ചില ദിനങ്ങള്‍.. ഓര്‍മ്മകള്‍.. അതങ്ങനെയാണ്.. സുഖമാണോ ദുഃഖമാണോ പകരുന്നത്
എന്നറിയില്ല. എങ്കിലും നിര്‍ജ്ജീവമായ ചില വികാരങ്ങള്‍ എപ്പോഴും സമ്മാനിച്ചു
കൊണ്ടേ ഇരിക്കും. ഒരുപാട് പേര്‍ക്ക് മുന്നില്‍ ഒരു ചോദ്യചിഹ്നമായി ഒട്ടേറെ
രഹസ്യങ്ങള്‍ ഒളിപ്പിച്ച് വെച്ച് ജീവിച്ചു മരിക്കാന്‍ എനിക്ക് തീരെ
ഇഷ്ടമില്ല.. ഓണ്‍ലൈന്‍ സൗഹൃദം എന്നോ ഓഫ്‌ലൈന്‍ സൗഹൃദം എന്നോ
വേര്‍തിരിവില്ലാതെ എന്‍റെ സുഖവും ദുഃഖവും എല്ലാം ഞാന്‍ നിങ്ങളോട്
പങ്കുവെച്ചിട്ടുണ്ട്. അതില്‍ പലരോടും വ്യക്തമായ ഉത്തരം നല്‍കാതെ
ഒഴിഞ്ഞുമാറിയതും പറയാതെ ബാക്കിവെച്ചതുമായ ഒരേയൊരു ചോദ്യം.. ഈ ദിവസത്തിന്‍റെ
പ്രത്യേകത.
എന്‍റെ സ്വന്തം വീട്ടില്‍ നിന്നും എന്‍റെ മനസ്സിന്
പുറകെ ശരീരവും ഇറങ്ങി വന്നതിന്‍റെ രണ്ടാം വാര്‍ഷികം.. അതിന്നാണ്.. മറ്റൊരു
വശം ചിന്തിച്ച് പറഞ്ഞാല്‍ ഇറക്കിവിട്ടതിന്‍റെ രണ്ടാം വാര്‍ഷികം..
നല്ലതെന്നോ ചീത്തതെന്നോ വേര്‍തിരിച്ചു കാണാന്‍ ഞാന്‍ ആഗ്രഹിച്ചിട്ടില്ല ഈ
തീരുമാനത്തെ. ഒരിക്കല്‍ തിരിച്ചു ചെല്ലും ഏതായാലും ഇപ്പോഴില്ല..
വയനാട്ടില്‍ ഒരു കുഞ്ഞുകൂട് കൂട്ടിയിട്ട്.. അതുവരെ ഒരു മടക്കയാത്രയില്ല.
എന്‍റെ പാത ഞാന്‍ സ്വയം തിരഞ്ഞെടുത്തതാണ്. അതിലെ കല്ലും മുള്ളും അനുഭവിക്കാന്‍ ഞാന്‍ ബാധ്യസ്ഥനാണ്.
ഈ നടപ്പാതയില്‍ താങ്ങായും തണലായും കൂടെ നിന്ന ഒരുപാട് പേരുണ്ട്..
സുഹൃത്തുക്കള്‍. സൌഭാഗ്യങ്ങളുടെ കൂടാരത്തില്‍ നിന്നും നഷ്ടങ്ങളുടെ
നിലയില്ലാക്കയത്തിലേക്ക് കാല്‍വെച്ചിറങ്ങുമ്പോള്‍ ഞാന്‍
നഗ്നപാദനായിരുന്നു.. എന്നാല്‍ പണയം വെക്കാത്ത അഭിമാനവും, ജയിക്കാനുള്ള
വാശിയും, ജീവിച്ചുകാണിക്കുവാനുള്ള അഭിനിവേശവും കൈമുതലായിരുന്നപ്പോള്‍
വീണിടം വിഷ്ണുലോകമായി മാറി. കയത്തില്‍ നിന്നും കരകയറ്റാന്‍ സ്നേഹനിധികളായ
ഒരുപാട് സൌഹൃദങ്ങള്‍ ഉണ്ടായിരുന്നു. പേരെടുത്ത് പറഞ്ഞാല്‍ തൂലികയിലെ മഷി
തികയാതെ വരും. പിന്നീടൊരിക്കലും തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
പിന്നിട്ട വഴികളിലെ നഷ്ടങ്ങളെ തോല്‍പ്പിക്കുന്ന വിജയത്തിന്‍റെ
കണക്കുപുസ്തകം എഴുതി തുടങ്ങിയത് അവിടെയാണ്.
ചെറുസ്വപ്നങ്ങളും
ചിന്തകളുമായി പ്രിയനാടിന്‍റെ ഒരു കോണില്‍ ഒതുങ്ങിക്കൂടാന്‍ ആഗ്രഹിക്കുന്ന
ഒരു ചെറുപ്പക്കാരന്‍ ആഗ്രഹിച്ചതിലും അധികം നേടി സ്വയം കെട്ടിപ്പടുത്ത
ജീവിതം ആസ്വദിക്കുമ്പോള്‍ അച്ഛനോട് വഴക്കിട്ട് വീട് വിട്ടതിന്‍റെയോ തനിച്ചു
താമസിക്കുന്നതിന്‍റെയോ പരിഭവങ്ങളും പരാതിയും തെല്ലും
അലോസരപ്പെടുത്തിയിട്ടില്ല. കൂട്ടിനുള്ളത് ആ അച്ഛന്‍ പകര്‍ന്ന് തന്ന
എഴുത്തും വിദ്യയും എന്നതും മറക്കുന്നില്ല. എന്‍റെ പേരില്‍ ഒരു 'പാതി'
അച്ഛനാണ് എന്നെ ഞാനാക്കിയ മനുഷ്യന്‍. എന്നാല്‍ അതിലേറെ വലുത് എനിക്ക്
നിങ്ങള്‍ തന്നെയാണ്.. ഞാനും നിങ്ങളും അടങ്ങുന്ന നമ്മള്‍ ആണ് വലുത്..
എനിക്ക് നിങ്ങളുടെ മുന്‍പില്‍ രഹസ്യങ്ങളില്ല.. കപടനാട്യങ്ങളില്ല. ഈ യാത്ര
നിങ്ങളോടൊപ്പം തുടരുക തന്നെ ചെയ്യും. ഈ വീഥിയില്‍.. എനിക്കായ് വെട്ടിയ
വീഥിയില്‍ വീഥി തീരുവോളം... ... എന്‍റെ പ്രിയരോടൊപ്പം...
നിറഞ്ഞ സ്നേഹത്തോടെ ...