ഡിജിറ്റല്‍ ഇന്ത്യാ - അറിയുന്നതും അറിയേണ്ടതും

നിങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണ് സുഹൃത്തുക്കളേ..

ഡിജിറ്റൽ ഇന്ത്യാ എന്ന് പറയുന്നത് ഒരിക്കലും ഫേസ്ബുക്കിന്റെ മാത്രം അജണ്ടയല്ല/ആവശ്യമല്ല. പ്രൊഫൈൽ പിക്ചർ മാറ്റുന്ന ആ പേജിന്റെ സോഴ്സ് കോഡിൽ ഇന്റർനെറ്റ്‌.ഓർഗ് എന്നുണ്ട്, ആയതിനാൽ ഈ ഡിജിറ്റൽ ഇന്ത്യാ ഏർപ്പാട് ഇപ്പോൾ 'ഫ്രീ ബേസിക്സ്' എന്ന് പേരുമാറ്റിയ ഇന്റർനെറ്റ്‌.ഓർഗ് തന്നെയാണ് എന്നൊക്കെ ഓരോരുത്തർ എഴുന്നള്ളിക്കുന്ന മണ്ടത്തരങ്ങൾ നിലം തൊടാതെ വിഴുങ്ങി തംസപ്പും (y) നല്കി മറ്റുള്ളവരിലേക്ക് തെറ്റായ വിവരങ്ങൾ പങ്ക് വെക്കുന്നത് തെറ്റാണ്. അത് നിങ്ങളെ കൊണ്ട് ചെയ്യിക്കുന്നത് അന്ധമായ മോഡി വിരോധം കൂടിയാണ്.

പ്രൊഫൈൽ ചിത്രം മാറ്റാതെ തന്നെ  ഡിജിറ്റൽ ഇന്ത്യയെ ഞാൻ പിന്തുണയ്ക്കുന്നു. ചിത്രം മാറ്റി കൊണ്ട്  പിന്തുണ അറിയിച്ചവരെ കളിയാക്കുന്നുമില്ല. പ്രൊഫൈൽ ചിത്രത്തിന് കളർ അടിക്കുന്ന പരിപാടി ഡിജിറ്റല്‍ ഇന്ത്യയ്ക്ക് സുക്കുമാമന്റെ പിന്തുണ അറിയിച്ചതാണ്, അത്തരം ഒരു പിന്തുണയിലൂടെ സര്‍ക്കാര്‍ ലെവലിലുള്ള കുറച്ച് സൌകര്യങ്ങള്‍ ലക്ഷ്യമിട്ടിരിക്കുകയും ചെയ്തിരിക്കണം. അതൊരു വശം മാത്രം.

എന്താണ് ഡിജിറ്റല്‍ ഇന്ത്യ ?

സര്‍ക്കാരും ജനങ്ങളും തമ്മിലുള്ള സാങ്കേതിക അകലത്തെ കുറയ്ക്കുന്നതിനും സര്‍ക്കാര്‍ തലത്തിലുള്ള സേവനങ്ങളെ സുഗമവും സുതാര്യവുമായ മാര്‍ഗ്ഗങ്ങളിലൂടെ സാധാരണ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തിനും, ഗ്രാമ പ്രദേശങ്ങളിലും സാങ്കേതിക വളര്‍ച്ചയും സാങ്കേതിക സാക്ഷരതയും കൈവരിക്കുക എന്ന ലക്ഷ്യത്തിനും സര്‍ക്കാര്‍ തലത്തില്‍ തുടങ്ങി വെച്ച പദ്ധതിയാണ് 'ഡിജിറ്റല്‍ ഇന്ത്യ'.. അതല്ലാതെ ഇതൊരു മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഇന്‍വെന്‍ഷന്‍ അല്ല.

എന്താണ് Internet.org ?

ഒരു കൂട്ടം വെബ്സൈറ്റുകള്‍ പ്രത്യേകം ഡിസൈന്‍ ചെയ്ത ഒരു പ്ലാറ്റ്ഫോമില്‍ ഏതെങ്കിലും ഒരു മൊബൈല്‍ സേവനദാതാവിന്റെ സഹായത്തോടെ തികച്ചും സൌജന്യമായി നല്‍കുവാനുള്ള പദ്ധതിയാണ് ഇന്റര്‍നെറ്റ്‌.ഓര്‍ഗ്, ഇതിന്‍പ്രകാരം ഉണ്ടാകുവാന്‍ ഇടയുള്ള പ്രത്യാഘാതങ്ങള്‍ എന്തൊക്കെയാണെന്ന് വെച്ചാല്‍ നമ്മള്‍ ഉപയോഗിക്കുന്ന സൈറ്റുകള്‍ക്ക് മാത്രമായി ഡാറ്റാപ്ലാനുകള്‍ തിരഞ്ഞെടുക്കേണ്ടി വരും, ചിലപ്പോള്‍ അതൊരു അമിതമായ ചാര്‍ജ്ജ് ആവാം, അല്ലെങ്കില്‍ മിതമായ ചാര്‍ജ്ജ് ആവാം.. എന്നാല്‍ ഈ നിരക്കുകള്‍ നിശ്ചയിക്കുന്നതിനുള്ള സ്വാതന്ത്യം ഇതില്‍ പങ്കാളികള്‍ ആകുന്ന കമ്പനികളില്‍ നിക്ഷിപ്തമായിരിക്കും.  ആയത് കൊണ്ട് തന്നെ ഇന്റര്‍നെറ്റ്‌.ഓര്‍ഗ് ഇന്ത്യയില്‍ സ്വീകാര്യമായൊരു സേവനം അല്ല. ഡിജിറ്റല്‍ ഇന്ത്യക്ക് പിന്നില്‍ അത്തരം ഉദ്ദേശങ്ങള്‍ ഉണ്ടെങ്കില്‍ എതിര്‍ക്കപ്പെടെണ്ടത് തന്നെയാണ്. അങ്ങനെ ഒന്നില്ലെന്ന് ഇതുവരെ വായിച്ചതില്‍ നിന്നും മനസ്സിലാക്കിയതില്‍ നിന്നും ഉറപ്പായും പറയാന്‍ കഴിയും.

ഫേസ്ബുക്കില്‍ ഇപ്പോള്‍ എന്താണ് നടക്കുന്നത് ?

ഡിജിറ്റല്‍ ഇന്ത്യയ്ക്ക് പിന്തുണ നല്‍കി കൊണ്ട് മാര്‍ക്ക് സുക്കര്‍ബര്‍ഗ് പ്രൊഫൈല്‍ ചിത്രം മാറ്റി, നമുക്കും അങ്ങനെ മാറ്റാനുള്ള സൗകര്യം ഒരു ആപ്പ് വഴി ഒരുക്കി തന്നു.

നമ്മള്‍ എന്താണ് ചെയ്യുന്നത് ?

സുക്കുമാമന്‍ സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത മാനങ്ങള്‍ അതിന് നല്‍കിയിട്ട് ഒരു മഹത്തായ ആശയത്തെ, പദ്ധതിയെ തികച്ചും രാഷ്ട്രീയവത്കരിക്കുന്നു. ആരെങ്കിലും അടിസ്ഥാനമില്ലാതെ പറയുന്ന കാര്യങ്ങള്‍ എന്തോ വല്ല്യ സംഭവം കണ്ടെത്തിയെന്ന രൂപേണ പൊക്കി പിടിച്ച് വെവ്വേറെ പോസ്റ്റുകള്‍ ഇടുന്നു.. എന്നാല്‍ അതില്‍ പറഞ്ഞിരിക്കുന്ന ലിങ്കുകളിലോ, പേജുകളിലോ പോയി ഇതിന്‍റെ സത്യാവസ്ഥ എന്താണ് എന്ന് പഠിക്കാനോ തിരുത്താനോ ഈ മണ്ടത്തരങ്ങള്‍ ഷെയര്‍ ചെയ്യുന്നവരില്‍ ഭൂരിഭാഗം പേരും തയ്യാറാവുന്നില്ല.

പട്ടിണിയും നെറ്റും തമ്മില്‍ എന്താണ് ബന്ധം ??

ഇന്റര്‍നെറ്റ്‌ സൗകര്യം എല്ലാവര്‍ക്കും ലഭ്യമാകും എന്ന് പറഞ്ഞിട്ട് പട്ടിണിപ്പാവങ്ങളെ മറന്നു എന്നതാണ് മറ്റൊരു ആരോപണം. മോഡിയും സുക്കര്‍ബര്‍ഗ്ഗും സംസാരിക്കുന്ന വീഡിയോ കണ്ടവര്‍ എത്രപേര്‍ ഈ വിഡ്ഢിത്തം എഴുന്നള്ളിക്കുന്നവരില്‍ ഉണ്ട് ? അതില്‍ കൃത്യമായി പറയുന്നുണ്ട്, Digital infrastructure is necessary as well as physical infrastructure എന്ന്. ഇപ്പറഞ്ഞതില്‍ പട്ടിണി മാറ്റും എന്നര്‍ത്ഥമില്ലാ.. എങ്കിലും, നമ്മുടെ രാജ്യത്തിന്റെ സാമ്പത്തികാഭിവൃദ്ധിക്ക് ഇത് രണ്ടും ഒരുപോലെ അനിവാര്യമാണ് എന്നൊരു അര്‍ത്ഥമുണ്ട്, സാമ്പത്തികമായി പുരോഗമിക്കുമ്പോള്‍ തൊഴില്‍ അവസരങ്ങള്‍ ഉണ്ടാകും, തൊഴിലവസരങ്ങള്‍ ഉണ്ടാകുമ്പോള്‍ സ്വാഭാവികമായും ദാരിദ്ര്യം കുറയും. അതിലൂടെയെ പട്ടിണി നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ കഴിയൂ.. അല്ലാതെ ഉള്ള കാശ് കൊണ്ട് പട്ടിണി കിടക്കുന്നവര്‍ക്ക് മൂന്ന്‍ നേരവും ഭക്ഷണം വാങ്ങി കൊടുക്കുന്നതല്ല വികസനം, അതല്ല ഒരു നേതാവ് ചെയ്യേണ്ടതും.

ഇന്ത്യയെ നന്നാക്കാന്‍ മേക്ക് ഇന്‍ ഇന്ത്യ പോലുള്ള കാമ്പയിനുകള്‍ നടന്നു കൊണ്ടിരിക്കുന്നുണ്ട്.. ആപ്പിളും സാംസങ്ങും വാങ്ങിയിട്ട് ഫേസ്ബുക്കും ഗൂഗിളും ഉപയോഗിച്ചിട്ട്‌ നമ്മള്‍ ഇവയെ കുറ്റം പറയുന്നുമുണ്ട്. ഒരിക്കല്‍ പോലും നാടിന് വേണ്ടി എന്ത് ചെയ്തു എന്നോര്‍ക്കാതെ നമുക്കൊന്നും കിട്ടിയില്ലെന്ന് പറഞ്ഞു പരിതപിക്കുന്നവര്‍ക്ക് ഒരിക്കല്‍ പോലും ഇതെല്ലാം എന്തിനു വേണ്ടി എന്ന് സ്വയം ചിന്തിക്കാനുള്ള വിവരമില്ലേ ? വിവേകമില്ലേ ? നാട് നന്നാവണം നാട്ടുകാര്‍ നന്നാവണം എന്നൊക്കെ എവിടെങ്കിലും ഇരുന്ന് വെറുതെ പറഞ്ഞാല്‍ പോരാ.. അതിനുവേണ്ടി ആരെങ്കിലും എന്തെങ്കിലും ചെയ്യുന്നുവെങ്കില്‍, അതില്‍ സത്യമുണ്ടെന്ന് സ്വയം ബോധ്യമായാല്‍ അതിനായ് നമുക്ക് ചെയ്യാന്‍ കഴിയുന്നതും നമ്മള്‍ ചെയ്യണം.  അല്ലാതെ അന്തി ചര്‍ച്ചകളില്‍ മാധ്യമ വേശ്യകളുടെ കൂടെ ശയിച്ച് വോട്ട് ബാങ്കും ലക്ഷ്യമിട്ട് വളവളാന്ന് പറയുന്ന രാഷ്ട്രം എന്തെന്നറിയാത്ത രാഷ്ട്രീയ ജോലിക്കാരുടെ വാക്കും കേട്ട് ബാക്കി ഉള്ളവരെകൂടി പൊട്ടന്മാര്‍ ആക്കുന്ന പോസ്റ്റുകള്‍ ഇത്തരം സോഷ്യല്‍ മീഡിയകളില്‍ പങ്കുവെക്കുകയല്ല ചെയ്യേണ്ടത്.

ചിന്തിക്കാന്‍ ഇനിയും സമയമുണ്ട്, പ്രവാചകന്‍ പറഞ്ഞത് പോലെ ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ട്.. സ്വയം, ചിന്തിക്കൂ, വായിക്കൂ.. സംശയങ്ങള്‍ ചോദിക്കൂ, അറിവില്ലായ്മകളെ തിരുത്തൂ, നിങ്ങളുടേതായ കാഴ്ചപ്പാടുകളെ സൃഷ്ടിക്കൂ, മാറുന്ന ലോകത്തെ കുറിച്ച് up to date ആയി വിവരമുള്ളവരായിരിക്കൂ. അതല്ലാതെ ആരെങ്കിലും പറയുന്നത് മാത്രം കേട്ട് എന്തെങ്കിലും എഴുന്നള്ളിക്കുന്നവരായി മാറാതിരിക്കൂ.. നല്ലൊരു നാളെ നമ്മെയും കാത്തിരിപ്പുണ്ട്‌.

# ഇതത്രയും എന്‍റെ പരിമിതമായ അറിവിന്‍റെ വെളിച്ചത്തില്‍ എഴുതിയതാണ്, നിങ്ങള്‍ക്ക് സ്വയം വിശകലനം ചെയ്യാം, എന്നെ തിരുത്താം. പക്ഷേ ഇത് കുത്തകയുടെ കളിയാണ്, മോഡി നമ്മുടെ രാജ്യം സുക്കര്‍ബര്‍ഗിന് വിറ്റു തുടങ്ങിയ എടുത്താല്‍ പൊങ്ങാത്ത മണ്ടത്തരങ്ങള്‍ ഇങ്ങോട്ട് എഴുന്നള്ളിക്കാന്‍ ഒരുത്തനും വരണ്ടാ.. വായിക്കാത്ത ഒരുത്തനും ലൈക്കും തരണ്ടാ... #

-San-

#ISupportDigitalIndia 

2 comments:

  1. ഞാന്‍ തെട്ടിദ്ധരിച്ചിട്ടേയില്ല. മാത്രമല്ല, ഇത് എനിക്ക് ഒരു വിഷയമായി തോന്നിയതുപോലുമില്ല

    ReplyDelete
  2. നല്ല ലേഖനം. ഡിജിറ്റല്‍ ഇന്ത്യ തീര്‍ച്ചയായും നല്ല ഉദ്യമമാണ്. എത്രയും പെട്ടെന്ന് പദ്ധതി പ്രായോഗിക തലത്തില്‍ എത്തട്ടെ എന്നാഗ്രഹിക്കുന്നു.

    ReplyDelete