Pages

ഹെല്‍മെറ്റ്‌ വേട്ടക്കാര്‍

2009 ഒക്ടോബര്‍ , നാട്ടിലെ ഗ്രേസ് എന്ന പ്രമുഖ റസ്ക് നിര്‍മാണ യൂണിറ്റില്‍ ജോലി ചെയ്തിരുന്ന സമയം. കമ്പനിയിലേക്ക് ഒന്ന് രണ്ടു സാധനങ്ങള്‍ വാങ്ങുന്നതിനും അതിനടുത്ത ദിവസങ്ങളില്‍ സ്ഥിരമായി ബൈക്കില്‍ യാത്ര ചെയ്യേണ്ടതിനാല്‍ ഒരു ഹെല്‍മെറ്റ്‌ വാങ്ങുന്നതിനുമായി ഞാനും എന്റെ സുഹൃത്ത്‌ ഷാഹിദും ഒരുമിച്ചു ബൈക്കില്‍ തന്നെ കോഴിക്കോട് ടൌണിലേക്ക് പുറപ്പെട്ടു. തിരക്കില്‍ മറന്നു പോവാതിരിക്കാനായി വാങ്ങേണ്ട സാധനങ്ങളുടെയും ചെയ്യേണ്ട കാര്യങ്ങളുടെയും ഒരു ലിസ്റ്റ് എഴുതി കയ്യില്‍ വെച്ചിരുന്നു. ഹെല്‍മെറ്റ്‌ വാങ്ങണം എന്നതുള്‍പ്പെടെ. മാസാവസാനം ആയതിനാല്‍ ഫണ്ട്‌ പിരിവിനായി ഹെല്‍മെറ്റിന്റെ പേരും പറഞ്ഞു കാക്കിക്കുപ്പായക്കാര്‍ പുറത്തിറങ്ങുന്ന സമയം, ദൂരെ നിന്നെ അവരെ ഞങ്ങള്‍ കണ്ടിരുന്നു.. എങ്കിലും അവര്‍ നില്‍ക്കുന്നതിനു തൊട്ടപ്പുറത്ത് തന്നെ റോഡ്‌ അരികില്‍ ഹെല്‍മെറ്റ്‌ കച്ചവടം ചെയ്യുന്ന ഹിന്ദിക്കാരനില്‍ നിന്നും ഹെല്‍മെറ്റ്‌ വാങ്ങുകയായിരുന്നു ഉദ്ദേശം.. അതുകൊണ്ട് തന്നെ പിരിവിനു നില്‍ക്കുന്നവരില്‍ നിന്നും ചെറിയ ദയ പ്രതീക്ഷിച്ചു കൊണ്ട്, അവര്‍ ആകെ രണ്ടു പേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ..  അവരുടെ മുന്‍പില്‍ വെച്ച് തന്നെ ഹെല്‍മെറ്റ്‌ വാങ്ങാമല്ലോ എന്ന ചിന്തയുമായി മുന്നോട്ടു തന്നെ വണ്ടി വിട്ടു. പുതിയ ഇരകളെ കണ്ടയുടനെ കാക്കികള്‍ ചാടി വീണു.. എവിടെ ഹെല്‍മെറ്റ്‌? ബുക്കും പേപ്പറും എടുക്ക്.. ലൈസന്‍സ് ഇല്ലേ? തുടങ്ങിയ പതിവ് ചോദ്യങ്ങള്‍ .. 



അത് മാന്യമായി ചോദിച്ചിരുന്നെങ്കില്‍ ഒന്നും തോന്നില്ലായിരുന്നു.. എന്നാല്‍ ഇതങ്ങനെയല്ല.. അതിലൊരാള്‍ തികച്ചും അസഹനീയമായ രീതിയില്‍ തെറി പ്രയോഗം തുടങ്ങി. ഞാനും ഷാഹിയും ഹെല്‍മെറ്റ്‌ വാങ്ങാന്‍ എഴുതി വെച്ച ലിസ്റ്റ് എടുത്തു കാണിച്ചിട്ട് പറഞ്ഞു "സര്‍ ഞങ്ങള്‍ ഇപ്പോള്‍ തന്നെ ഹെല്‍മെറ്റ്‌ വാങ്ങിക്കോളാം, അതിനുള്ള കാശ് മാത്രമേ കയ്യിലുള്ളൂ "എന്നൊക്കെ.. പക്ഷെ ഇതൊന്നും കേള്‍ക്കാന്‍ പുള്ളിക്കാരന് ഒട്ടും സമയമില്ലാ.. തെറിയോടു തെറി, അതും പറയാനും കേള്‍ക്കാനും അറപ്പുളവാകുന്ന നല്ല ഭരണിപ്പാട്ട് തന്നെ. തെറി കൂടിക്കൂടി വന്നപ്പോള്‍ ഗതികെട്ട  ഞാന്‍ ചോദിച്ചു, "സര്‍ ഞാന്‍ താങ്കളുടെ മകന്റെ പ്രായമല്ലേ ഉള്ളൂ.. ഇങ്ങനെ തെറി പറയണോ"  എന്ന്.. 

ദൈവമേ.. ചോദിച്ചു കുടുങ്ങിയല്ലോ എന്നായി ഞാന്‍ .. പുള്ളിയുടെ വക അതിനും തെറി, ഇതിനിടയില്‍ കൂടെയുണ്ടായിരുന്ന മറ്റേ കാക്കി എന്റെ ലൈസന്‍സ് തിരിച്ചു തന്നു.. ഒരു നൂറു രൂപയടയ്ക്കാന്‍ പറഞ്ഞു. ലൈസന്‍സ് കയ്യില്‍ വാങ്ങിയ ഞാന്‍ തെറി പറഞ്ഞ കാക്കിയുടെ നെഞ്ചിലെക്കൊന്നു നോക്കി, ആ മഹത് വ്യക്തിയുടെ പേരറിയാന്‍ വേണ്ടി നോക്കിയതാണ്, ആ നോട്ടം പുള്ളിക്കാരന്‍ കണ്ടു, 
"ഇന്നാ നോക്കിക്കോ എന്റെ പേര് ജയ****** എന്നാണു, നീ പോയി കേസ് കൊടുക്ക്‌ ... %&^*$^ %#%@" (അതെ, പിന്നെയും കേള്‍ക്കാന്‍ കൊള്ളാത്ത നല്ല മുട്ടന്‍ തെറി) കയ്യിലുണ്ടായിരുന്ന നൂറു രൂപ എടുത്തുകൊടുക്കാന്‍ നില്‍ക്കവെയാണ് പുള്ളി ഇത് പറഞ്ഞത്, ഒരു നിമിഷം എന്റെ തല പെരുത്തു കയറി, തലയും കയ്യും തമ്മിലുള്ള ബന്ധം വിട്ടതുകൊണ്ടായിരിക്കണം രണ്ടാമതൊന്നാലോചിക്കാതെ അയാളുടെ കോളറിനു ഞാന്‍ കയറിപ്പിടിച്ചു, നന്നായി മുറുക്കി പിടിച്ചു കൊണ്ട് ഒരൊറ്റ ശ്വാസത്തില്‍ പറഞ്ഞു "നായിന്റെ മോനെ ഇനി തെറി പറഞ്ഞാല്‍ ചെള്ള അടിച്ചു ഞാന്‍ പൊട്ടിക്കും" എന്ന്. ഞാന്‍ പറഞ്ഞത് തെറി ആയിരുന്നോ ? അറിയില്ല, പെട്ടെന്ന് പറഞ്ഞു പോയി അത്ര തന്നെ..

ഒരു നിമിഷം അയാളുടെ കണ്ണുകളിലെ ഭയം ഞാന്‍ കണ്ടു, പെട്ടന്നൊരു പൊട്ടിത്തെറി അയാള്‍ പ്രതീക്ഷിച്ചു കാണില്ല. തിരിച്ചെന്തെങ്കിലും പറയാനോ, പ്രവര്‍ത്തിക്കാനോ അയാള്‍ നില്‍ക്കുന്നതിനു മുന്‍പേ ഞങ്ങള്‍ ബൈക്കില്‍ കയറി കഴിഞ്ഞിരുന്നു.. എന്റെ പുറകെ ഓടിവരാന്‍ നിന്നപ്പോഴേക്കും "നീ പറ്റുമെങ്കില്‍ എന്നെ ഓടിച്ചിട്ട്‌ പിടിക്ക്" എന്ന് പറഞ്ഞു ഞാന്‍ വേഗം വണ്ടിയെടുത്തു. ഒരു വിധം സ്ഥലം വിട്ടു. ഞങ്ങളെ തെറി പറഞ്ഞു സ്വീകരിക്കുന്നതിനിടയില്‍ വേറെയും രണ്ടു പേരെ പിടിച്ചിട്ടിരുന്നതു കൊണ്ടായിരിക്കണം പുറകെ വരാനുള്ള സാഹസം അവര്‍ കാണിച്ചില്ല. എടുത്തു ചാടി അങ്ങനെ ചെയ്തതിന്റെ എല്ലാവിധ ഭയവും എനിക്കുണ്ടായിരുന്നു, പക്ഷെ ഹെല്‍മെറ്റ്‌ ഇടാതെ വന്ന മറ്റു ചെറുപ്പക്കാരുടെ കൈവണ്ണം കണ്ട ധൈര്യം മാത്രമായിരുന്നു എനിക്ക്, തിരിച്ചു കിട്ടിയാല്‍ തടഞ്ഞു വെക്കാന്‍ എങ്കിലും നാലുപേര്‍ ഉണ്ടാകും എന്ന ധൈര്യം. 

ഞങ്ങള്‍ മുന്നോട്ടു പോകവേ ടൌണിലെ ഒരു ബ്ലോക്കില്‍ വെച്ച് ഞങ്ങളുടെ കൂടെ അവിടെ പിടിച്ചിട്ട ബൈക്കുകാരില്‍ ഒരാള്‍ ഞങ്ങളുടെ ഒപ്പമെത്തി. എന്നിട്ട് പറഞ്ഞു "ഇങ്ങള് ധീരനാണ്ട്ടാ.."  എന്ന്. സത്യത്തില്‍ ആ വാക്കുകള്‍ ആണ് എനിക്ക് ധൈര്യം പകര്‍ന്നത്. വരും വരായ്മകള്‍ ചിന്തിക്കാതെ എടുത്തു ചാടിയിട്ടും അതിന്റെ അനന്തരഫലമായി ഒന്നും തന്നെ സംഭവിച്ചില്ല.. കുറെ ദിവസം എന്തെങ്കിലും കേസ് ഉണ്ടാകും, സെമന്‍സ്  വരും എന്നൊക്കെയുള്ള പേടിയില്‍ ഇരുന്നു. പക്ഷെ ഭയപ്പെട്ട പോലെ ഒന്നും സംഭവിച്ചില്ല. 

എന്നാല്‍ ഇതിനെക്കുറിച്ച് എന്റെ ബ്ലോഗില്‍ നീട്ടി വലിച്ചൊരു കുറിപ്പെഴുതിയപ്പോള്‍ മുതല്‍ , ആ കുറിപ്പ് ഓര്‍ക്കുട്ടിലൂടെയും മറ്റും സുഹൃത്തുക്കള്‍ ഷെയര്‍ ചെയ്യാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ ചില ഫോണ്‍ കോളുകള്‍ വരാന്‍ തുടങ്ങി, അവയില്‍ ചിലതില്‍ ഭീഷണിയുടെ സ്വരം ഉണ്ടായിരുന്നു. അതിനു കാരണം ബ്ലോഗിലെ എന്റെ മറ്റു പോസ്റ്റുകള്‍ കൂടിയായിരുന്നു. അജ്മല്‍ കസബിനെ കുറിച്ചും, രാഹുല്‍ ഗാന്ധിയെന്ന അമുല്‍ ബേബിയെ കുറിച്ചും, 'ഇറ്റാലിയന്‍ റിമോട്ട് ഉള്ള ഇന്ത്യന്‍ റോബോട്ടിനെ' കുറിച്ചുമൊക്കെ എഴുതിയതും ഒക്കെ ഈ ഫോണ്‍ കോളുകള്‍വരുന്നതിനു കാരണമായി. പിന്നെ അതുവരെ എഴുതിയ പത്തോളം ബ്ലോഗുകള്‍ അപ്പാടെ ഡിലീറ്റ് ചെയ്തുകൊണ്ടും നിലവിലെ മൊബൈല്‍ നമ്പര്‍ മാറ്റിക്കൊണ്ടും ഒരു വിധം തടിതപ്പി. 

ഇന്ന് ഇതിന്റെ പേരില്‍ ഒരു ഫോണ്‍ കോള്‍ വന്നാലോ, ഒരു അന്വേഷണം വന്നാലോ എനിക്ക് ഭയമില്ല.. കാരണം നേരും നെറിയും എന്റെ ഭാഗത്താണ് എന്ന വിശ്വാസം എനിക്കുണ്ട്. ഇനി വരുന്നിടത്ത് വെച്ച് കാണാം. അല്ലെ?   

അന്ന് ഡിലീറ്റ് ചെയ്ത പോസ്റ്റുകള്‍ എഴുതിയ ഹാര്‍ഡ് കോപ്പികള്‍ ഇന്നെന്റെ കയ്യിലുണ്ട് വരും ദിനങ്ങളില്‍ അവയില്‍ ഇന്നും പ്രസക്തിയുള്ളവ ഇവിടെ പ്രസിദ്ധീകരിക്കുക തന്നെ ചെയ്യും. അഭിപ്രായം ഒന്നും പറഞ്ഞില്ലെങ്കിലും വായിക്കുക. സത്യമെന്ന് തോന്നുന്നവയെ സ്വീകരിക്കുക. 

ചേര്‍ത്ത് വായിക്കുക: ഇന്നും ഈ വേട്ടക്കാര്‍ക്ക് കാശ് കൊടുക്കാതിരിക്കാന്‍ വേണ്ടി മാത്രമാണ് ഞാന്‍ ഹെല്‍മെറ്റ്‌ ഉപയോഗിക്കാറുള്ളത്.. അവരെ കാണുമ്പോള്‍ മാത്രം എടുത്ത് വെക്കും. അല്ല പിന്നെ... 

-San-

ഇനിയെത്ര കാണാന്‍ ഇരിക്കുന്നു?

അവര്‍ സുഹൃത്തുക്കളായിരുന്നു, വൈകിട്ട് കവലയിലെ ചായക്കടയില്‍ ഓരോ കട്ടനും കുടിച്ചു കഥയും പറഞ്ഞിരിക്കുന്നതിനിടയില്‍ മക്കള്‍ പ്ലസ്‌ ടു ജയിച്ച വിശേഷങ്ങളും കടന്നു വന്നു.. കൂട്ടത്തില്‍ സാമ്പത്തികമായി കുറച്ചു മുന്‍പേ നില്‍ക്കുന്നയാള്‍ പ്ലസ്‌ ടു ജയിച്ചതിനു മകന് വാങ്ങി കൊടുക്കാന്‍ പോകുന്ന പള്‍സര്‍ ബൈക്കിന്റെ മേന്മകളും കുറെ തട്ടിവിട്ടു.. ഒന്നും മിണ്ടാതെ മുകളിലേക്കും നോക്കി ഇരിക്കാനേ രണ്ടാമന് കഴിഞ്ഞുള്ളൂ. അവരുടെ മക്കളും കളിക്കൂട്ടുകാര്‍ ആയിരുന്നു.

നാളുകള്‍ക്കു ശേഷം  കവലയില്‍ അമിത വേഗത്തില്‍ വന്ന ടിപ്പര്‍ ലോറി തട്ടിത്തെറിപ്പിച്ചത് അതെ പള്‍സര്‍ ബൈക്ക് തന്നെയായിരുന്നു.. കയ്യും വിട്ടു കവലയിലൂടെ അതിസാഹസികമായി അഭ്യാസവും കാണിച്ചു പോകുന്നതിനിടയില്‍ .. പതിനേഴിന്റെ ചോരത്തിളപ്പില്‍ ഒരു ലൈസന്‍സ് പോലും എടുക്കാതെ മറ്റുള്ളവരുടെ മുന്‍പില്‍ ഒരു സംഭവം തന്നെ എന്ന് തെളിയിക്കാനുള്ള തിടുക്കം.



തന്റെ മകന് വണ്ടി വാങ്ങി കൊടുക്കാതിരുന്നത് എത്ര നന്നായി എന്ന് ചിന്തിക്കുന്ന രണ്ടാമന്‍ .. ഒരു ദീര്‍ഘനിശ്വാസമിട്ടുകൊണ്ട് മരണ വീട്ടില്‍ നിന്നും കവലയിലേക്കു തന്നെ മടങ്ങി വന്ന രണ്ടാമന്‍ കണ്ടത് കയ്യില്‍ വിലങ്ങുമായി പോലീസുകാരോടൊപ്പം നില്‍ക്കുന്ന സ്വന്തം മകനെയാണ്. ബൈക്ക് വാങ്ങുവാനുള്ള കാശിനായി നഗരത്തിലെ പ്രശസ്തമായ ബാങ്കിന്റെ ATM  കുത്തി പൊളിക്കാന്‍ ചെന്ന കൂട്ടത്തില്‍ അവനും ഉണ്ടായിരുന്നത്രേ..

രണ്ടു മക്കളും കവലയിലെ ചായക്കടയില്‍ സംസാരിക്കാനുള്ള വിശേഷങ്ങള്‍ മാത്രമായി ഒതുങ്ങിയിരിക്കുന്നു.. കഷ്ട്ടം.  നമ്മള്‍ ഇനിയുമെത്ര കാണാന്‍ ഇരിക്കുന്നു?

അവന്‍

ഇന്നും എന്നെ തിരഞ്ഞാണവന്‍ വന്നത്
ആ കണ്ണുകള്‍ തിരഞ്ഞതും എന്നെ മാത്രം 
എനിക്ക് വേണ്ടിയാണവന്‍ ക്ലാസ്സില്‍ വരുന്നത് 
എന്റെ മുഖത്തേക്ക് മാത്രമാണവന്‍ നോക്കിയിരിക്കാറും
ഒരിക്കല്‍ പഠിച്ചതെല്ലാം മറന്നതും ഞാന്‍ കാരണമത്രേ..
എന്നെ മാത്രമാണവന്‍ സ്നേഹിക്കുന്നത് 
വഴിയരികില്‍ കാത്തു നിന്നതും 
ഒളികണ്ണെറിഞ്ഞു നടന്നതും എനിക്ക് വേണ്ടി 
അവനെന്നോടുള്ള സ്നേഹം വാക്കുകള്‍ക്കതീതമാണ് 
ഒരിക്കലും അവനെന്നെ വേദനിപ്പിച്ചില്ലാ 
അവന്റെ ലോകം ഞാന്‍ മാത്രമായിരുന്നു..
ആ കണ്ണുകളില്‍ എന്റെ മുഖം മാത്രം 
എന്നും തിളങ്ങുമായിരുന്നു

എന്നിട്ടും ഒരുനാള്‍ ,
മറ്റൊരാള്‍ക്ക് മുന്നില്‍ താലി ചാര്‍ത്തുവാനായി
ഞാന്‍ തല നീട്ടിയപ്പോള്‍ 
അവന്റെ ഉള്ളം പിടച്ചത് ഞാനറിഞ്ഞില്ലാ  
എനിക്ക് വേണ്ടി നിറഞ്ഞ കണ്ണിലെ 
വിരഹത്തിന്റെ ഉപ്പു കലര്‍ന്ന കണ്ണീര്‍ 
ഏതു  നിളയില്‍ ചെന്നലിഞ്ഞുവെന്നും ഞാനറിഞ്ഞില്ലാ..   

ആണുങ്ങള് പരദൂഷണം പറയോ?

"നസീര്‍ ആള് ശരിയല്ലാ ഓന്‍ വിരുതനാ"

"മ്മളെ രമേശന്റെ പെണ്ണുങ്ങള് സൂപ്പറാ .. മൂപ്പത്തി പതിനഞ്ചുറുപ്പ്യക്ക് മീന്‍ മാങ്ങ്യാല് പത്തുറുപ്പ്യേന്റെ  മീനും പൂച്ചയ്ക്ക് കൊടുക്കും."

"ഇന്ന് ഗാന്ധി മരിച്ചീസാ?? "

ന്റെ ഭഗവാനെ... ഇന്ന് രാവിലെയൊരു ചായ കുടിക്കാന്‍ വേണ്ടി ഇറങ്ങിയപ്പോള്‍ കേട്ട വര്‍ത്തമാനങ്ങളാണ് ഇതൊക്കെ. പൊതുവേ രാവിലെ വൈകി എഴുന്നേല്‍ക്കുന്നത് കാരണം രാവിലത്തെ കട്ടന്‍ ചായ പതിവില്ല. പക്ഷെ ഇന്ന് കുറച്ചു നേരത്തെ തന്നെ എഴുന്നേറ്റു, അല്ലറ ചില്ലറ പണിയൊക്കെ ഉണ്ടായിരുന്നു.. അതൊക്കെ കഴിഞ്ഞിരുന്നപ്പോള്‍ ഒരു ചായ കുടിക്കാന്‍ തോന്നി അങ്ങനെയാണ് അടുത്തുള്ള ഒരു ചെറിയ   ചായക്കടയിലേക്ക് ചെന്നത്. നോക്കുമ്പോള്‍ കാലത്ത് തന്നെ വെടിവട്ടം പറഞ്ഞിരിക്കാന്‍ കുറെ കിളവന്‍മാരും.

ആണുങ്ങള് പരദൂഷണം പറയോ? ഇല്ല എന്നായിരുന്നു ഇന്ന് രാവിലെ വരെ എന്റെ ധാരണ, എന്നാല്‍ ഇന്നതിനു ഒരു തീരുമാനമായി.. 'ചിലരൊക്കെ പറയും'. പക്ഷെ അത് കേള്‍ക്കാനും നല്ല രസാണ്.. നല്ല കിടിലന്‍ സംഭവങ്ങളാ ഓരോരുത്തരും പറയണത്. രാവിലെ ഒരു ചായ കുടിക്കാന്‍ പോയാല്‍ പത്രം വായിക്കുന്നതിനു മുന്‍പ് തന്നെ നാട്ടിലെ സകലമാന വര്‍ത്തമാനങ്ങളും അറിയാം. നല്ലതും ചീത്തതും ഒക്കെ ഉണ്ടാവും.

വെടിക്കൂട്ടത്തിലെ നേതാവ് സദാചാര ഗുണ്ടകള്‍ തല്ലിക്കൊന്ന നസീറിന്റെ കഥ പറയാന്‍ തുടങ്ങിയപ്പോഴാണ് കൂട്ടത്തിലെ ഏറ്റവും ചെറിയ സുമുഖനായ ചെറുപ്പക്കാരനെ (എന്നെ) കണ്ടത്. പറയാന്‍ വന്നത് അപ്പാടെ ഉള്ളിലേക്ക് വിഴുങ്ങി, ഞാന്‍ 'കേടാകണ്ടാ' എന്ന് വെച്ചിട്ടാകും ചിലപ്പോള്‍ , എനിക്കല്ലേ എന്നെ അറിയൂ..  പിന്നെ വിഷയം പാലിന്റെ വിലയെ കുറിച്ചായി, 50 രൂപ പാലിന് വില വന്നാല്‍ ചായക്കൊരു 20 ഉറുപ്പ്യെങ്കിലും ആവും ലെ.. എന്നൊരു ചോദ്യം കേട്ടാണ് ഞാന്‍ തിരിഞ്ഞു നോക്കിയത് നോക്കുമ്പോള്‍ അവിടെ കോര്‍പറേഷന്റെ ക്ലീനിംഗ് ജോലിക്ക് വരുന്ന ചേട്ടനാണ്. പുള്ളിയും പത്രം വായിച്ചു എന്ന് സാരം.

പിന്നെ മന്ത്രി (മുന്‍ മന്ത്രി N . രാമകൃഷ്ണന്‍ ) മരിച്ചതിനെ പറ്റിയായി സംസാരം, പുള്ളിക്കാരനെ കോണ്‍ഗ്രസ്‌ പുറത്താക്കിയതും സോണിയ ഗാന്ധി പറഞ്ഞപ്പോള്‍ തിരിച്ചെടുത്തതുമൊക്കെ അവിടെ ചര്‍ച്ചയായി. "അയാളൊരു സംഭവായിരുന്നു ട്ടോ.." എന്നൊക്കെ ചിലര് പറഞ്ഞു. (എവടെ ?? ചുമ്മാ പുളു ..) ചര്‍ച്ച വീണ്ടും നസീര്‍ വിഷയത്തിലേക്ക് തന്നെ വന്നു, അപ്പോഴാണ്‌ ട്രിവാണ്ട്രം ലോഡ്ജ് എന്ന പുതിയ സിനിമയെ പറ്റി  ആരോ സൂചിപ്പിച്ചത്, മൂപ്പര് കണ്ടിട്ട് പടം ഇഷ്ട്ടായീത്രേ.. പിന്നെ കഥയെ പറ്റി ചില സൂചനകളൊക്കെ തന്നു.. കാലം പോയ പോക്കേ എന്ന് ചിലര്‍ പറയാതെ പറയുന്നത് അവരുടെ മുഖഭാവങ്ങളില്‍ എനിക്ക് കാണാമായിരുന്നു.

ഏകദേശം ഇത്രയുമായപ്പോള്‍ തന്നെ എന്റെ കയ്യിലെ കട്ടന്‍ ചായയും ഉഴുന്നുവടയും തീര്‍ന്നിരുന്നു. പുറത്തെ വെള്ളത്തില്‍ കൈ കഴുകാന്‍ വേണ്ടി ഇറങ്ങിയപ്പോള്‍ എന്നെ പറ്റിയും ആരോ ചോദിക്കുന്നത് കേട്ടു.. "ഏതാണാ പയ്യന്‍ " എന്ന്. "ആ.. ഇവിടെങ്ങും കണ്ടിട്ടില്ല" എന്ന് മറുപടി. പൈസകൊടുത്ത് പുറത്തിറങ്ങിയപ്പോഴേക്കും മറ്റേതൊക്കെയോ വിഷയങ്ങളിലേക്കും ചര്‍ച്ച വഴിമാറിയിരുന്നു.

ഇനി ഒരു സത്യം പറയട്ടെ ഇതില്‍ പറഞ്ഞ ഒരു കാര്യത്തെ കുറിച്ചും എനിക്കൊരു ചുക്കും അറിയില്ലായിരുന്നു. നസീറിനെ കൊന്നതും, N. രാമകൃഷ്ണന്‍ മരിച്ചതും, പാലിന് വില കൂട്ടാന്‍ ആവശ്യപ്പെട്ടതും ഒന്നും.. ഇതിനെക്കുറിച്ചൊക്കെ പറഞ്ഞത് പരദൂഷണമാണോ എന്നറിയില്ല എങ്കിലും പ്രഭാതങ്ങളിലെ ഈ വെടിക്കൂട്ടം കേള്‍ക്കാന്‍ നല്ല രസം തന്നെയാണ്, പത്രം വായിച്ചില്ലെങ്കിലും ഒരു ചായ കുടിക്കാനെങ്കിലും നാലുപേരുള്ളിടത്തു പോകണം.. അല്ലെ??

ഉത്തരം: "അതെ".

-San- 

വാല്‍കഷ്ണം: " 'എവടെ' ,  'കേടാകണ്ടാ' ,  മരിച്ചീസാ? , മ്മളെ, മാങ്ങ്യാല്, ഇതൊക്കെ ഞാന്‍ മനപ്പൂര്‍വം ഉപയോഗിച്ചതാണ് ട്ടോ.. സംസാരഭാഷയില്‍ തന്നെ കിടക്കട്ടെ എന്ന് കരുതി. അക്ഷരതെറ്റുകളും മറ്റും കണ്ടാല്‍ പറയാന്‍ മറക്കരുത്.."