Pages

ന്‍റെ കുസൃതി കുട്ടി.

ആരുടെയെങ്കിലും നല്ല സുഹൃത്തായിരിക്കുക എന്നതൊരു ഭാഗ്യമാണ്. എന്നാല്‍ അവരില്‍ പലരും നമ്മെ ഒരു സഹോദരനോ സഹോദരിയോ ഒക്കെയായി കാണുമ്പോള്‍ അതൊരു സൌഭാഗ്യമാണ്. അങ്ങനെ നിരവധി സൌഹൃദങ്ങള്‍ ലഭിക്കുവാന്‍ ഭാഗ്യം ചെയ്തവനാണ് ഞാന്‍. അങ്ങനെയുള്ള ബന്ധങ്ങളില്‍ ഞാന്‍ ഏറ്റവും വിലമതിക്കുന്ന ഒരാളുണ്ട്, ഒരനിയത്തി കുട്ടി.

അവളെ ഓര്‍ക്കുമ്പോഴെല്ലാം ചുണ്ടില്‍ ഒരു ചെറിയ ചിരി വിടരും. ആ ഉണ്ടക്കണ്ണി, കുസൃതി കുട്ടിയുടെ കാണിച്ചുകൂട്ടലുകളിലെല്ലാം ചിരിക്കാന്‍ എന്തെങ്കിലും കാണും, എനിക്കെന്നല്ല കാണുന്ന എല്ലാര്‍ക്കും. ഞാന്‍ ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഹിന്ദി പഠിക്കുന്നതിനായി മറ്റൊരു സ്ഥാപനത്തില്‍ ചേര്‍ന്നു. സ്കൂളിലെ ജീവിതത്തിനെക്കാളും നന്നായി ആസ്വദിച്ചത് അവിടെയായിരുന്നു. അവിടെ വെച്ചാണ് ഈ കുസൃതി കുട്ടിയെ എനിക്ക് കിട്ടിയതും. ടീച്ചര്‍മാര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ പ്രിയങ്കരി ആയിരുന്നു അന്നവള്‍.

കൂട്ടത്തില്‍ ഒരല്പം മുതിര്‍ന്നത് ഞാന്‍ ആയിരുന്നതിനാല്‍ ആയിരിക്കണം എന്നോടവള്‍ക്ക് ഒരു ജേഷ്ഠതുല്ല്യ സ്നേഹം പ്രത്യേകം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഇടയ്ക്കിടെ മറ്റുള്ളവരോടുള്ള ഇണക്കങ്ങളും പിണക്കങ്ങളും എല്ലാം എന്നോട് പറഞ്ഞിരുന്നു. കാണാന്‍ എന്‍റെ സ്വന്തം അനിയത്തി കിങ്ങിണിയെ പോലെയായിരുന്നു. അതുകൊണ്ടാവണം എനിക്കവള്‍ ഏറെ പ്രിയങ്കരിയായി മാറിയത്. എന്‍റെ കിങ്ങിണികുട്ടിക്കും ഇവള്‍ക്കും ഒരേ സ്വഭാവമാണെന്നും പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. ഞങ്ങള്‍ക്ക് ക്ലാസ്സ്‌ ശനി, ഞായര്‍ ദിവസങ്ങളില്‍ ആയിരുന്നു. ഉച്ചയ്ക്ക് ചോറുണ്ണാന്‍ ഇരിക്കുമ്പോള്‍ അവളെ എന്‍റെ കൂടെയേ ഇരിക്കൂ.. അതുപോലെ എപ്പോഴും എന്തെങ്കിലും കുസൃതികള്‍ ഒപ്പിച്ചു കൊണ്ടുമിരിക്കും.. അവിടെ ഇടവേളകളില്‍ ഞങ്ങള്‍ എന്തെങ്കിലും കളിക്കുക പതിവാണ്. എനിക്ക്, എന്‍റെ സമപ്രായക്കാര്‍ ആയ വേറെയും രണ്ടു സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. അവരും  ഞാനും എന്തെങ്കിലും വിഷയത്തില്‍ പിണങ്ങിയാലും ഇവള്‍ ആയിരുന്നു ഇടയില്‍ നിന്ന് പരിഹരിച്ചിരുന്നത്.  ഇത്രയുമൊക്കെ പറഞ്ഞു വന്നത് ഈയ്യടുത്തൊരു ദിവസം ഞാന്‍ അവളെ സ്വപ്നം കണ്ടു. അതും മുന്‍പൊരിക്കല്‍ നടന്ന അതെ സംഭവം.

അവളെ കുറിച്ചുള്ള എന്‍റെ ആദ്യ ഓര്‍മയും ഒരുപക്ഷെ ആ സംഭവം തന്നെയാണ്. ഹിന്ദി ക്ലാസ്സില്‍ പാഠഭാഗങ്ങള്‍ ഓരോരുത്തരായി തര്‍ജ്ജമ ചെയ്തു ക്ലാസ്സില്‍ അവതരിപ്പിക്കുന്ന ഒരു രീതിയുണ്ടായിരുന്നു. ഒരിക്കല്‍ ഇവള്‍ടെ ഊഴമെത്തി, പഠിക്കാന്‍ മിടുക്കിയാണെങ്കിലും ചോദ്യം ചോദിച്ചാല്‍ എന്തെങ്കിലും കുസൃതി ഒപ്പിച്ചേ അവള്‍ മറുപടി പറയൂ.. ഇത്തവണ, അവള്‍ കഥ പറയാന്‍ നേരം ജനലിലൂടെ പുറത്തെ മള്‍ബറി മരം നോക്കിയാണ് പറഞ്ഞു തുടങ്ങിയത്. ജെസി ടീച്ചര്‍ അവളോട്‌ പറയും നേരെ നോക്കി കഥ പറയാന്‍..  എവിടെ ? ആര് കേള്‍ക്കുന്നു ? അവള്‍ വീണ്ടും പുറത്തേക്ക് നോക്കും. ടീച്ചര്‍ ഇടയ്ക്കിടെ അവളുടെ കാഴ്ച്ചയെ മറയ്ക്കും. അപ്പോള്‍ കഥയും നില്‍ക്കും... ആ കഥ പറച്ചില്‍ കണ്ടു നില്‍ക്കാന്‍ നല്ല രസായിരുന്നു.. "എനിക്കത് നോക്കാതെ കഥ പറയാന്‍ പറ്റൂല" " എന്നവള്‍ വളരെ വ്യക്തമായി തന്നെ പറഞ്ഞു.. ആരോ അവിടെ നിന്നും കഥ പറഞ്ഞു കൊടുക്കുന്നത് പോലെ.. കഥ മുഴുവന്‍ കഴിഞ്ഞപ്പോള്‍ തിരിഞ്ഞു നിന്ന് എല്ലാരെയും നോക്കി ഒരു പഞ്ചാര ചിരിയും ചിരിച്ചു. ഒരു സിനിമയിലെ രംഗം എന്ന പോലെ ആ സംഭവം ഇന്നുമെന്‍റെ മനസ്സിലുണ്ട്.

ഞങ്ങള്‍ക്ക് പരസ്പരം ഉണ്ടായിരുന്ന അടുപ്പം അവിടെ വേറെ ആര്‍ക്കും ഉണ്ടായിരുന്നതായി എനിക്ക് തോന്നുന്നില്ല. അതുകൊണ്ട് തന്നെ അതില്‍ പലര്‍ക്കും, സ്പഷ്ടമായി പറഞ്ഞാല്‍ എന്‍റെ കൂട്ടുകാരികള്‍ക്ക് അതില്‍ നല്ല അസൂയയും ഉണ്ടായിരുന്നു. അങ്ങനെ ഒരുപാട് നല്ല ഓര്‍മകളുമായി ഹിന്ദി ക്ലാസ്സിലെ ദിനങ്ങള്‍ കടന്നു പോയി. പിന്നെ ഞാന്‍ സ്കൂള്‍ മാറി, അവളെ കാണുന്നതും കുറവായിരുന്നു. വല്ലപ്പോഴും മേപ്പാടി ടൌണില്‍ വെച്ച് ഒരു നോട്ടം കണ്ടാലായി... അത്ര തന്നെ.

പിന്നെ മറ്റൊരോര്‍മ അമ്പലത്തിലെ ഉത്സവനാളുകളില്‍ ഒന്നാണ്. ന്‍റെ കുസൃതികുട്ടി ഒരു നല്ല നര്‍ത്തകിയാണ്, മേപ്പാടി അമ്പലത്തില്‍ ഉത്സവനാളുകളില്‍ കുട്ടികളുടെ കലാപരിപാടികള്‍ പതിവാണ്. അതിനിടയില്‍ ഒരിക്കല്‍ സ്ഥലത്തെ ഒരു പ്രമുഖ യുവഗായിക കച്ചേരി അവതരിപ്പിക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍ ചെറിയ കുട്ടികളുടെ ഡാന്‍സ് കുറച്ചധികം ഉണ്ടായിരുന്നതിനാല്‍ ഗായികയുടെ കച്ചേരിയുടെ സമയവും വൈകി കൊണ്ടിരിന്നു. അതില്‍ അവര്‍ക്ക് നല്ല അരിശമുണ്ടായിരുന്നു നടത്തിപ്പുകാരോട്, ഈ അരിശം മൂത്ത് നില്‍ക്കുന്നതിനിടയിലാണ് ന്‍റെ കുസൃതികുട്ടിയുടെ പേര് വിളിച്ചത്.. അവള്‍ സ്റ്റേജിലേക്ക് കയറി.. ഡാന്‍സ് ചെയ്യുന്നതിനിടയില്‍ 'ഈ യുവഗായിക' സ്റ്റേജില്‍ കയറി വന്നു. നടുവില്‍ തന്നെ നില്‍പ്പുറപ്പിച്ചു.. പരിപാടിയാകെ അലങ്കോലമായി. അത് കണ്ടപ്പോള്‍ എനിക്ക് വല്ല്യ വിഷമമായി. മനസ്സില്‍ ആ ഗാനകോകിലത്തെ ഒരായിരം വട്ടം ശപിച്ചിട്ടുണ്ട്.

വയനാട്ടിലെ അങ്കമെല്ലാം താത്കാലികമായി നിര്‍ത്തിവെച്ചുകൊണ്ട് കോഴിക്കോട്ടേക് ചുരമിറങ്ങിയപ്പോള്‍ ഞാന്‍ വല്ലാതെ മിസ്സ്‌ ചെയ്ത ഒരുപാട് പേരില്‍ ഒരാള്‍ അവളായിരുന്നു. പിന്നൊരിക്കല്‍ ഉത്സവത്തിന് വയനാട്ടിലേക്ക് പോയപ്പോഴാണ് അവളെ അവസാനമായി കണ്ടത്, അവളുടെ അമ്മയും കൂടെ ഉണ്ടായിരുന്നു.  ഞാന്‍ അവളെ ഇടയ്ക്കിടെ ഓര്‍ക്കാറുണ്ട് എന്ന് മാത്രം പറഞ്ഞു.. ഞാനും അവളും തിരക്കിലായിരുന്നു അധികം സംസാരിക്കാനോ മറ്റോ കഴിഞ്ഞില്ല... അതിനു ശേഷം ഇന്നുവരെ അവളെ കാണാന്‍ കഴിഞ്ഞിട്ടില്ല. അതില്‍ നല്ല വിഷമവും ഉണ്ട്. എന്‍റെ അമ്മയുടെ വയറ്റില്‍ പിറക്കാതെ പോയ എന്‍റെ പെങ്ങള്‍... ഇടക്കെപ്പോഴോ ഞങ്ങളുടെ ഒരു സുഹൃത്തുമായി സംസാരിക്കുന്നതിനിടയില്‍ അവളെ കുറിച്ച് സംസാരിച്ചപ്പോള്‍ വീണ്ടും അവളെ കാണാനും വിശേഷങ്ങള്‍ അറിയാനും ഒരു മോഹം.

#വയനാടന്‍ മണ്ണിലെ പ്രിയമുള്ള ഓര്‍മകളില്‍ ഏറ്റവും പ്രിയമുള്ള ഓര്‍മ്മകള്‍ മാത്രം ചികഞ്ഞപ്പോള്‍ മനസ്സില്‍ തെളിഞ്ഞത്.


-san-