Pages

സ്വാതന്ത്ര്യദിന ചിന്തകള്‍

ഭാരതീയരായ നാം സ്വാതന്ത്ര്യത്തിന്‍റെ പിറന്നാള്‍ ആഘോഷിക്കുകയാണ്. ആര്‍ഷ ഭാരതത്തിന്‌ സ്വാതന്ത്ര്യം കിട്ടിയിട്ട് 66 വര്‍ഷം തികയുന്നു. ഈ അറുപത്തിയേഴാം സ്വാതന്ത്ര്യദിനത്തില്‍ ഭാരതം കൈവരിച്ച നിരന്തരമായ നേട്ടങ്ങളും, വികസനങ്ങളും, ജനാധിപത്യത്തിന്‍റെ തിളക്കവും നമുക്ക് അഭിമാനിക്കുവാന്‍ വക നല്‍കുന്നു. കൂടാതെ ലോക ഭൂപടത്തില്‍ പൊട്ടലുകളും പിളര്‍പ്പുകളും ഉണ്ടാകുമ്പോഴും ഇന്ത്യ ഇന്നും അഖണ്ഡതയോടെ തല ഉയര്‍ത്തി നില്‍ക്കുന്നു.

ഇത്തരം മധുരിക്കുന്ന ഓര്‍മ്മകള്‍ സ്വാതന്ത്ര്യദിനം നമുക്ക് നല്‍കുമ്പോഴും നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി ആഗ്രഹിച്ചത്‌ പോലുള്ള സ്വാതന്ത്ര്യത്തില്‍ നിന്നും നാം വളരെ അകലെയാണ്. വലിയ ആവേശമില്ലാതെ സ്വാതന്ത്ര്യദിനങ്ങള്‍ ഒരു ചടങ്ങായി ആഘോഷിക്കപ്പെടുന്നു.സ്വാതന്ത്ര്യത്തെക്കുറിച്ച് സ്വപ്‌നങ്ങള്‍ നെയ്തെടുക്കാന്‍ കഴിവില്ലാത്ത, സ്വാതന്ത്ര്യത്തില്‍ നമ്മള്‍ വഹിക്കേണ്ട ഉത്തരവാദിത്ത്വങ്ങളെക്കുറിച്ച് ബോധമില്ലാത്ത  ഒരു ജനതയാണ് നാമിന്ന്.


സ്വാതന്ത്ര്യസമരത്തിന് ഗാന്ധിജി ഒരുക്കിയ മനുഷ്യബന്ധം നാമിന്ന് കാറ്റില്‍ പറത്തി. അധികാര മോഹവും, അഴിമതിയും, സ്വാര്‍ത്ഥ താത്പര്യങ്ങളും മുന്നില്‍ കണ്ടുകൊണ്ട്‌ ആദര്‍ശങ്ങളെ കൈവെടിയുന്നു. ഈ പ്രവണത ഇന്ന് രാജ്യത്തെ വികൃതമാക്കിയിരിക്കുന്നു. ജനാധിപത്യവും മത ഐക്യവും നമ്മള്‍ പ്രഹസനമാക്കിതീര്‍ത്തു. രാജ്യതാത്പര്യങ്ങളെ മനസ്സിലാക്കാനോ വിലമതിക്കാനോ ഇന്ന് നമുക്ക് കഴിയുന്നില്ല.  നാം ഒരു രാഷ്ട്രമായി, ഒരു ജനതയായി രൂപാന്തരപ്പെടേണ്ടത് മനുഷ്യബന്ധത്തിലൂടെയാണ് എന്ന് നാം മനസ്സിലാക്കേണ്ട കാലം കടന്നുപോയിരിക്കുന്നു.


ഈ ദിവസങ്ങളില്‍ നമ്മള്‍ ഓര്‍ക്കേണ്ട പലരുമുണ്ട്. സ്വാതന്ത്ര്യത്തിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച വീരദേശാഭിമാനികളെ, അതിലൂടെ അവരുടെ സ്വപ്ന സാക്ഷാത്കാരത്തിന് വേണ്ടി പ്രയത്നിക്കേണ്ടത് നമ്മുടെ കര്‍മ്മമാണ്‌. 
രാജ്യത്തെ പിളര്‍ക്കാന്‍ നാം അനുവദിക്കരുത്. വിഭജനം ഇല്ലാതാക്കാന്‍, ജനബന്ധം ഊട്ടിയുറപ്പിക്കാന്‍ നമ്മള്‍ തയ്യാറാവണം. കണ്മുന്നില്‍ നടക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ വിലയിരുത്താന്‍ ഓരോ പൌരനും ബാധ്യസ്ഥനാണ്. 

ദൈവം നമ്മുടെ രാജ്യത്തെ രക്ഷിക്കട്ടെ.. ഗാന്ധിസ്മരണകള്‍ നമുക്ക് വഴി കാണിക്കുന്ന നക്ഷത്രങ്ങളാകട്ടെ.. മൂല്യങ്ങള്‍ നമ്മളെ പുതിയ മനുഷ്യരാക്കട്ടെ..!!

ഐക്യം നമ്മുടെ ശക്തി....    കര്‍മ്മം നമ്മുടെ ലക്ഷ്യം

എന്‍റെ എളിയ വാക്കുകള്‍ നമ്മുടെ ധീരദേശാഭിമാനികള്‍ക്ക് സമര്‍പ്പിച്ചു കൊണ്ട്  വിടവാങ്ങട്ടെ... 



ജയ്ഹിന്ദ്.

__________

നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ സ്കൂളില്‍ സ്വാതന്ത്ര്യദിനത്തില്‍ നടത്തിയ പ്രസംഗമത്സരത്തില്‍ ഞാന്‍ അവതരിപ്പിച്ച പ്രസംഗം. ഞങ്ങളുടെ കുടുംബസുഹൃത്തായ അനിയേട്ടന്‍ എഴുതിതന്നത്. അന്നേ ദിവസം നടന്ന മത്സരത്തില്‍ എനിക്ക് രണ്ടാം സ്ഥാനവും പ്രിയ സുഹൃത്ത് വിഷ്ണുവിന് ഒന്നാം സ്ഥാനവും ലഭിച്ചിരുന്നു. ഇന്നും ഈ വരികള്‍ക്ക് പ്രാധാന്യം ഉണ്ടെന്ന് തോന്നിയതിനാല്‍ പോസ്റ്റ്‌ ചെയ്യുന്നു.. :)



-San-