Pages

റെഡ്ഢി റാണിയും, റെഡ്ഢി ശേഖറും.

ഓര്‍മ്മകളെ അതേപടി പകര്‍ത്തി വെക്കുക എന്നതിനോളം ശ്രമകരമായൊരു ജോലി വേറെയില്ല.  എങ്കിലും, മനസ്സില്‍ മായാതെ കിടക്കുന്ന ചില ഓര്‍മ്മകള്‍ക്ക് രണ്ടു കുരുന്നു കുട്ടികളുടെ മുഖം കൂടിയുണ്ടാകുമ്പോള്‍ അത് പങ്കുവെക്കുന്നതും ഒരു സുഖമാണ്. ഒരുപക്ഷേ, പറഞ്ഞറിയിക്കാന്‍ കഴിയാത്തൊരു സുഖം.

റെഡ്ഢി റാണിയും, റെഡ്ഢി ശേഖറും. 

ഞാന്‍ ഏഴിലോ എട്ടിലോ പഠിക്കുന്ന സമയത്ത്, ഏതോ ഒരു ഞായറാഴ്ച്ച ദിവസം.. വാതില്‍ക്കല്‍ ഒരു മുട്ട് കേട്ടപ്പോള്‍ പോയി നോക്കവെ, ഒരൊന്‍പതു വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പയ്യന്‍ വാതില്‍ക്കല്‍ വന്നു നില്‍ക്കുന്നു. ഒരു കുപ്പി നീട്ടി കാണിച്ചിട്ട് കുറച്ച് വെള്ളം വേണമെന്ന് പറഞ്ഞു. കണ്ടാല്‍ ഒരു നാടോടിപ്പയ്യന്‍, എന്നാല്‍ മുഷിഞ്ഞതെങ്കിലും വില കൂടിയതെന്ന് അനുമാനിക്കാവുന്ന വസ്ത്രങ്ങള്‍.. ആ കുപ്പി നിറയെ പച്ചവെള്ളം നിറച്ച് കൊടുത്ത് പറഞ്ഞയച്ചു. അന്ന് വൈകുന്നേരം തന്നെ ടൌണിലേക്ക് എന്തോ ആവശ്യത്തിനു പോയി തിരിച്ചു വരവേ ഈ പയ്യനെയും കൂടെ അവന്‍റെ അച്ഛനെയും അനിയത്തിയെയും കണ്ടു. ചപ്പ് കൊട്ടായില്‍*  രണ്ടു മൂന്നു ചാക്കുകള്‍ വിരിച്ച് അതിലിരുന്നു ഭക്ഷണം പങ്കുവെച്ച് കഴിക്കുന്നു. ഞാന്‍ വീട്ടില്‍ ചെന്നു കയറിയപ്പോള്‍ അമ്മയും അപ്പുറത്തെ വീട്ടിലെ സുബുവാത്തയും, സെയ്ദാക്കയും ഒക്കെ ഇവരെ കുറിച്ച് ചര്‍ച്ച ചെയ്യുന്നു. രാവിലെ വീട്ടില്‍ വന്നു വെള്ളം വാങ്ങിക്കൊണ്ട് പോയ അവന്‍റെ പേര്

റെഡ്ഢി ശേഖര്‍ എന്നായിരുന്നു. അനിയത്തിയുടെ പേര് റെഡ്ഢി റാണി. സെയ്ദാക്കയ്ക്ക് നന്നായി തമിഴും തെലുങ്കും ഹിന്ദിയും ഒക്കെ അറിയാം. അങ്ങനെ ചോദിച്ചു മനസിലാക്കിയതാണ് പേരും നാടുമൊക്കെ. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വെള്ളം വാങ്ങാന്‍ വരുമ്പോള്‍ തിളപ്പിച്ചാറിയ കരിങ്ങാലിയും മറ്റും കൊടുത്തു വിടാന്‍ തുടങ്ങി. അമ്മയും സുബുവാത്തയും വീട്ടില്‍ എന്തെങ്കിലും ഉണ്ടാക്കുമ്പോള്‍ ഒരു പങ്കു അവര്‍ക്കും കൊടുക്കാന്‍ തുടങ്ങി. ഇടയ്ക്ക് റെഡ്ഢി ശേഖര്‍ എന്‍റെ കയ്യില്‍ നിന്ന് വെള്ള പേപ്പറുകളും മറ്റും വാങ്ങിക്കൊണ്ട് പോകാറുണ്ടായിരുന്നു., അതില്‍ അവന്‍റെ പേരെല്ലാം എഴുതി തിരിച്ചു കൊണ്ടുവരും.. സാധാരണ നാടോടികുട്ടികള്‍ക്ക് ഇല്ലാത്ത ശീലമാണ് എഴുത്തും വായനയും. നിര്‍ബന്ധിച്ചാല്‍ പോലും അവര്‍ക്ക് അതിനൊന്നും താത്പര്യം കാണില്ല. അതുകൊണ്ട് തന്നെ ഇവരുടെ ഈ പ്രവര്‍ത്തി ഞങ്ങള്‍ക്ക് കൌതുകമായിരുന്നു. വൈകുന്നേരങ്ങളില്‍ ചിലപ്പോഴൊക്കെ ചപ്പ് കൊട്ടായില്‍ അവരുടെ അടുക്കല്‍ പോയി നില്‍ക്കും. അങ്ങനെ ഒരു ദിവസം അവരുടെ കൂടെ നില്‍ക്കവെ, അവരുടെ അച്ഛന്‍ അവര്‍ക്ക് ഞാന്‍ കൊടുത്ത പേപ്പറുകളില്‍ ഓരോന്ന് എഴുതി പഠിപ്പിക്കുന്നത്‌ കാണാനിടയായി.. സത്യത്തില്‍ അതൊരു പുതിയ അനുഭവമായിരുന്നു ഞങ്ങള്‍ക്ക്. ഇംഗ്ലീഷും തെലുങ്കും (തെലുങ്ക് തന്നെയാണോ എന്ന് അത്ര ഉറപ്പില്ല, എങ്കിലും അത് തന്നെ ആവാനാണ് സാധ്യത.) ഒക്കെ നല്ല വടിവൊത്ത കയ്യക്ഷരത്തില്‍ പുള്ളി എഴുതുന്നത് കണ്ടപ്പോള്‍ അതിശയം തോന്നി. റെഡ്ഢി ശേഖര്‍ സുബുവാത്തയുടെ വാതില്‍ക്കല്‍ വന്നുനിന്ന് ഇടയ്ക്കിടെ പ്യാജ് പ്യാജ് എന്ന് പറയും, ആര്‍ക്കും മനസ്സിലായില്ല. ഹിന്ദി ക്ലാസ്സില്‍പ്പോയി തുടങ്ങിയ സമയമായതു കൊണ്ട് എനിക്ക് വേഗം പിടികിട്ടി അവന്‍ ഉള്ളിക്ക് വേണ്ടിയാണ് പറയുന്നതെന്ന്. പച്ച ഉള്ളി അതേപടി കഴിക്കാന്‍ അവനു വല്ല്യ ഇഷ്ടമായിരുന്നു.. അതുപോലെ അവന്‍റെ കുഞ്ഞനിയത്തിക്കും. രണ്ടുപേരും സ്നേഹത്തോടെ അതെല്ലാം ആസ്വദിച്ച്, പങ്കുവെച്ചു കഴിക്കുന്നത്‌ കാണുമ്പോള്‍ നമ്മുടെ മനസ്സിലും ഒരു സന്തോഷം. പൊതുവേ നാടോടിക്കൂട്ടങ്ങളില്‍ കാണുന്നത് പോലെ കള്ളും കഞ്ചാവും കഴിച്ച് മക്കളെ ഉപദ്രവിച്ച് നടക്കുന്ന കൂട്ടത്തില്‍ ആയിരുന്നില്ല അവരുടെ അച്ഛന്‍. അതുകൊണ്ട് തന്നെ അദ്ദേഹത്തോടും ഞങ്ങള്‍ക്ക് നല്ല മതിപ്പായിരുന്നു. 

അവര്‍ മൂന്നുപേരോടുമുള്ള ഇഷ്ടം കൂടവേ, പല സമയങ്ങളിലായി അവരെ കുറിച്ച് കൂടുതല്‍ ചോദിച്ചു മനസ്സിലാക്കി. ആന്ധ്രയിലും ഒഡീഷയിലും ഇപ്പോഴുള്ളത് പോലെ, മുന്‍പൊരിക്കല്‍ വന്ന പ്രളയത്തിന്‍റെയും മറ്റു പ്രകൃതിദുരന്തങ്ങളുടെയുമെല്ലാം ബാക്കിപത്രമാണ് അവരുടെ ജീവിതം. നാട്ടില്‍ കൃഷി ചെയ്യാന്‍ ഏക്കറുകണക്കിന് ഭൂമിയും, സ്വത്തും, വീടും എല്ലാം ഉണ്ടായിരുന്ന ഒരു ധനികനായിരുന്നു അവന്‍റെ അച്ഛന്‍. അമ്മയ്ക്ക് എന്തോ അസുഖം ഉണ്ടായിരുന്നു.. കുറേ കാശെല്ലാം ചിലവഴിച്ച് ചികിത്സിച്ചുവെങ്കിലും അതെല്ലാം വിഫലമായി. അതുപോലെ തന്നെ, വെള്ളപ്പൊക്കത്തില്‍ കൃഷി നശിക്കുകയും വീടും അത് നിന്നിടവുമെല്ലാം ജനവാസയോഗ്യമല്ലാതാവുകയും ചെയ്തു. പിന്നെ പലയിടങ്ങളില്‍ കറങ്ങിത്തിരിഞ്ഞ് ഒടുക്കം വന്നു ചേര്‍ന്നതാണ് വയനാട്ടില്‍. 

രണ്ടുമാസത്തോളം അവര്‍ ഞങ്ങളുടെ അവിടെ ഉണ്ടായിരുന്നു. ആയിടയ്ക്ക് എന്‍റെ പഴയ ഒന്നുമെഴുതാത്ത നോട്ട്ബുക്ക്സ് എല്ലാം അവനെടുത്ത് കൊടുക്കുമായിരുന്നു അമ്മ. എന്തെങ്കിലുമൊക്കെ എഴുതി പഠിക്കാന്‍. പിന്നെ കുറേക്കഴിഞ്ഞപ്പോള്‍ അവര്‍ അവിടം വിട്ടു പോയി.. എങ്ങോട്ട് എന്നൊന്നും അറിഞ്ഞില്ല.. റിപ്പണ്‍ ഭാഗത്ത് എവിടേക്കോ ആണ് പോയതെന്ന് പിന്നീടറിഞ്ഞു.  മനസ്സിന് ഒരുപാട് സന്തോഷം തോന്നിയത് മറ്റൊരുകാര്യം അറിഞ്ഞപ്പോഴാണ്, റെഡ്ഢി റാണിയും, റെഡ്ഢി ശേഖറും ഏതോ സ്കൂളില്‍ പഠിക്കുന്നു എന്ന് കേട്ടപ്പോള്‍. അവരെ വെറുമൊരു നാടോടി കുട്ടികളായി വളര്‍ത്താന്‍ ആ അച്ഛന് കഴിയുമായിരുന്നില്ല.. മനസ്സില്‍ സന്തോഷവും ബഹുമാനവും എല്ലാം തോന്നി അദ്ദേഹത്തോട്. അറിഞ്ഞത് സത്യമാണെങ്കില്‍ ഇന്നും ചുണ്ടയിലെ ഏതോ കോണ്‍വെന്റില്‍ നിന്ന് കൊണ്ട് റെഡ്ഢി റാണി പഠിക്കുന്നുണ്ടാവണം.

__
ആന്ധ്രയിലെയും
ഒഡീഷയിലെയും ഇപ്പോഴത്തെ അവസ്ഥകളെ കുറിച്ച്ബ്ലോഗ്ഗര്‍ സുഹൃത്തായ ഷിറാസ് ഇക്ക ഒരു പോസ്റ്റ്‌ ഇട്ടപ്പോഴാണ് ഇവരെ കുറിച്ച് വീണ്ടും ഓര്‍മ്മ വന്നത്. അപ്പോള്‍ മുതല്‍ എഴുതണം എന്ന് കരുതിയെങ്കിലും, അവരെ കുറിച്ചുള്ള ഓര്‍മ്മകള്‍ എന്നെയും എന്‍റെ പ്രിയനാട്ടിലേക്ക് തിരിച്ചുവിളിച്ചുകൊണ്ടിരുന്നതിനാല്‍ വൈകിപ്പോയി.. ചപ്പ് കൊട്ടായിയും പാടിയിലെ റൂമും.. മന്‍സൂറും റാഷിയും കുഞ്ഞാപ്പുവും യൂനസും, സുബുവാത്തയും (സുബൈദ), നാട്ടുകാര്‍ സ്നേഹത്തോടെ ചെറുക്കാക്കാ എന്ന് വിളിക്കുന്ന സെയ്ദാക്കയും, സുബുവാത്തയുടെ മകന്‍ കുഞ്ഞാവയും, കുഞ്ഞിമ്മയെന്നു മറ്റുള്ളവരും കുഞ്ഞാമാന്ന് ഞാനും വിളിക്കുന്ന അവരുടെ മകള്‍ ഫസീലയും... അങ്ങനെ അങ്ങനെ ഓരോരുത്തരെയും മനസ്സില്‍ കണ്ടുപോയി.. എഴുതുന്ന ഓരോ നിമിഷവും... എല്ലാവരെയും വീണ്ടും കാണണം എന്ന് തോന്നി. അവര്‍ക്ക് വേണ്ടി മാത്രം ഒരുപാടു സമയം ചിലവഴിക്കാന്‍ കഴിയുന്ന നേരത്ത് വീണ്ടും ചുരം കയറണം. ആ മണ്ണില്‍ ജീവിച്ചു മരിക്കണം. ആ വയനാടന്‍ മണ്ണില്‍ എന്‍റെ പിന്‍ഗാമികള്‍ വളരണം.

നിര്‍ത്തുന്നു.



11 comments:

  1. റെഡ്ഡി ശേഖറും റെഡ്ഡി റാണിയും
    നല്ല ഓര്‍മ്മകള്‍
    അല്ലെങ്കിലും പഴയ കാലങ്ങളും പഴയ മുഖങ്ങളും ഓര്‍മ്മിക്കുന്നത് സന്തോഷമാണ്.
    സര്‍വസുഖങ്ങളും അനുഭവിച്ച് വളര്‍ന്ന ചില ധനികമനുഷ്യര്‍ ഒന്ന് ഇരുണ്ടു വെളുക്കുമ്പോഴേയ്ക്കും നാടോടികളാകുന്നതും അന്നത്തിനായി കൈ നീട്ടുന്നതും ആകാശത്തുനിന്ന് വീഴുന്ന പുതപ്പിനായി അടികൂടുന്നതുമെല്ലാം നാം നമ്മുടെ ഈ ജീവിതകാലത്ത് കണ്ടിട്ടുണ്ട്.

    ജീവിതം എന്തോരു വിചിത്രനാടകം!

    ReplyDelete
  2. ഓർമ്മകൾ നന്നായി എഴുതി ... അവസാനം എഴുതിയ ആഗ്രഹം സാധിക്കട്ടെ ...

    ReplyDelete
  3. എനിക്കിനി ചുരം കേറാന്‍ പറ്റുമോ എന്തോ,,,,

    ReplyDelete
  4. പാവങ്ങളെ സഹായിക്കാന്‍ തോന്നിയത് നല്ല മനസ്. പക്ഷെ പാവങ്ങള്‍ ആണെന്ന് അഭിനയിച്ചു വരുന്നവരും കുറവല്ല. അത്തരക്കാര്‍ കാരണം യഥാര്‍ത്ഥത്തില്‍ പാവപ്പെട്ടവര്‍ ആയവരും അവഗണിക്കപ്പെടുന്നു!

    ശേഖറും റാണിയും നല്ലതുപോലെ പഠിച്ചു നല്ല നിലയില്‍ എത്തിയിട്ടുണ്ടാകും എന്ന് പ്രതീക്ഷിക്കാം!

    ReplyDelete
  5. നല്ലൊരു അനുഭവക്കുറിപ്പ്.. കുപ്പയിലെ മാണിക്യം എന്ന പ്രയോഗം ഓര്‍മ്മവരുന്നു.നന്നായി അവതരിപ്പിച്ചു.

    ReplyDelete
  6. "ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം" ......
    വയനാടന്‍ മണ്ണില്‍ പിന്‍ഗാമികളെ സൃഷ്ടിക്കാനുള്ള ശ്രമത്തിനു അഭിവാദ്യങ്ങള്‍ !
    അതൊരു നല്ല തീരുമാനം തന്നെ.

    ReplyDelete
  7. നനുത്ത ചില ഓര്‍മ്മകള്‍

    നന്നായി എഴുതി

    ReplyDelete
  8. നല്ല ഓർമ്മകൾ
    അവർ ഇപ്പോൾ എന്തു ചെയ്യുകയാവും അല്ലേ

    ReplyDelete
  9. ഓര്‍മ്മകള്‍ നന്നായി തന്നെ എഴുതി.. മനസ്സില്‍ നന്മ ഉള്ളവര്‍ക്കേ ഇതുപോലുള്ള ഓര്‍മ്മകള്‍ സൂക്ഷിച്ചു വയ്ക്കാനും ഹൃദയസ്പര്‍ശിയായി പകര്‍ത്തിയെഴുതാനും സാധിക്കൂ..

    സംഗീതിന്‍റെ ആഗ്രഹങ്ങള്‍ എല്ലാം നടക്കും...

    ReplyDelete
  10. നന്നായിട്ടുണ്ട് സംഗീത്.... നല്ല ഒരോര്‍മ്മക്കുറിപ്പ്‌....
    -സസ്നേഹം സംഗീത്

    ReplyDelete