Pages

പടിയിറങ്ങിയ ഓര്‍മ്മകള്‍

ഒരു വര്‍ഷം .. അതെത്ര വേഗമാണ്‌  പടിയിറങ്ങിപ്പോയത് ? ഒരു പിടി നല്ല ഓര്‍മകളും അതിലേറെ വേദനിപ്പിക്കുന്ന ഒട്ടേറെ സത്യങ്ങളുമായി 2012 അവസാനിക്കുകയാണ്..  തിരിച്ചും മറിച്ചും ഗണിച്ചും നോക്കിയാലും നമുക്കെല്ലാവര്‍ക്കും നേട്ടങ്ങള്‍ തന്നെ, കാരണം ചുരുങ്ങിയ പക്ഷം ഇത് വായിക്കുന്നവരെങ്കിലും ജീവനോടെ ഇരിക്കുന്നല്ലോ. എന്നാല്‍ ഈ യാത്രയില്‍ നമ്മോടൊപ്പം ഉണ്ടായിരുന്നോ എത്രയോ പേര്‍ ഒരു യാത്ര പറയാനുള്ള സമയം പോലും നമുക്ക് നല്‍കാതെ നമ്മെ വിട്ടു പോയിട്ടുണ്ട്. ഇതത്രയും പറഞ്ഞു നിങ്ങളുടെ മനസ്സിലെ ഊര്‍ജത്തെ ഞാന്‍ കെടുത്തുന്നില്ല, പകരം ഒരോര്‍മ്മപ്പെടുത്തല്‍ മാത്രമാണ് നീയും ഞാനും എല്ലാം ഇത്രയേ ഉള്ളൂ എന്ന് .. ഏറി വന്നാല്‍ ഒരു നൂറു വര്‍ഷം  അത്രയൊക്കെയേ ഉള്ളൂ നമ്മുടെയൊക്കെ ആയുസ്സ് അതിനിടയില്‍ കാണുന്ന ഒരുപാട് മുഖങ്ങള്‍ , ചിലര്‍ നമ്മുടെ ജീവിതത്തിലേക്ക് നേരിട്ട് വരുന്നു .. മറ്റു ചിലര്‍ നാമറിയാതെ തന്നെ നമ്മുടെ ജീവിതത്തിന്റെ ഭാഗമാകുന്നു. ഓരോരുത്തരും പ്രിയപ്പെട്ടവര്‍ തന്നെ. ആര്, ആരെ, ആര്‍ക്കു, എപ്പോള്‍ എങ്ങനെ, വേണ്ടി വരുമെന്നു ആര്‍ക്കും പ്രവചിക്കാന്‍ കഴിയില്ല, എല്ലാവരെയും സ്നേഹിക്കുക. എല്ലാവര്‍ക്കും നന്മകള്‍ നേരുക.. സഹജീവികളോട് കരുണയുള്ളവനായിരിക്കുക.. എങ്കില്‍ നമുക്കും സന്തോഷവും സമാധാനവും താനേ വന്നു ചേരും..

ഈ വൈകിയ വേളയില്‍ എല്ലാവര്‍ക്കും നവവത്സരാശംസകള്‍  നേര്‍ന്നു കൊള്ളുന്നു..  കുറച്ചു കൂടുതല്‍ പറയാനുണ്ട് , അത് വഴിയെ..

സഖാവേ..


സഖാവേ

 ചിന്തിയ ചോരയും
ചലിപ്പിച്ച മുഷ്ടിയും
ചിന്തയിലെ പ്രസ്ഥാനവും
ചങ്കൂറ്റവും ആദര്‍ശവും
തിരിഞ്ഞു നോക്കും ഇന്നലെകളിലേക്ക് ..
തലതിരിഞ്ഞവനെന്നു വിളിക്കുമെന്നെയെങ്കിലും
തകര്‍ക്കപ്പെടാത്ത വിശ്വാസവും
തളരാതിരിക്കും പ്രതീക്ഷയും
താളത്തില്‍ എന്നെവിളിക്കും
സഖാവേ സഖാവേ എന്ന് മാത്രം ..

> SAN <

കരഞ്ഞാടിയിലെ കഥ..

മഹാരാഷ്ട്രയിലെ രത്നഗിരിയ്ക്കും പനവേലിനും മദ്ധ്യേ ഒരു സ്ഥലമാണ് കരഞ്ചാടി.. കരഞ്ഞാടി എന്ന് പറയാനാ എനിക്കിഷ്ട്ടം.. ന്റെ മുംബൈ ട്രിപ്പ്‌ കഴിഞ്ഞു വരുന്ന വഴിയാണ് സംഭവം. പെട്ടെന്ന് തീരുമാനിച്ച യാത്രയായത് കൊണ്ട് ടിക്കറ്റ്‌ ഒന്നും റിസേര്‍വ് ചെയ്തിരുന്നില്ല.. ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ ഇരുന്നു തന്നെ യാത്ര. പക്ഷെ തിരിച്ചു വരുന്ന വഴി സൂചി കുത്താന്‍ പോലും ഇടയില്ലാത്ത കമ്പാര്‍ട്ട്മെന്റില്‍ യാത്ര എനിക്ക് പിടിച്ചില്ല.. രണ്ടും കല്‍പ്പിച്ചു ഒരു സ്ലീപ്പര്‍ കോച്ചില്‍ കയറിയിരുന്നു. ഏമാന്മാര്‍ വല്ലവരും പിടിച്ചാല്‍ വല്ല കൈമടക്കും കൊടുക്കാം എന്നായിരുന്നു പ്ലാന്‍ .. പതിവിലേറെ ഉള്ള തിരക്ക് മനസിലായതിനാല്‍ ടിക്കറ്റ്‌ ചെക്കര്‍ ഒന്നും പറഞ്ഞില്ല.. കുറെ ദൂരം ചെന്നതിനു ശേഷം ഇനി നിര്‍ത്തുന്ന സ്റ്റേഷനില്‍ ഇറങ്ങി പുറകില്‍ ജനറലില്‍ പോയിരിക്കണം എന്ന് മാത്രം പറഞ്ഞു. ഞാനും സിറാജും റിഷാധും അക്ഷരം പ്രതി അനുസരിക്കാന്‍ തീരുമാനിച്ചു. അങ്ങനെ ക്രോസ്സിങ്ങിനു വേണ്ടി ട്രെയിന്‍ കരഞ്ഞാടിയില്‍ പിടിച്ചിട്ടു.. കുറെ നേരം ഞങ്ങള്‍ പുറത്തിറങ്ങാതെ ഇരുന്നു. പിന്നെ പെട്ടന്ന് എന്തോ വെളിപാട് കിട്ടിയ പോലെ ചാടിയിറങ്ങി പുറകിലേക്ക് പോകാന്‍ നോക്കി.. ഞങ്ങള്‍ മൂന്നു പേരും പുറത്തിറങ്ങി പിന്നോട്ട് നടന്നു.. നടത്തത്തിനിടയില്‍ വണ്ടി മുന്നോട്റെടുത്തത് ആരും അറിഞ്ഞില്ല.. അറിഞ്ഞപ്പോഴേക്കും വൈകി. ഓടിക്കയറാന്‍ നോക്കുമ്പോള്‍ ജനറലിന്റെ വാതില്‍ അടഞ്ഞു കിടക്കുന്നു.. പിന്നെ കയറാന്‍ പുറകില്‍ വേറെ കോച്ച് ഒന്നും ഇല്ലാതിരുന്നതിനാല്‍ പെട്ടു എന്ന് മനസ്സിലാക്കി മേപ്പോട്ടും നോക്കി നിന്നു. ഇനി അടുത്ത ട്രെയിന്‍ വരും എന്ന പ്രതീക്ഷയില്‍ സ്റ്റേഷനില്‍ വെയിറ്റ് ചെയ്യാന്‍ വേണ്ടി നടന്നപ്പോള്‍ അവിടെ ആകെ ഉണ്ടായിരുന്നു സ്റ്റേഷന്‍ മാസ്ടറും  പിന്നൊരാളും പറഞ്ഞത് കേട്ടപ്പോള്‍ തൃപ്തിയായി.. ഇവിടെ വേറെ ട്രെയിന്‍ ഒന്നും നിര്‍ത്തില്ലാത്രെ .. അടുത്ത ട്രെയിന്‍ രാവിലെ ഒന്‍പതു മണിയ്ക്കാണ് അതും വന്ന വഴി തിരിച്ചു പോകാനുള്ള ട്രെയിന്‍ . ഇത്രയും നടക്കുമ്പോള്‍ സമയം രാത്രി ഒരുമണി. വൈകിട്ടെങ്ങാനും വല്ലതും കഴിച്ചതിനു ശേഷം ഒരു വഹ അകത്തു പോയിട്ടില്ല.. അവിടെയാണെങ്കില്‍ എലിവിഷം പോലും കിട്ടാനുമില്ല.. ഒന്ന് തല ചായ്ക്കാന്‍ പ്ലാറ്റ്ഫോം ലക്ഷ്യമാക്കി നടക്കുമ്പോള്‍ മുന്നില്‍ നല്ല ഉശിരന്‍ നായ്ക്കള്‍ നിന്നു കുരയ്ക്കുന്നു.. ഒരു നിമിഷം അവിടെ നിന്നു പോയി.. മൂത്രം പോയോ എന്ന് നോക്കാന്‍ ഞങ്ങളിലാരോ താഴോട്ടു നോക്കി.. ഭാഗ്യം ഇല്ല. പിന്നെ ഞങ്ങളുടെ അവസ്ഥ കണ്ടു മനസ്സലിഞ്ഞിട്ടാണെന്നു തോന്നുന്നു അവ വഴി മാറി തന്നു.. എല്ലാരും കിട്ടിയ കുറച്ചു സ്ഥലത്ത് ഉറങ്ങാന്‍ തീരുമാനിച്ചു. ഒരു നാലര ആയപ്പോഴേക്കും എനിക്കുറക്കം മതിയായി. മെല്ലെ എഴുന്നേറ്റു അതിലെയൊക്കെ നടക്കാന്‍ തുടങ്ങി. ഒരു കാര്യം വ്യക്തമായി.. സ്റ്റേഷനില്‍ മാത്രമല്ല അതിന്റെ ഒരു രണ്ടു കിലോ മീറ്റര്‍ ചുറ്റളവില്‍ പോലും ഒരു ചുക്കുമില്ല എന്ന്. ഉടുക്കാന്‍ കൊണ്ടുപോയ വെള്ള മുണ്ട് പുതച്ചു ഞാന്‍ ആ വഴിയൊക്കെ നടക്കാന്‍ തുടങ്ങി ആരെയെങ്കിലും കണ്ടാല്‍ വല്ലതും മിണ്ടിയും പറഞ്ഞും ഇരിക്കാം എന്ന് കരുതി.. (ചുമ്മാ..) പക്ഷെ ആരെ കാണാന്‍ ? കുറെ ദൂരം നടന്നപ്പോള്‍ ഒരു വെള്ള രൂപം ദൂരെ നിന്നും നടന്നു വരുന്നത് കണ്ടു.. എനിക്കെന്തോ ഒരു പേടി തോന്നി.. വല്ല പ്രേതവും വരുന്നത് പോലെ.. പേടി കൂടിക്കൂടി വന്നു. അയാളുടെ അടുത്ത് പോകാതെ തിരിഞ്ഞു നടക്കാന്‍ എന്നെ ആരോ പ്രേരിപ്പിച്ചു വെള്ള മുണ്ട് ഒന്നുകൂടെ അഴിച്ചു പുതച്ചു കൊണ്ട് ഞാന്‍ വേഗത്തില്‍ തിരിഞ്ഞു നടന്നു .. എന്നെ കണ്ടിട്ടാവണം ഞെട്ടിക്കൊണ്ടു അയാളും തിരിച്ചു നടന്നു.. പിന്നെ പുറത്തേക്കു പോകാന്‍ എന്തോ ഒരു പേടി പോലെ.. വീണ്ടും സ്റ്റേഷനില്‍ വന്നു ഉറങ്ങാതെ കിടന്നു. നായ്ക്കളുടെ കുരയും കേട്ട് കൊണ്ട്. എന്തായാലും ആ രാത്രി ഈ ജീവിതത്തില്‍ മറക്കില്ല. ഇനിയും കുറച്ചു കഥ ബാക്കിയുണ്ട് സമയം പോലെ പറയാം...



ഇവിടിപ്പം ആരാ ശശി ?

ഒരു പെണ്മണി എലിയെ കുറിച്ച് ഫേസ്ബുക്കിലെ ഗ്രൂപ്പില്‍ ഒരു പോസ്ടിട്ടത്രെ, 

"ഹെല്‍പ് മീ .. ഹെല്‍പ് മീ .! എലി സസ്യഭുക്കാണോ മാംസഭുക്കാണോ...? "

ചുരുങ്ങിയ സമയത്തിനുള്ളില്‍ ഒന്നൊഴിയാതെ കമന്റുകളും വന്നു കൊണ്ടിരുന്നു. കാരണവന്മാരും പയ്യന്മാരും എന്ന് വേണ്ട സകലമാന പഞ്ചാരക്കുട്ടന്മാരും അവിടെ വന്നു ലൈക്കിയും കമെന്റിയും  പോസ്റ്റ്‌ ഹിറ്റാക്കി. ഇതൊക്കെ ഒളിഞ്ഞിരുന്നു നോക്കിയ വേറൊരു വിദ്ധ്വാന്‍ ചര്‍ച്ച തീര്‍ന്ന മുറയ്ക്ക് രായ്ക്കു രാമാനം ഇതൊക്കെ കൂടി തന്റെ ബ്ലോഗില്‍ ഒരു പോസ്ടാക്കി  പുലരും മുന്‍പേ ഗ്രൂപ്പായ ഗ്രൂപ്പ് മുഴുവന്‍ പാണരെ പോലെ പാടി നടന്നു. ആദ്യ കഥ ഇവിടെ തീര്‍ന്നു..

രണ്ടാം ഭാഗം ആരംഭിക്കുന്നത് ഫേസ്ബുക്കിലെ പേജുകളിലാണ്.
പൊടിമോളും ശശിയും കുമാരനും എന്ന് വേണ്ട മലയാളം പറയുന്ന പേജായ പേജു മുഴുവന്‍ നാട്ടുകാരിതും പേറി നടന്നു. ലൈക്കിനു ലൈക്കും കമെന്റിനു കമെന്റും ഒട്ടും കുറവില്ലാതെ കിട്ടി. കുറേപ്പേര്‍ കഥയറിയാതെ ആട്ടം കണ്ടു നിന്നു, വേറെ കുറെ പേര്‍ ഈ കഥ പോയ വഴിയെല്ലാം തിരഞ്ഞു ചെന്ന് ലിങ്കെല്ലാം വാരിയെടുത്ത് വേണ്ടപ്പെട്ടവര്‍ക്കൊക്കെ എത്തിച്ചു കൊടുത്തു.. ആവശ്യാനുസരണം ലൈക്കിന്റെയും കമെന്റിന്റെയും സ്ക്രീന്‍ ഷോട്ടുകളും വിതരണം ചെയ്തു. ഒടുക്കം കറങ്ങിത്തിരിഞ്ഞു ഈ കഥയൊക്കെ എവിടെ തുടങ്ങിയോ അവിടെ തന്നെ തിരിച്ചെത്തി. 

മുഖപുസ്തക താളുകള്‍ നിറയെ തേടിനടന്നു ലിങ്കുകളും വാരിയെടുത്ത് സ്ക്രീന്‍ ഷോട്ടും ഉണ്ടാക്കി ഗ്രൂപ്പില്‍ പോസ്റ്റ്‌ ചെയ്യാന്‍ പാകത്തില്‍ എത്തിയവരെ കാത്തിരുന്നത് മറ്റൊരു ചോദ്യം

"ഹെല്‍പ് മീ പ്ലീസ്! കൊതുക് മാംസഭുക്കോ അതോ സസ്യഭുക്കോ??" 

മുന്‍പത്തെ പോലെ തികച്ചും ന്യായമായ സംശയം. ആകെ ഒരു വ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ. ചോദ്യ കര്‍ത്താവ്‌ ഒരു ആണ്‍തരിയായിരുന്നു.. വ്യക്തമായ ഉത്തരം പോയിട്ട് ഒരു ലൈക്‌ എങ്കിലും കിട്ടുമോ എന്ന് ശങ്കിച്ച് നിന്ന ആദ്യ നിമിഷങ്ങള്‍ .. ആ ശങ്കയെല്ലാം അസ്ഥാനത്താക്കിക്കൊണ്ട് പിന്നങ്ങോട്ട് കമെന്റുമഴയായിരുന്നു.. മടിച്ചു നില്‍ക്കാതെ കടന്നു വന്നവരെല്ലാം തനിക്കറിയാവുന്ന വിജ്ഞാന കോശത്തിലെ വിവരങ്ങളെല്ലാം പാകത്തിന് വിളമ്പി. നിമിഷങ്ങള്‍ക്കുള്ളില്‍ കമെന്റുകളുടെ എണ്ണം നൂറു എന്ന സ്വപ്ന സംഖ്യ തൊട്ടു. സെഞ്ച്വറി അടിച്ചുവെന്നര്‍ത്ഥം. മൂന്ന് മണിക്കൂറുകള്‍ക്കിപ്പുറം, ഇതെഴുതുമ്പോള്‍ കമെന്റുകളുടെ എണ്ണം 160 ആയിരിക്കുന്നു.

ചോദ്യകര്‍ത്താവിന് മതിയായ ഉത്തരം കിട്ടിയാലും ഇല്ലെങ്കിലും ഒരാണ്‍തരി വിചാരിച്ചാലും ഇവിടെ ചിലതൊക്കെ നടക്കും എന്ന് സ്ഥാപിച്ചെടുക്കാന്‍ കഴിഞ്ഞു. ചോരയും കോഴിമുട്ടയും കൊച്ചിയും അച്ചിയും ഒക്കെ ആ ചര്‍ച്ചയില്‍ വിഷയങ്ങളായി. 

എന്റെ ഖേദം ഇതൊന്നുമല്ല ഈ നൂറ്റിയറുപതു കമെന്റുകളില്‍ ഒന്നൊഴിച്ച് ബാക്കിയെല്ലാം ആണ്‍തരികളുടേതു  തന്നെയാണ്.. അപ്പൊ ഞാനൊരു ചോദ്യം ചോദിച്ചോട്ടെ?? നാക്ക്‌ പുറത്തേക്കു തള്ളിയിട്ടിട്ടാണ് ചോദിക്കുന്നത് .. 

ഇവിടാരാ ശശി??  അല്ല ശരിക്കും ആരാ ശശി? 



ഒരു ബ്രാന്റഡ് കഥ.

     ഷോപ്പിംഗ്‌ മാളിലെ ഫുഡ്‌ കോര്‍ട്ടില്‍ ഒഴിഞ്ഞ കോണില്‍ മുഖാമുഖമിരുന്നു കൊണ്ട് സംസാരിച്ചു തുടങ്ങിയപ്പോഴേ ഇവള്‍ ശരിയാകില്ല എന്നെന്റെ മനസ്സ് ഒരു നൂറുവട്ടം മന്ത്രിച്ചു. ഫേസ്ബുക്കിലെ പരിചയം വളര്‍ന്നു പന്തലിച്ചു ഇപ്പോള്‍ ഫുഡ്‌ കോര്‍ട്ട് വരെയെത്തി നില്‍ക്കുന്നു. ചറപറായെന്നു വാ തോരാതെ സംസാരിക്കുന്ന എനിക്ക് ഒരു വാക്ക് പോലും തിരിച്ചു പറയാന്‍ സമയം തരാതെ അവള്‍ടെ വക ചറപറ സംസാരം.. എന്റമ്മോ ശരിക്കും ഒരു വായാടി..

ഇവളെ എങ്ങനെ ഒതുക്കും എന്നറിയാതെ മുകളിലോട്ടു നോക്കിയിരുന്നു കുറച്ചു നേരം.. നോ രക്ഷ. ഒരു ചെറിയ പിടി പോലും തരുന്നില്ല. എന്തൊക്കെയോ പറഞ്ഞു പറഞ്ഞു അവസാനം പര്‍ച്ചേസിങ്ങില്‍ എത്തി കാര്യങ്ങള്‍ .. അവള്‍ വാങ്ങുന്നതൊക്കെ ബ്രാന്‍ഡഡ്    ആണത്രേ..!!
കയ്യിലുള്ള പേഴ്സ് , ധരിച്ചിരിക്കുന്ന വസ്ത്രം, മൊബൈല്‍ , ചെരുപ്പ് , ഒര്‍നമെന്റ്സ് , അങ്ങനെ ബ്രാന്‍ഡ്‌ തിരിച്ചു ഓരോന്നും പറഞ്ഞു കൊണ്ടേ ഇരുന്നു.. കൂടെ അതിന്റെയൊക്കെ വിലയും.

ഇതൊക്കെ പോരാഞ്ഞു എന്റെ ജീന്‍സ് ചൂണ്ടിക്കാണിച്ചുകൊണ്ട് എന്നോടൊരു ചോദ്യം "അല്ല ഇതേതു ബ്രാന്‍ഡ്‌ ആണ് ? "

ഓ വല്ല്യ ബ്രാന്‍ഡ്‌ ഒന്നുമല്ല.. ഇഷ്ട്ടായപ്പോള്‍ അങ്ങ് വാങ്ങി എന്നെ ഉള്ളൂ, വല്ല്യ വിലയും ഇല്ല വെറും എഴുനൂറു രൂപ.

ഈ ടി ഷര്‍ട്ടോ? .. അവള്‍ വിടാന്‍ ഭാവമില്ല.

അതൊരു നൂറു രൂപ കൊടുത്തു വാങ്ങിയതാ, എനിക്ക് നന്നായി ചേരും എന്ന് ഫ്രണ്ട് പറഞ്ഞപ്പോള്‍ പിന്നെ നോക്കിയില്ല .. അങ്ങ് വാങ്ങി.

കയ്യിലെ fastrack വാച്ച് അവള്‍ക്കിഷ്ട്ടായി , വല്ല്യ ബ്രാന്‍ഡ്‌ ആണത്രേ.. ഹാവൂ ഇതോടെ നിര്‍ത്തി എന്ന് കരുതി ഇരിക്ക്യായിരുന്നു.. അപ്പോഴാണ്‌ അടുത്ത ഉപദേശം.. "നോക്കൂ ഈ ഡ്രസ്സ്‌ ഒക്കെ വാങ്ങുമ്പോള്‍ ബ്രാന്‍ഡ്‌ നോക്കി തന്നെ വാങ്ങണം.. അല്ലെങ്കില്‍ സ്കിന്‍ പ്രോബ്ലെംസ് ഉണ്ടാകും. ദാ  ആ പോകുന്ന ചേട്ടനെ നോക്കൂ ഷര്‍ട്ട്‌ ഏതോ നല്ല ക്വാളിറ്റി സാധനമാണ് , അതൊക്കെ ഇട്ടു നടന്നാല്‍ നല്ല കംഫോര്ട്ട് ആയിരിക്കും"

എന്റെ സകല ക്ഷമയും കെട്ടു. പിന്നൊന്നും നോക്കീല ചുറ്റുവട്ടത്ത് അധികം ആരും ഇല്ല എന്നുറപ്പ് വരുത്തിക്കൊണ്ട് എഴുന്നേറ്റു നിന്നിട്ട് എന്റെ നൂറു രൂപയുടെ ടി ഷര്‍ട്ട് fastrack  വാച്ച് ധരിച്ച ഇടതു കൈകൊണ്ടു സ്വല്‍പ്പം ഉയര്‍ത്തിക്കൊണ്ടും എഴുനൂറു രൂപയുടെ ജീന്‍സ് അല്‍പ്പം താഴ്ത്തിക്കൊണ്ടും അകത്തെ ബ്രാന്റഡ്   VIP Frenchie  അണ്ടര്‍ വെയര്‍ കാണിച്ചു കൊടുത്തുകൊണ്ട്  പറഞ്ഞു

"ദേ  ഇത് നോക്കിക്കേ.. ഇത് നല്ല ബ്രാന്‍ഡ്  ആണ് , 110 രൂപയായി,  സ്കിന്‍ പ്രോബ്ലം ഒന്നും ഉണ്ടാക്കില്ല.. ഒന്ന് തൊട്ടു നോക്കിക്കെ നല്ല ക്വാളിറ്റി മെറ്റീരിയല്‍ ആണ്, ഡബിള്‍ ലെയര്‍ കോട്ടിംഗ് ഒക്കെ ഉണ്ട് .. ദാ .." 

അവള്‍ക്കെന്റെ 'ബ്രാന്‍ഡ്‌' നോക്കണോ അതോ മുഖത്ത് നോക്കണോ എന്ന് confusion ആയിക്കാണും.. എന്തായാലും പിന്നെ അധിക നേരം അവിടെ നിന്നില്ല.. ചമ്മിയ മുഖത്തോടെ മാളിന്റെ പടിയിറങ്ങി.

ബ്രാന്‍ഡ്‌ ചോദിക്കുന്നവരോട് മറുപടി പറയാന്‍ എനിക്കൊരുത്തരവും ആയി ശല്യം തലയില്‍ നിന്നൊഴിഞ്ഞു പോവേം ചെയ്തു..

"ഇനി ഇത് വായിക്കുന്നവരോട് രണ്ടു വാക്ക് 'ഇത് കഥയാണ്‌ , വെറും കഥ.. സദാചാരവാദം പറഞ്ഞാരും പടവാളെടുത്ത് വരേണ്ടാ.. ഞാനൊരു പാവാണ്..  "