Pages

About me

1989 ജൂലൈ മാസം 5 നു ഇടുക്കി ജില്ലയിലെ തങ്കമണി എന്ന കൊച്ചു ഗ്രാമത്തില്‍ വിനായകന്‍ , സുധ ദമ്പതികളുടെ മകനായി ജനനം (ബാക്ക് ഗ്രൗണ്ടില്‍ നല്ല ഇരുട്ടും മഴയും). ഇതിനു രണ്ടു വര്‍ഷങ്ങള്‍ക് മുന്‍പ് അമ്മ ആദ്യമായി പ്രസവിച്ചതു  കാരണം ഒരു പെങ്ങള്‍ കൂടെയുണ്ട് പേര് ശ്രുതി. സ്വഭാവം കൊണ്ട് ഞാന്‍ ആണ് മൂത്തതെങ്കിലും 'ചേച്ചിയേ ...' എന്ന് വിളിക്കാന്‍ എനിയ്ക്കവള് മാത്രേ ഉള്ളു. അച്ഛന്‍റെ വേരുകള്‍ കോട്ടയത്തെ ചങ്ങനാശ്ശേരിയിലും അമ്മയുടെ വേരുകള്‍ അങ്ങ് പാലക്കാടുമാണ്. ഞാന്‍ ഇടുക്കിയില്‍ ജനിച്ചെങ്കിലും വളര്‍ന്നത്  വയനാട്ടിലെ താഴെ അരപ്പറ്റ എന്നു പറയുന്ന കുഞ്ഞു ഗ്രാമത്തിലാണ്. ഒരു പാട് നല്ല സുഹൃത്തുക്കളെയും ഓര്‍മകളെയും എനിക്ക് സമ്മാനിച്ച നാട്. അതുകൊണ്ട് തന്നെ എന്റെ നാടേതാണെന്നു ആരെപ്പോള്‍ ചോദിച്ചാലും സംശയം ലവലേശമില്ലാതെ വയനാടെന്നു ഞാന്‍ പറയും.

അഞ്ചാമത്തെ വയസ്സില്‍ സെന്‍റ്. ജോസഫ്‌ യു പി സ്കൂളിന്റെ നഴ്സറിയില്‍ എന്നെ കൊണ്ട് പോയി പ്രതിഷ്ഠിച്ചു.. പിന്നെ അവിടെ രണ്ടു കൊല്ലം കയില് കുത്തി.. (അന്നത്തെ മെയിന്‍ ഹോബി ഗേറ്റിനടുക്കല്‍ പോയി നിന്ന് ഗേള്‍സ്‌ ഹൈസ്കൂളില്‍ പോകുന്ന ചേച്ചിമാരെ സൈറ്റ് അടിക്കല്‍ ആയിരുന്നു.-മേപ്പാടിയില്‍ പഠിച്ചവര്‍ക്ക് ഇപ്പോള്‍ ആ സന്ദര്‍ഭം മനസില്‍ കാണാവുന്നതെ ഉള്ളു.) ക്യൂട്ട് ആയിരുന്നു ഞാന്‍ അന്ന് (ഇന്നത്തെ പോലെ) അതുകൊണ്ടു തന്നെ പല ചേച്ചിമാരും മിഠായികളും മറ്റും ദിവസവും തരുമായിരുന്നു എനിക്ക്‌...
രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം പ്രമോഷന്‍ to യു പി സ്കൂള്‍ .. അതൊരൊന്നൊന്നര സ്കൂള്‍ ആയിരുന്നു.. ഒട്ടേറെ കുസൃതികളും അതിലേറെ വികൃതികളുമായി ഒരു വിധം ഈ നല്ല കുട്ടി അവിടെനിന്നും പഠിച്ചിറങ്ങി.  Mono ആക്ട്, കഥാ പ്രസംഗം, കഥ പറയല്‍, ഉപന്യാസ രചന, കഥ, കവിത രചന തുടങ്ങിയവയില്‍ പങ്കെടുത്തതും സമ്മാനങ്ങള്‍ വാങ്ങിയതുമെല്ലാം അവിടെ നിന്നും. എല്ലാത്തിനും താങ്ങും തണലുമായി നിന്ന എന്റെ പ്രിയപ്പെട്ട എല്ലാ അധ്യാപകര്‍ക്കും ഈ അവസരത്തില്‍ ഒരു നന്ദി പറയുകയാണ്‌. ... ...

അടുത്ത ഘട്ടം തുടങ്ങുന്നത് മേപ്പാടിയിലെ, സമരങ്ങള്‍ക്ക് പ്രശസ്തമായ ഹൈസ്കൂളില്‍ വെച്ചാണ്. ഈയുള്ളവന്‍ ഒരു നല്ല വഷളന്‍ ആയതു ശരിക്കും അവിടെ വെച്ചാണ്. ചെന്ന അന്ന് മുതല്‍ പഠിച്ചിറങ്ങുന്നത്‌ വരെ അലമ്പ് കളിച്ച ഒരേ ഒരു മഹന്‍ ഒരു പക്ഷെ ഞാനായിരിക്കും.. കമ്മ്യൂണിസ്റ്റുകാരനായ അച്ഛന്‍റെ കമ്മ്യൂണിസ്റ്റുകാരനായ  മകന്‍ വിപ്ലവത്തെ കൂടുതല്‍ സ്നേഹിച്ചിരുന്നത് കൊണ്ടാകാം സമര മുഖത്തെന്നും സജീവമായിരുന്നു. ഈ ജീവിതത്തില്‍ ഞാന്‍ ഏറ്റവും അധികം വിലമതിക്കുന്ന എന്റെ പ്രിയ സുഹൃത്ത്‌ ഷാനിദിനെ കിട്ടിയത് ഇവിടെ വെച്ചാണ്. കളിച്ച അലമ്പുകള്‍ ഒന്നും തന്നെ മാര്‍ക്ക്‌ ലിസ്റ്റില്‍ പ്രതിഫലിപ്പിക്കാതെ അവിടെനിന്നും ഇറങ്ങി. എന്‍റെ ഏറ്റവും പ്രിയപ്പെട്ട പ്രീത ടീച്ചറെ കിട്ടിയതും ഇവിടെ വെച്ചാണ്. സത്യത്തില്‍ എന്റെ വയനാടന്‍ ജീവിതം (ഇതുവരെയുള്ള) അവിടെ അവസാനിച്ചു.  4ല്‍ പഠിക്കുമ്പോള്‍ scholarship നേടിയതിനു ശേഷം പത്രത്തില്‍ പടം വരാനുണ്ടായ അടുത്ത സാഹചര്യം ഇവിടെ വെച്ചാണ്. 2004 ജൂലൈ മാസത്തില്‍ ഒരു തണുത്ത സുപ്രഭാതത്തില്‍ ഈയുള്ളവന്‍ ഒന്ന് നാടുവിട്ടു. കോഴിക്കോട് വരെ.. കുറച്ചു നാളുകള്‍ ഒരു ഹോട്ടലില്‍ പാത്രം കഴുകി ജീവിച്ചു, പിന്നെ അവിടെ നിന്നും പത്രത്തില്‍ പടം കണ്ടു പൊലീസും മറ്റും വന്നു പൊക്കി വീണ്ടും വീട്ടില്‍ കൊണ്ടുവന്നാക്കി.. (ഇപ്പോള്‍ ഓര്‍ക്കാന്‍ ഒക്കെ നല്ല രസാ..) 10ഇല്‍ പഠിക്കുമ്പോള്‍ പരീക്ഷയ്ക്ക് 2 മാസം മുന്‍പ് അടിയനെ സ്കൂളില്‍ നിന്നും പുറത്താക്കി. ഇനി വരണ്ട എന്ന് വ്യക്തമായി പറഞ്ഞു.. ആ സമയം ആരോടും പറയാതെ വണ്ടി നേരെ കോട്ടയത്തേക്ക് വിട്ടു. അവിടെ ഒരു ബാഗ്‌ കമ്പനിയില്‍ ജോലി നോക്കി കൂടെ എന്‍റെ സുഹൃത്ത്‌ യൂനസ് ഉണ്ടായിരുന്നു. അവനാണ് അവിടെ എന്നെ നന്നായി നോക്കിയത്, അവനില്ലായിരുന്നു എങ്കില്‍ എന്റെ വിദ്യാഭ്യാസ ജീവിതം വരെ ഒരുപക്ഷേ അവിടെ അവസാനിച്ചേനെ.. വാക്കുകള്‍ കൊണ്ട് പറയാനാവില്ല അവനോടുള്ള എന്റെ കടപ്പാടുകള്‍  പിന്നെ വാശി ഒക്കെ കളഞ്ഞു നല്ലകുട്ടിയായി വന്നു പരീക്ഷ എഴുതി, നല്ല മാര്‍ക്കോടെ തന്നെ ജയിച്ചു. വീണ്ടും ബാഗ്‌ കമ്പനികളിലൂടെ യാത്ര.

നാലാം ഘട്ടം - 10th  കഴിഞ്ഞപ്പോള്‍ വയനാട്ടില്‍ നിന്നും കോഴിക്കോട്ടേക്ക് ഞങ്ങള്‍ കുടുംബ സമേതം താമസം മാറി. പിന്നെ പഠിച്ചത് ചാത്തമംഗലം REC GVHSS ഇല്‍ ആയിരുന്നു. 2 മനോഹരമായ വര്‍ഷങ്ങള്‍ അവിടെ.. പ്രിയപ്പെട്ട ഒരു പാട് കൂട്ടുകാരോടൊപ്പം. ജീവിതത്തില്‍ ആദ്യമായി സീരിയസ് ആയി പ്രണയിച്ച ദിനങ്ങള്‍  .. അതും കൂടെ പഠിച്ച കുട്ടിയെ തന്നെ.. ഞാന്‍ നന്നായങ്ങ് സ്നേഹിച്ചു എന്നാല്‍ അവള്‍ക്ക് തീരെ ഇഷ്ടമില്ലായിരുന്നു. (അന്നങ്ങനെയാണ് പറഞ്ഞത്.. പിന്നെ സത്യം പറഞ്ഞെങ്കിലും, അപ്പോഴേക്കും സമയം ഒരുപാട് വൈകിയിരുന്നു.) പഠിക്കുമ്പോള്‍ തന്നെ വൈകുന്നേരങ്ങളില്‍ അടുത്തുള്ള ഒരു ബ്രഡ് കമ്പനിയില്‍ ചെറിയ പാര്‍ട്ട്‌ ടൈം ജോലി കിട്ടി.. പിന്നെ എല്ലാ രാത്രികളും അവിടെയായിരുന്നു. ബ്രഡും ബന്നും ഒക്കെ ഉണ്ടാക്കാന്‍ അവിടെ നിന്ന് പഠിച്ചു. ഒരു പ്രത്യേക ജീവിതമായിരുന്നു അവിടെ. മിക്കവാറും ജോലി കഴിയുമ്പോള്‍ 12 മണിയെങ്കിലും ആവുന്നതിനാല്‍ ഹോം വര്‍ക്ക്‌ എല്ലാം ചെയ്തിരുന്നത് എന്റെ ഏററവും അടുത്ത സുഹൃത്തായ ദിവ്യയും (എന്നെ ഇഷ്ടമില്ലെന്ന് പറഞ്ഞ കുട്ടി) ജംഷിയുമാണ്‌. ((ഈയവസരത്തില്‍ അവരോടൊരു നന്ദി പറയാണ്). എന്നാലും റിസള്‍ട്ട് വരുമ്പോള്‍ തരക്കേടില്ലാത്ത മാര്‍ക്ക്‌ ഉണ്ടാവും. second  year  പഠിക്കുമ്പോള്‍ ഒരു മുസ്ലിം കുട്ടിയുമായി കടുത്ത പ്രേമം അതിനു തികച്ചും ഒരു വര്‍ഷം മാത്രമേ ആയുസ്സുണ്ടയിരുന്നുള്ളൂ.  ജീവിതത്തില്‍ നിര്‍ണായകമായ ഒരുപാട് നല്ല ചിന്തകള്‍ തന്ന അധ്യാപകര്‍ ഉണ്ടായിരുന്നു അവിടെ. സതീഷ്‌ സാര്‍, റംല ടീച്ചര്‍ അങ്ങനെയങ്ങനെ..

REC  യിലെ പഠനത്തിനു ശേഷം റസ്ക് കമ്പനിയിലും ബാഗ്‌ കമ്പനിയിലും (എറണാകുളം, കോട്ടയം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, അങ്ങനെ പലയിടങ്ങളിലും) കുറച്ചു കാലം ഒരു direct marketing കമ്പനിയിലും ഒക്കെ നന്നായി കഷ്ടപെട്ടു.. ആ ജീവിതം പകര്‍ന്നു തന്ന പാഠങ്ങള്‍ എന്നും വിലപ്പെട്ടതായിരുന്നു. അനുഭവങ്ങള്‍ നല്‍കുന്ന സമ്പത്ത് എത്രമാത്രം വലുതാണെന്ന് ഞാനറിഞ്ഞു.   ചുരുക്കത്തില്‍ കേരളം മൊത്തത്തില്‍ ആ ചെറുപ്രായത്തില്‍ തന്നെ അങ്ങ് കറങ്ങി..

Degree പഠിക്കാനായി (BBA ) അളഗപ്പ യൂണിവേഴ്സിറ്റിയില്‍ ചേര്‍ന്നു, അതോടൊപ്പം തന്നെ 2008 ജനുവരിയില്‍ Hareesh Associates എന്ന സ്ഥാപനത്തില്‍ ജോലിക്ക് ചേര്‍ന്നു RIC wing of HDFC, TVS Finance, Bajaj Finance, Cholamandalam finance, Muthoot finance തുടങ്ങിയ സ്ഥാപനങ്ങളുടെ field investigation and verifications ചെയ്തു കൊടുക്കുന്ന ഏജന്‍സി. coordinator ആയിരുന്നു ഞാന്‍ തരക്കേടില്ലാത്ത ജോലിയും ശമ്പളവും, അവിടെ നിന്നും Medical Transcription പഠിക്കാനായി എറണാകുളത്തെ Spectrum എന്ന കമ്പനിയിലെയ്ക്ക്, പെട്ടെന്നൊരു ദിവസം സ്വന്തമായി എന്തെങ്കിലും തുടങ്ങണം എന്നാ ആഗ്രഹം മൂത്തപ്പോള്‍ നേരെ വീട്ടിലേക്കു തിരിച്ചു പോന്നു..  ആ തിരിച്ചു വരവ് ആര്‍ക്കും ഇഷ്ടമില്ലായിരുന്നു, എങ്കിലും തിരിച്ചു വന്നു.. കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സ്വന്തമായി ഒരു ബിസിനസ്‌ ആരംഭിച്ചു.  Phoenix Data Solutions (01-06-2009) എന്ന പേരില്‍, തരക്കേടില്ലാത്ത വരുമാനവുമായി മുന്നോട്ടു പോകുന്നതിനിടെ വളരെ അപ്രതീക്ഷിതമായി SBI LIfe Insurance il Operations department il 'Process Agent' ആയി ജോലി കിട്ടി.. ബിസിനസ്സിനോടൊപ്പം സന്തോഷപൂര്‍വ്വം ആ ജോലിയും സ്വീകരിച്ചു.. അതിനിടയില്‍ രാവിലെ ജോലിക്കു പോവാന്‍ നേരം ദിവസവും കാണുമായിരുന്ന ഒരു കുട്ടിയോട് നല്ല കടുത്ത പ്രേമം.. എന്റെ ദൈവമേ ഒന്നും പറയണ്ട ഒരു കൊല്ലം മുഴുവന്‍ ആ കുട്ടി അറിയാതെ അവളെ ഞാന്‍ സ്നേഹിച്ചു.. (ഈ പ്രേമ കഥ പിന്നെ പറയാം ട്ടോ, കുറച്ചു കൂടുതലുണ്ട്, ഇപ്പൊ അവളുടെ കല്യാണമൊക്കെ കഴിഞ്ഞു ) SBI  ജോബ്‌ മടുത്തപ്പോള്‍ ഒരു event management കമ്പനിയില്‍ കയറി അവിടെ നിന്നും കുറച്ചു കാലം കഴിഞ്ഞപ്പോള്‍ ഇറങ്ങി എന്‍റെ സ്വന്തം സ്ഥാപനത്തിലേക്ക് മടങ്ങി.. SBI  യില്‍ ജോബ്‌ ഉണ്ടായിരുന്ന സമയത്ത് കണ്ട കുട്ടിക്ക് വേണ്ടി അവളുടെ കൂടെ വെറുതെ ഒരു 6 മാസം Bcom  പഠിച്ചു.. അതും ഒരു നല്ല ഹരായിരുന്നു. 6 മാസം അവളുടെ കൂടെ പഠിച്ചിട്ടും വെറും 6 തവണ മാത്രമാണ് അവളുമായി സംസാരിച്ചത്..  വേദനിപ്പിക്കുന്ന കുറെ ഓര്‍മ്മകള്‍ മാത്രം..



ജീവിതത്തിലെ ഓരോ പ്രതിസന്ധി ഘട്ടങ്ങളിലും മരണം വരെ ആഗ്രഹിച്ചിരുന്ന സമയങ്ങളിലും ഞാന്‍ എന്നോട് തന്നെ പറഞ്ഞ ഒരു വാചകമുണ്ട്.. " Whatever happens.. Life has to go on.. "

ഇന്നും എന്‍റെ സ്വപ്‌നങ്ങള്‍ ലളിതമാണ് ഒരു 100 പേര്‍ക്ക് എന്റെ സ്ഥാപനത്തില്‍ ജോലി നല്‍കുക എന്നത് മാത്രമാണ് എന്റെ ഏറ്റവും വലിയ ജീവിതാഭിലാഷം, അതിനുള്ള സംരംഭത്തിന്‍റെ പ്രാരംഭ ജോലികള്‍ തുടങ്ങി കഴിഞ്ഞു ഇനി വളരെ കുറഞ്ഞ നാളുകള്‍ക്കുള്ളില്‍ ആ സ്വപ്നം പൂവണിയും എന്ന് തന്നെ കരുതാം. എല്ലാവരുടെയും പ്രാര്‍ത്ഥനയും അനുഗ്രഹവും സര്‍വശക്തനായ ദൈവം തമ്പുരാന്‍റെ ഒടുക്കത്തെ കൃപാകടാക്ഷവും ഉണ്ടെങ്കില്‍ ഞാന്‍ ധന്യനായി..


ഇത്രയും പോരെ എന്നെ പറ്റി? ഇനിയും പറഞ്ഞു കൊണ്ടിരുന്നാൽ നിങ്ങൾക്ക്  ബോറടിക്കും.