Pages

പറയാനുള്ളതില്‍ ചിലത് ..

ചിരി വരുന്നു..
അത് കഴിഞ്ഞാല്‍ വരുന്ന അടുത്ത വികാരം സഹതാപമാണ്..

ആരോട്, എന്തിനു, എന്നൊന്നും ചോദിക്കരുത്. മുഴുവന്‍ സമൂഹത്തിനോടും എന്ന് മറുപടി പറയേണ്ടി വരും. ഇടതും വലതും പാര്‍ട്ടികള്‍ മാറി മാറി അധികാരത്തില്‍ വരുമ്പോള്‍ കാട്ടിക്കൂട്ടുന്ന വിക്രിയകള്‍ കണ്ടു ചിരിവരുന്ന കാര്യമാണ് പറഞ്ഞു വരുന്നത്. ജനങ്ങളെ ഇഞ്ചിഞ്ചായി കൊല്ലുന്നതില്‍ വലതന്മാരും കൊല്ലുമ്പോള്‍ ഒറ്റയടിക്ക് കൊല്ലുന്ന കാര്യത്തില്‍ ഇടതന്മാരും പ്രാഗത്ഭ്യം തെളിയിച്ചതാണ്.
ഇങ്ങനെയൊക്കെ പറഞ്ഞെങ്കില്‍ കൂടിയും കഴിഞ്ഞ ഇടതുപക്ഷ ഭരണത്തെ ഇന്നത്തെ സാഹചര്യങ്ങളുമായി തട്ടിച്ചു നോക്കിയാല്‍ പ്രശംസിക്കാതെ വയ്യ. പദ്ധതികള്‍ പലതും ഇഴഞ്ഞു നീങ്ങുകയും ജലരേഖകള്‍ പോലെ പോയ്‌മറയുകയും ചെയ്തെങ്കിലും ജനജീവിതം ഇത്ര ദു:സ്സഹമായിരുന്നില്ല .

ആരാണിവിടെ ഭരിക്കുന്നത്‌?
ഇവിടെ ഭരണം ഉദ്യോഗസ്ഥരുടെ കൈകളിലാണ്. നാഴികയ്ക്ക് നാല്പതു വട്ടം അവകാശങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യുകയും സാധാരണക്കാരനെ ഒരു കാരണവുമില്ലാതെ വട്ടം കറക്കുകയും ചെയ്യുന്ന കുറെ വൃത്തികെട്ട ഉദ്യോഗസ്ഥന്മാരുടെ കയ്യില്‍ .

പിന്നൊന്ന് കോര്‍പ്പറേറ്റുകള്‍ ആണ്.. ഭരിക്കുന്നവര്‍ ആരുമായിക്കൊള്ളട്ടെ അവരെ ചാക്കിലാക്കാനുള്ള പണം കോര്‍പ്പറേറ്റുകളുടെ  കൈവശമുണ്ട്. സമയാസമയം അണ്ണാക്കിലേക്ക് കാശുവെച്ച് കൊടുക്കുമ്പോള്‍ എതവനാണ് വേണ്ട എന്ന് പറയുക?

'കോടതിയും നിയമവാഴ്ചയും'
ജനജീവിതം ഇത്രത്തോളം അസ്സഹനീയമാക്കിയതില്‍ നല്ലൊരു പങ്കു ഈ നാട്ടിലെ കോടതികള്‍ക്കും നിയമ വ്യവസ്ഥിതിക്കും ഉണ്ട്. രാഷ്ട്രീയ കേസുകള്‍ പഠിക്കാനും, വിധി നിശ്ചയിക്കാനും, അവ നടപ്പില്‍ വരുത്താനും വരുന്ന കാലതാമസം ഭരണ സംവിധാനത്തില്‍ വരുത്തുന്ന പിഴവുകളെ കുറിച്ചോ അതിക്രമങ്ങളെ കുറിച്ചോ കോടതിയും ബോധവാന്മാരല്ല.

ഇതിനെക്കാളുപരി ചിരിക്കാനും അതെ സമയം സഹതപിക്കാനും ഇട നല്‍കുന്നത് കോടതിയോ ഉദ്യോഗസ്ഥരോ രാഷ്ട്രീയ പാര്‍ട്ടികളോ അല്ല. ഇവരെയൊക്കെ നിയന്ത്രിക്കേണ്ടുന്ന 'പൊതുജനം' എന്ന വിഭാഗമാണ്‌. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ സ്ഥിതിഗതികള്‍ നേരെ മറിച്ചാണ്. ഇവന്മാരുടെയെല്ലാം താളത്തില്‍ പൊതുജനം തുള്ളുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുക. കുറച്ചെങ്കിലും പ്രതികരിക്കാന്‍ മെനക്കെടുന്നവര്‍ പത്ര-ദൃശ്യ മാധ്യമങ്ങളിലൂടെ 'പൊതുജനം കഴുത' എന്ന് പറഞ്ഞു സ്വയം അപഹാസ്യരാകുന്നു.

'പൊതുജനം കഴുത'
പൊതുജനം കഴുത എന്ന് നിങ്ങളും പറയുന്നെങ്കില്‍ പറഞ്ഞോളൂ.. പക്ഷെ എന്നെ ആ കൂട്ടത്തില്‍ പെടുത്തരുതു. ഏമാന്മാരുടെ മുന്നില്‍ ഓച്ഛാനിച്ച് നില്‍ക്കാനും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ജയ്‌ വിളിക്കാനും പഴകി ദ്രവിച്ച നിയമവാഴ്ച്ചകള്‍ക്കനുസരിച്ചു ജീവിക്കാനും ഒട്ടും താല്പര്യം ഇല്ലാത്ത ഈ നാട്ടിലെ ചുരുക്കം യുവാക്കളില്‍ ഒരാളാണ് ഞാനും. 

'ഇന്ദ്രപ്രസ്ഥം'
ഡല്‍ഹിയിലെ അവസ്ഥ ഇതിനെക്കാളൊക്കെ രസകരമാണ് .. കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്‌ ഇറ്റാലിയന്‍  റിമോട്ട് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ റോബോട്ട് ആണെന്നാണ്‌ വെപ്പ്. പിന്നെ ഒരു ബന്ധവുമില്ലാതെ പേരിനു വാലായി ഗാന്ധി എന്നും വെച്ച് നടക്കുന്ന അമുല്‍ ബേബിയും വെള്ളക്കാരി അമ്മച്ചിയും. ഇവരൊക്കെ ആരുടെയോ വാലാട്ടിപ്പട്ടികള്‍ ആണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇറ്റലിക്കാരി അമ്മച്ചി മരുമകനെയും മകനെയും പണക്കാരനാക്കാന്‍ ഉറക്കമില്ലാതെ കഷ്ട്ടപെടുമ്പോള്‍ സര്‍ദാര്‍ജി വാ തുറന്നാല്‍ വിലകൂട്ടും... പ്രത്യേകിച്ച് കേരളത്തില്‍ വന്നു മടങ്ങുമ്പോള്‍ .. ഇതിനെ കുറിച്ച് ചോദിച്ചാല്‍  കുഞ്ഞൂഞ്ഞും പന്നിത്തലയും ഒക്കെ നല്‍കുന്ന മറുപടികള്‍ അതിലും കേമമാണ്‌.. എങ്ങും തൊടാതെയുള്ള ഉത്തരങ്ങള്‍ ..


എല്ലാം കൂടെ ചേര്‍ത്തു വായിക്കുമ്പോള്‍ വല്ലാതെ വട്ടു പിടിക്കും.. ഞാനടങ്ങുന്ന 'നമ്മളോട്' സഹതാപവും തോന്നും,  ഇവര്‍ക്കൊക്കെ മറുപടി അടുത്ത തിരഞ്ഞെടുപ്പിന് നല്‍കാന്‍ ജനം തയ്യാറാകണം .. ഏതായാലും എന്റെ തീരുമാനം ആദ്യമേ അറിയിച്ചേക്കാം..
"ഞാന്‍ ഒരുത്തനും വോട്ടു ചെയ്യില്ല ..  ഈ നാറിയ 'സിസ്റ്റം' മാറുന്നത് വരെ.. "
ഇനിയും ഇവന്മാരില്‍ വിശ്വസിച്ചിരിക്കുന്ന മറ്റുള്ളവര്‍ക്ക് അവരുടെ ഇഷ്ട്ടം പോലെ ചെയ്യാം..

---

രാജ്യം അറുപത്തിമൂന്നാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന ഈ വേളയില്‍ മനസ്സില്‍ തോന്നിയ കാര്യങ്ങള്‍ എല്ലാം കുത്തിക്കുറിച്ചു വെച്ചതാണ് മുകളില്‍ .. എനിക്ക് പറയാനുള്ള അനേകം കാര്യങ്ങളില്‍ ചിലത് മാത്രം, ഇനിയും മൂടി കെട്ടി മിണ്ടാതിരുന്നാല്‍ ശരിയാകില്ല എന്ന തിരിച്ചറിവുകള്‍ കൊണ്ട് നിങ്ങളുമായി പങ്കു വെക്കുന്നു.

ഓരോ ഭാരതീയനും റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്നു കൊണ്ട് നിര്‍ത്തട്ടെ ..

ജയ് ഹിന്ദ്‌.
>SAN<

26 comments:

  1. ആശയ്ക്ക് വകയൊന്നും കാണുന്നില്ല, എന്നാലും ഒരു നല്ല കാലം വരുമെന്ന് ശുഭാപ്തിവിശ്വാസത്തോടെ കഴിയാം

    ReplyDelete
  2. പ്രസ്തുത പരിതസ്ഥിതിയില്‍ അല്ലെങ്കില്‍ മാറുന്ന ചുറ്റുപാടില്‍, ഒരു യുവ പൌരന്റെ രോഷം ഇവിടെ ആളിക്കത്തുന്നു!!! പക്ഷെ ഭാഷ, ചില പദങ്ങള്‍ കുറേക്കൂടി സഭ്യമാക്കാമായിരുന്നു, പിന്നെ 63 അല്ലല്ലോ മാഷേ 64 അല്ലെ!
    ആശംസകള്‍ റിപ്പബ്ലിക് ദിനത്തില്‍

    ReplyDelete
  3. :) നല്ലകാലം വരപ്പോകിരെ

    ReplyDelete
  4. ജനജീവിതം ഇത്രത്തോളം അസ്സഹനീയമാക്കിയതില്‍ നല്ലൊരു പങ്കു ഈ നാട്ടിലെ കോടതികള്‍ക്കും നിയമ വ്യവസ്ഥിതിക്കും ഉണ്ട്.

    ReplyDelete
  5. ഇത് വായിച്ച് എനിക്കനുഭവപ്പെട്ട കുറേ സത്യങ്ങളുണ്ട്,

    'പദ്ധതികള്‍ പലതും ഇഴഞ്ഞു നീങ്ങുകയും ജലരേഖകള്‍ പോലെ പോയ്‌മറയുകയും ചെയ്തെങ്കിലും ജനജീവിതം ഇത്ര ദു:സ്സഹമായിരുന്നില്ല.'

    'ഇവിടെ ഭരണം ഉദ്യോഗസ്ഥരുടെ കൈകളിലാണ്. നാഴികയ്ക്ക് നാല്പതു വട്ടം അവകാശങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യുകയും സാധാരണക്കാരനെ ഒരു കാരണവുമില്ലാതെ വട്ടം കറക്കുകയും ചെയ്യുന്ന കുറെ വൃത്തികെട്ട ഉദ്യോഗസ്ഥന്മാരുടെ കയ്യില്‍.'

    നല്ല കാര്യങ്ങളാണ് ഇതിൽ പറഞ്ഞിരിക്കുന്നവയെല്ലാം,അതിലേറെ പ്രാധാന്യമേറിയതും.
    പക്ഷെ ഇതിലെ ഒന്നിനോട് വിയോജിപ്പുണ്ട്. കാരണം നമ്മൾ ബ്ലോഗ്ഗിലൂടെയും മറ്റ് എഴുത്ത്-ദൃശ്യ മാധ്യമങ്ങളിലൂടെയും എന്തൊക്കെ പറഞ്ഞാലും,നമ്മൾ ഈ രാജ്യത്തെ ഭരണ-നിയമ വ്യവസ്ഥിതിക്കനുസരിച്ച് ജീവിക്കാൻ വിധിക്കപ്പെട്ടവരാണ്. നമ്മളറിയാതെത്തന്നെ നാം ഈ രാജ്യത്തിലെ പല ഭരണ ഉദ്യോഗസ്ഥനടപടികളേയും കണ്ണുമടച്ച് പിന്താങ്ങേണ്ട, അല്ലെങ്കിൽ മനസ്സില്ലാ മനസ്സോടെ പിന്താങ്ങേണ്ട ഒരവസ്ഥയിലാണ്. നമ്മൾ എന്തെല്ലാം കാര്യങ്ങൾ പല പല ആവശ്യങ്ങൾക്കായി ഈ ഭരണവ്യവസ്ഥകളോട് ബന്ധപ്പെട്ട് ചെയ്യുന്നു എന്നൊന്നാലോചിച്ചാൽ മതി.!
    അപ്പോൾ ഈ വാക്കുകൾ ഇതിൽ പറയേണ്ടിയിരുന്നില്ല,

    'പൊതുജനം കഴുത എന്ന് നിങ്ങളും പറയുന്നെങ്കില്‍ പറഞ്ഞോളൂ.. പക്ഷെ എന്നെ ആ കൂട്ടത്തില്‍ പെടുത്തരുതു. ഏമാന്മാരുടെ മുന്നില്‍ ഓച്ഛാനിച്ച് നില്‍ക്കാനും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ജയ്‌ വിളിക്കാനും പഴകി ദ്രവിച്ച നിയമവാഴ്ച്ചകള്‍ക്കനുസരിച്ചു ജീവിക്കാനും ഒട്ടും താല്പര്യം ഇല്ലാത്ത ഈ നാട്ടിലെ ചുരുക്കം യുവാക്കളില്‍ ഒരാളാണ് ഞാനും.'

    നീയും ഞാനും നമ്മളും നമ്മുടെ വീട്ടുകാരും അതിലെ കഴുതകളാണ്.
    ആശംസകൾ.

    ReplyDelete
  6. പണ്ട് രാജ്യത്തിലെ ചീത്ത വ്യവസ്ഥിതികള്‍ക്കെതിരെ ആഞ്ഞടിക്കുന്ന എഴുത്തുകാരുണ്ടായിരുന്നു ഇന്ന് അത് തുലോം കുറവാണ് ...നമുക്ക് ഇങ്ങനെയെങ്കിലും പ്രതിഷേധിക്കാം ...മാറും വരെ .

    ReplyDelete
  7. കോര്‍പ്പറേറ്റ് കളും അവരുടെ ദല്ലാളന്‍മാരും ആണ് ഇപ്പൊ ഭരണം നടത്തുന്നത് ജനാധിപത്യം വെറും ഒരു പ്രഹസനം മാത്രമായി മാറിയിരിക്കുന്നു

    ReplyDelete
  8. ആര് തന്നെ ഇനി ഭരിച്ചാലും ഇതൊക്കെ തന്നെയല്ലെ വരാൻ പോകുന്നത് ഒരു രക്ഷയുമില്ല

    ReplyDelete
  9. .ചിരിയും സഹതാപവുമല്ല, മറിച്ചു രോഷവും ആധിയുമാണ് ഇതെല്ലാം കാണുമ്പോള്‍ എന്നില്‍ നിറയുന്ന വികാരം.

    ഒന്നും ശരിയാവില്ല എന്നുരപ്പുള്ളപ്പോളും ഒക്കെ ശരിയാവുമെന്ന് സ്വപ്നം കാണാം... അത്ര തന്നെ.

    ReplyDelete
  10. സിസ്റ്റം മാറാന്‍ ബാക്കിയുള്ളവരെ കാത്തു നില്‍ക്കണോ? മുന്നില്‍ നിന്ന് നയിച്ചൂടെ? സാമ്പത്തിക മേഖല വളരുമ്പോള്‍ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കൂടും. പണം, അധികാരം; ഒക്കെ. അതാണ്‌ ലോകതത്വം; അനുഭവം. സ്വയം മാറുക. അല്ലെങ്കില്‍ മാറ്റാന്‍ തയ്യാറാവുക; രണ്ടും ചെയ്തില്ലെങ്കില്‍ തുടച്ചു നീക്കപെടാന്‍ കാത്തിരിക്കുക. ജയ് ഹിന്ദ്‌

    ReplyDelete
  11. ഒരൊഴുക്കില്‍ അങ്ങിനെ പോകുന്നു ജനങ്ങള്‍...ഈ അവസ്ഥകള്‍ മാറി മറിയുമെന്ന് വിശ്വസിക്കാം അല്ലേ?

    ReplyDelete
  12. "ഞാന്‍ ഒരുത്തനും വോട്ടു ചെയ്യില്ല .. ഈ നാറിയ 'സിസ്റ്റം' മാറുന്നത് വരെ.. "

    സിസ്റ്റം എങ്ങിനെ മാറും? ആരു മാറ്റും?
    അതെങ്ങിനെ എന്നാണറിയാത്തത്,.......
    ആശംസകള്‍ റിപ്പബ്ലിക് ദിനത്തില്‍ .

    ReplyDelete
  13. നമ്മുടെ കോടതികള്‍ ആദ്യം അഴിച്ചുപണിയണം.നമ്മുടെ ജനാധിപത്യത്തിന്‍റെ ഏറ്റവും ദുര്‍ബ്ബലമായ കണ്ണികള്‍ കോടതിയും മീഡിയായുമാണ്. പിന്നെ ,വോട്ട് ചെയ്യാത്തവര്‍ക്ക് ജനാധിപത്യത്തിന്‍റെ ദുരവസ്ഥയെക്കുറിച്ച് മുതലക്കണ്ണീരൊഴുക്കാന്‍ ഒരര്‍ഹതയുമില്ല.

    ReplyDelete
  14. നമ്മുടെ സിസ്റ്റത്തിന്‍റെ ബലഹീനതകള്‍ വക്തമായി വിവരിച്ചു. എവിടയോക്കയോ ശുഭാപ്തി വിശ്വാസം നഷ്ട്ടപ്പെട്ട പോലെ.
    ഇനിയുള്ള കാലം നമ്മുടതാണ്, ആത്മവിശ്വാസത്തോടെ സിസ്റ്റം മാറുന്നതിനു വേണ്ടി പരിശ്രമിക്കുക, വിജയംഇനി "പൊതുജന"ത്തിനല്ലതാണ്.

    ReplyDelete
  15. എന്നാലും ഒരു നല്ല കാലം വരുമെന്ന് ശുഭാപ്തിവിശ്വാസത്തോടെ കഴിയാം..

    ReplyDelete
  16. ഇയ്യോ... ഇതിനു ഞാന്‍ ഇട്ട കമന്‍റ് കാണുന്നില്ല.... വീണ്ടും ഇടുന്നു കമെന്റ്റ്‌.... നല്ല ചിന്തകള്‍ തന്നെ.... ശരിക്കും ഒരു ന്യൂ ജെനറേഷന്‍ ചിന്ത.... പക്ഷെ ഇന്നത്തെ ഈ പിന്തിരിപ്പന്‍ പരിഷ്കരണങ്ങള്‍ നാളെ നമ്മുടെ രാജ്യത്തിന്‌ വളരെ നല്ലാതായി വരും... അത് അറിയാന്‍ ഒരു പത്തു വര്ഷം എടുക്കും എന്ന് മാത്രം. പണ്ട് നാം എതിര്‍ത്ത എല്ലാ ആഗോള വത്കരണ ആശയങ്ങളും പിന്നീട് നമ്മളെ സഹായിച്ച ചരിത്രമെ ഉള്ളു... ഞാന്‍ ഒരു കൊണ്ഗ്രെസ്സ്കാരനോ ബിജെപികാരനോ മാര്‍ക്സിസ്ടോ അല്ല കേട്ടോ...

    ReplyDelete
  17. നമ്മള്‍ ഇവിടെ കിടന്നു ചിരിച്ചിട്ടും , സഹതപിച്ചിട്ടും , നെഞ്ചത്ത് ഇടിച്ചു കരഞ്ഞിട്ടും , കൂട്ട മുറവിളി , നിലവിളി ഇനിയും എന്തേലും ഉണ്ടേല്‍ അതൊക്കെയും ചെയ്തിട്ടും ഒരു കാര്യോമില്ല സംഗീതെ..

    ReplyDelete
  18. റിപ്പബ്ലിക് ദിനാശംസകള്‍.....

    ReplyDelete
  19. പ്രതീക്ഷയോടേ കാത്തിരിക്കുന്നു. വിഡ്ഡികളാക്കിപ്പെടുമെന്ന പൂര്‍ണ്ണ വിശ്വാസത്തോടെ...

    ReplyDelete
  20. പ്രിയപ്പെട്ട സംഗീത് ,

    വെറുതെ കസേരയില്‍ കയ്യും കെട്ടിയിരുന്നു,വാക്കുകളിലൂടെ രോഷവും അമര്‍ഷവും പ്രകടിപ്പിച്ചാല്‍, സിസ്റ്റം നന്നാവും എന്ന് തോന്നുന്നുവോ?

    മാന്യമായ ഭാഷ സ്വാഗതാര്‍ഹം.ജനമധ്യത്തില്‍ ഇറങ്ങി പ്രവര്‍ത്തിക്കുക. ഇന്നത്തെ വ്യവസ്ഥിതിയുടെ പോരായ്മകള്‍ മനസ്സിലാക്കുക.പരിഹാരം കണ്ടു പിടിക്കുക.

    ക്രിയാത്മകമായി ചിന്തിക്കുക.

    ആശംസകള്‍ !

    സസ്നേഹം,

    അനു

    ReplyDelete
  21. നേരും നെറിയും കെട്ട ഭരണകൂട(ങ്ങള്‍ )ത്തിനെതിരെ അല്ലെങ്കില്‍ ജനാധിപത്യ വ്യവസ്ഥക്കെതിരെ ശരിയുടെ ഭാഗത്ത്‌ നിന്ന് നോക്കിക്കാണുന്ന യുവത്വത്തിന്‍റെ പ്രതീകം ആണ് സംഗീത്.

    ഒരു സംഗീതം പോലെ ജന സേവനം നടത്താന്‍ ഈ ക്ഷോഭിക്കുന്ന യുവാവിന് കഴിയട്ടെ എന്നാശംസിക്കുന്നു...

    ReplyDelete
  22. കാമ ബ്രാന്തിന്നടിയിലമര്‍ന്നൊരു അടിമ പെണ്ണായ് കരയുന്നു ,,,,ജനാതിപത്യം .

    ReplyDelete
  23. നന്നാവില്ല എന്ന് ചൊല്ലുന്നതിലല്ല....
    അതിന് വേണ്ടി ശ്രമിക്കുന്നിടത്താണ് കാര്യം

    ReplyDelete
  24. നന്നാവില്ല എന്ന് ചൊല്ലുന്നതിലല്ല....
    അതിന് വേണ്ടി ശ്രമിക്കുന്നിടത്താണ് കാര്യം

    ReplyDelete