണം  
നുറുങ്ങു കവിതയൊന്നെഴുതണം 
നുണയേതുമില്ലാതെ മൊഴിയണം

-San- 

മഴ

മഴനീര്‍ തുള്ളിക്കൊണ്ടൊരു മാലയൊരുക്കാം
മഴ തോരവേ നിന്നില്‍ ചാര്‍ത്തീടുവാന്‍
മഴവില്ല് നിറയുന്ന മാനത്തുനിന്നെന്മനം
മഴ പോലെ ആര്‍ദ്രമായ്‌ പൊഴിയുമെങ്കില്‍

പറയാനുള്ളതില്‍ ചിലത് ..

ചിരി വരുന്നു..
അത് കഴിഞ്ഞാല്‍ വരുന്ന അടുത്ത വികാരം സഹതാപമാണ്..

ആരോട്, എന്തിനു, എന്നൊന്നും ചോദിക്കരുത്. മുഴുവന്‍ സമൂഹത്തിനോടും എന്ന് മറുപടി പറയേണ്ടി വരും. ഇടതും വലതും പാര്‍ട്ടികള്‍ മാറി മാറി അധികാരത്തില്‍ വരുമ്പോള്‍ കാട്ടിക്കൂട്ടുന്ന വിക്രിയകള്‍ കണ്ടു ചിരിവരുന്ന കാര്യമാണ് പറഞ്ഞു വരുന്നത്. ജനങ്ങളെ ഇഞ്ചിഞ്ചായി കൊല്ലുന്നതില്‍ വലതന്മാരും കൊല്ലുമ്പോള്‍ ഒറ്റയടിക്ക് കൊല്ലുന്ന കാര്യത്തില്‍ ഇടതന്മാരും പ്രാഗത്ഭ്യം തെളിയിച്ചതാണ്.
ഇങ്ങനെയൊക്കെ പറഞ്ഞെങ്കില്‍ കൂടിയും കഴിഞ്ഞ ഇടതുപക്ഷ ഭരണത്തെ ഇന്നത്തെ സാഹചര്യങ്ങളുമായി തട്ടിച്ചു നോക്കിയാല്‍ പ്രശംസിക്കാതെ വയ്യ. പദ്ധതികള്‍ പലതും ഇഴഞ്ഞു നീങ്ങുകയും ജലരേഖകള്‍ പോലെ പോയ്‌മറയുകയും ചെയ്തെങ്കിലും ജനജീവിതം ഇത്ര ദു:സ്സഹമായിരുന്നില്ല .

ആരാണിവിടെ ഭരിക്കുന്നത്‌?
ഇവിടെ ഭരണം ഉദ്യോഗസ്ഥരുടെ കൈകളിലാണ്. നാഴികയ്ക്ക് നാല്പതു വട്ടം അവകാശങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യുകയും സാധാരണക്കാരനെ ഒരു കാരണവുമില്ലാതെ വട്ടം കറക്കുകയും ചെയ്യുന്ന കുറെ വൃത്തികെട്ട ഉദ്യോഗസ്ഥന്മാരുടെ കയ്യില്‍ .

പിന്നൊന്ന് കോര്‍പ്പറേറ്റുകള്‍ ആണ്.. ഭരിക്കുന്നവര്‍ ആരുമായിക്കൊള്ളട്ടെ അവരെ ചാക്കിലാക്കാനുള്ള പണം കോര്‍പ്പറേറ്റുകളുടെ  കൈവശമുണ്ട്. സമയാസമയം അണ്ണാക്കിലേക്ക് കാശുവെച്ച് കൊടുക്കുമ്പോള്‍ എതവനാണ് വേണ്ട എന്ന് പറയുക?

'കോടതിയും നിയമവാഴ്ചയും'
ജനജീവിതം ഇത്രത്തോളം അസ്സഹനീയമാക്കിയതില്‍ നല്ലൊരു പങ്കു ഈ നാട്ടിലെ കോടതികള്‍ക്കും നിയമ വ്യവസ്ഥിതിക്കും ഉണ്ട്. രാഷ്ട്രീയ കേസുകള്‍ പഠിക്കാനും, വിധി നിശ്ചയിക്കാനും, അവ നടപ്പില്‍ വരുത്താനും വരുന്ന കാലതാമസം ഭരണ സംവിധാനത്തില്‍ വരുത്തുന്ന പിഴവുകളെ കുറിച്ചോ അതിക്രമങ്ങളെ കുറിച്ചോ കോടതിയും ബോധവാന്മാരല്ല.

ഇതിനെക്കാളുപരി ചിരിക്കാനും അതെ സമയം സഹതപിക്കാനും ഇട നല്‍കുന്നത് കോടതിയോ ഉദ്യോഗസ്ഥരോ രാഷ്ട്രീയ പാര്‍ട്ടികളോ അല്ല. ഇവരെയൊക്കെ നിയന്ത്രിക്കേണ്ടുന്ന 'പൊതുജനം' എന്ന വിഭാഗമാണ്‌. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ സ്ഥിതിഗതികള്‍ നേരെ മറിച്ചാണ്. ഇവന്മാരുടെയെല്ലാം താളത്തില്‍ പൊതുജനം തുള്ളുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുക. കുറച്ചെങ്കിലും പ്രതികരിക്കാന്‍ മെനക്കെടുന്നവര്‍ പത്ര-ദൃശ്യ മാധ്യമങ്ങളിലൂടെ 'പൊതുജനം കഴുത' എന്ന് പറഞ്ഞു സ്വയം അപഹാസ്യരാകുന്നു.

'പൊതുജനം കഴുത'
പൊതുജനം കഴുത എന്ന് നിങ്ങളും പറയുന്നെങ്കില്‍ പറഞ്ഞോളൂ.. പക്ഷെ എന്നെ ആ കൂട്ടത്തില്‍ പെടുത്തരുതു. ഏമാന്മാരുടെ മുന്നില്‍ ഓച്ഛാനിച്ച് നില്‍ക്കാനും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ജയ്‌ വിളിക്കാനും പഴകി ദ്രവിച്ച നിയമവാഴ്ച്ചകള്‍ക്കനുസരിച്ചു ജീവിക്കാനും ഒട്ടും താല്പര്യം ഇല്ലാത്ത ഈ നാട്ടിലെ ചുരുക്കം യുവാക്കളില്‍ ഒരാളാണ് ഞാനും. 

'ഇന്ദ്രപ്രസ്ഥം'
ഡല്‍ഹിയിലെ അവസ്ഥ ഇതിനെക്കാളൊക്കെ രസകരമാണ് .. കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്‌ ഇറ്റാലിയന്‍  റിമോട്ട് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ റോബോട്ട് ആണെന്നാണ്‌ വെപ്പ്. പിന്നെ ഒരു ബന്ധവുമില്ലാതെ പേരിനു വാലായി ഗാന്ധി എന്നും വെച്ച് നടക്കുന്ന അമുല്‍ ബേബിയും വെള്ളക്കാരി അമ്മച്ചിയും. ഇവരൊക്കെ ആരുടെയോ വാലാട്ടിപ്പട്ടികള്‍ ആണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇറ്റലിക്കാരി അമ്മച്ചി മരുമകനെയും മകനെയും പണക്കാരനാക്കാന്‍ ഉറക്കമില്ലാതെ കഷ്ട്ടപെടുമ്പോള്‍ സര്‍ദാര്‍ജി വാ തുറന്നാല്‍ വിലകൂട്ടും... പ്രത്യേകിച്ച് കേരളത്തില്‍ വന്നു മടങ്ങുമ്പോള്‍ .. ഇതിനെ കുറിച്ച് ചോദിച്ചാല്‍  കുഞ്ഞൂഞ്ഞും പന്നിത്തലയും ഒക്കെ നല്‍കുന്ന മറുപടികള്‍ അതിലും കേമമാണ്‌.. എങ്ങും തൊടാതെയുള്ള ഉത്തരങ്ങള്‍ ..


എല്ലാം കൂടെ ചേര്‍ത്തു വായിക്കുമ്പോള്‍ വല്ലാതെ വട്ടു പിടിക്കും.. ഞാനടങ്ങുന്ന 'നമ്മളോട്' സഹതാപവും തോന്നും,  ഇവര്‍ക്കൊക്കെ മറുപടി അടുത്ത തിരഞ്ഞെടുപ്പിന് നല്‍കാന്‍ ജനം തയ്യാറാകണം .. ഏതായാലും എന്റെ തീരുമാനം ആദ്യമേ അറിയിച്ചേക്കാം..
"ഞാന്‍ ഒരുത്തനും വോട്ടു ചെയ്യില്ല ..  ഈ നാറിയ 'സിസ്റ്റം' മാറുന്നത് വരെ.. "
ഇനിയും ഇവന്മാരില്‍ വിശ്വസിച്ചിരിക്കുന്ന മറ്റുള്ളവര്‍ക്ക് അവരുടെ ഇഷ്ട്ടം പോലെ ചെയ്യാം..

---

രാജ്യം അറുപത്തിമൂന്നാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന ഈ വേളയില്‍ മനസ്സില്‍ തോന്നിയ കാര്യങ്ങള്‍ എല്ലാം കുത്തിക്കുറിച്ചു വെച്ചതാണ് മുകളില്‍ .. എനിക്ക് പറയാനുള്ള അനേകം കാര്യങ്ങളില്‍ ചിലത് മാത്രം, ഇനിയും മൂടി കെട്ടി മിണ്ടാതിരുന്നാല്‍ ശരിയാകില്ല എന്ന തിരിച്ചറിവുകള്‍ കൊണ്ട് നിങ്ങളുമായി പങ്കു വെക്കുന്നു.

ഓരോ ഭാരതീയനും റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്നു കൊണ്ട് നിര്‍ത്തട്ടെ ..

ജയ് ഹിന്ദ്‌.
>SAN<