ഓഫീസിൽ അവൻ തനിച്ചായിരുന്നു. ചുമരിലെ വിള ക്കുകളും മേശപ്പുറത്തെ കമ്പ്യൂട്ടറും പോക്കറ്റിലെ മൊബൈലും ചത്തിട്ടു മണിക്കൂർ രണ്ടുകഴിഞ്ഞിരിക്കുന്നു. ആര്യാടനെ മനസ്സിൽ ശപിച്ചു കൊണ്ട് കറങ്ങുന്ന കസേരയിൽ മേപ്പോട്ടും നോക്കി ചാഞ്ഞിരിക്കുമ്പോൾ ഇനിയുള്ള മണിക്കൂറുകളിൽ എങ്ങനെ സമയം കൊല്ലും എന്ന ചിന്ത മാത്രമായിരുന്നു അവന്റെ മനസ്സിൽ.
പഴയ പത്രക്കെട്ടുകൾ വലിച്ചെടുത്തിട്ട് വായിക്കാൻ വിട്ടുപോയതും താത്പര്യമുള്ള വിഷയങ്ങൾ പ്രതിപാദിച്ചിരിക്കുന്നതുമായ എഡിറ്റോറിയല്‍ പേജുകള്‍ പരതി. നിര്‍ഭാഗ്യം എന്ന് പറയട്ടെ, അവന്റെ മനസ്സിനെ തൃപ്തിപ്പെടുത്താന്‍പോന്ന ഒന്നും തന്നെ അവയില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല.
പുറത്തെ വെയില്‍ ഓഫീസിനു താഴെയുള്ള റോഡിലൂടെ അല്‍പനേരം ചുറ്റിനടക്കാനുള്ള ആഗ്രഹത്തെയും തല്ലിക്കെടുത്തി. ജോലിത്തിരക്കേറിയ സമയങ്ങളില്‍ ഓഫീസ് ജനാലയിലൂടെ പുറത്തേക്കു വെറുതെയൊന്നു കണ്ണെറിയുമ്പോള്‍ പോലും കാണാറുള്ള 'തരുണീമണികളില്‍' ഒന്നിനെ പോലും ഈ അലസമായിരിക്കുന്ന സമയത്ത് കാണാന്‍ കഴിയാത്തതിലും അവനു നിരാശയായിരുന്നു.
താമസിക്കുന്ന ഹോസ്റ്റലിലെ പിള്ളേര്‍ ഇടയ്ക്കെപ്പോഴോ നല്‍കിയ 'സബര്‍മതി അകലുകയോ' എന്ന പുസ്തകം ഒരിടക്കാലാശ്വാസമായിരുന്നു. ഗുജറാത്ത്കലാപവും,ഗോധ്രയിലെ നരഹത്യയുമെല്ലാം ലളിതമായി എന്നാല്‍ ആധികാരികമായി തന്നെ പ്രതിപാദിക്കപ്പെട്ട പുസ്തകം. വീണ്ടും ഒരൊന്നര മണിക്കൂര്‍ പോയതറിഞ്ഞില്ല.
വിദൂരതയില്‍ കണ്ണും നട്ട് ജനാലയില്‍ ചാരി കുറച്ചു നേരം നിന്നപ്പോള്‍ എങ്ങുനിന്നോ വന്നൊരിളം കാറ്റ് -മന്ദമാരുതന്റെ കുഞ്ഞിളം തലോടല്‍- മനസ്സിലും മുഖത്തും ഒരുപോലെ പ്രസരിപ്പ് നിറച്ചു. ആസ്വദിച്ചു ചെയ്യുന്ന ജോലിത്തിരക്കുകള്‍ക്കിടയിലും ഇത്തരം സുഖങ്ങള്‍ കണ്ടെത്തുവാനും മറ്റും ശ്രമിക്കാതിരിക്കുന്നതില്‍ അവനു കുറ്റബോധം തോന്നിത്തുടങ്ങിയിരുന്നു.
തലേദിവസം തന്നെ ഫേസ്ബുക്ക് പ്രൊഫൈല്‍ ഡിയാക്ടിവേറ്റ് ചെയ്തിരുന്നതിനാല്‍ ലൈക്കുകളെയും കമന്റുകളെയും നോട്ടിഫിക്കെഷനുകളെയും കുറിച്ചോര്‍ത്തുള്ള ആകുലതകള്‍ കുറവായിരുന്നു. ഫേസ്ബുക്ക് ഡിയാക്ടിവേറ്റ് ചെയ്തു കഴിഞ്ഞാല്‍ അവന്റെ അടുത്ത പടി റ്റിറ്റ്വെറിലും ഗൂഗിള്‍ പ്ലസിലും പോയി ഫേസ്ബുക്കിനെ കുറ്റം പറയുക എന്നുള്ളതാണ്.. എന്നാല്‍ ഇപ്പോള്‍ വീണ്ടും മുഖപുസ്തകത്തെ സ്നേഹിച്ചു തുടങ്ങിയതിനാല്‍ കുറ്റം പറയുന്ന കലാപരിപാടി ഇത്തവണ ഒഴിവാക്കി.
ആരെങ്കിലും ചോദിക്കാതെ വിശപ്പിനെ പറ്റി അവനോര്‍ക്കാറെയില്ല. അതുകൊണ്ട് തന്നെ സമയം രണ്ടുമണിയായതും അവനറിഞ്ഞില്ല. വേണോ വേണ്ടയോ എന്ന മനസ്സില്ലാ മനസ്സോടെ ഉച്ചയൂണ് കഴിക്കുന്നു എന്ന് വരുത്തിത്തീര്‍ക്കാന്‍ പുറത്തിറങ്ങി. പുറത്തു ഒരല്പം പോലും ചൂട് കുറഞ്ഞിട്ടില്ല. അരുണന്റെ പ്രഭാമയത്തില്‍ ഇരുനിറമുള്ള അവന്റെ ചര്‍മ്മം ഇനിയും ഇരുളുമോ എന്നവന്‍ ഭയപ്പെട്ടു. വാടിയ മുഖങ്ങള്‍ക്കിപ്പോള്‍ ഡിമാന്‍ഡ് കുറവാണത്രെ.
ഹോട്ടലില്‍ സാമാന്യം ഭേദപ്പെട്ട തിരക്കുണ്ടായിരുന്നു. കുറച്ചു നേരം പുറത്തെ കസേരയില്‍ തന്നെയിരുന്നു. നിറയെ ആളുകള്‍ ഉള്ളപ്പോള്‍ ചൂടുള്ള ഭക്ഷണം ആസ്വദിച്ചു കഴിക്കാന്‍ കഴിയില്ലായെന്നു അവനു തോന്നിക്കാണും. തിരക്കൊന്നൊഴിഞ്ഞപ്പോള്‍ അകത്തുകയറി ഭക്ഷണം കഴിച്ചു. കറി പിടിക്കാഞ്ഞിട്ടാകണം മുഴുവനും കഴിക്കാതെ പുറത്തിറങ്ങി. പൊരി വെയിലില്‍ തന്നെ പതിയെ തിരിച്ചു നടന്നു. നടത്തത്തിനു ഇത്തവണ വേഗം കുറവായിരുന്നു. ആങ്ങിത്തൂങ്ങി നടന്നു ഒടുക്കം ഓഫീസ് എത്തിയപ്പോഴേക്കും സമയം മൂന്നരയായിരിക്കുന്നു. ഇനിയും ഒന്നരമണിക്കൂര്‍ കഴിയണം എങ്കിലേ ശ്മശാന മൂകമായ ഓഫീസിനു ഉണര്‍വുണ്ടാവുകയുള്ളൂ.
സമയം കൊല്ലാനുള്ള മറ്റു വഴികള്‍ ആലോചിച്ചിരുന്നപ്പോഴാണ് 'വായില്‍ തോന്നിയത് കോതയ്ക്ക് പാട്ട്' എന്ന മട്ടില്‍ ഇടയ്ക്കിടെ കുത്തിക്കുറിക്കാറുള്ള അവന്റെ ബ്ലോഗിനെ കുറിച്ചോര്‍ത്തത്. മനസ്സില്‍ ഒരായിരം ബള്‍ബുകള്‍ ഒരുമിച്ചു മിന്നി -എല്ലാം നൂറു വോള്‍ട്ടിന്റെത് തന്നെ... സംശയം വേണ്ട- പിന്നെ സമയം കളയാന്‍ നിന്നില്ല. പേനയും പേപ്പറും കയ്യിലെടുത്തു.
മലയാളം എഴുതേണ്ട ആവശ്യം വരാത്തതിനാലും കീ ബോര്‍ഡിന്റെ ചതുരക്കട്ടകളില്‍ ചടുലമായി വിരലുകളോടിക്കാന്‍ മാത്രം പഠിച്ചിരുന്നതിനാലും മുന്‍പൊക്കെ മനോഹരമായിരുന്ന അവന്റെ കയ്യക്ഷരം വികലമായി തുടങ്ങിയിരുന്നു. എങ്കിലും മനസ്സില്‍ വിരിഞ്ഞവാക്കുകള്‍ പകര്‍ത്തി വെക്കുവാന്‍ മറ്റൊരുപാധിയും ഇല്ലാതിരുന്നതിനാല്‍ വികലമായ ആ കയ്യക്ഷരത്തില്‍ തന്നെ അവന്‍ അവന്റെ കഥ മറ്റൊരുവന്റെതെന്ന നിലയില്‍ എഴുതിത്തുടങ്ങി.
"ഓഫീസില്‍ അവന്‍ തനിച്ചായിരുന്നു ............
.............................................................................................................വിടര്‍ന്നു.."
അവസാന വരിയും എഴുതി നിര്‍ത്തുമ്പോള്‍ സമയം 5.15. മുകളില്‍ ഫാന്‍ കറങ്ങിത്തുടങ്ങി, ചുമരിലെ വിളക്കുകള്‍ തെളിഞ്ഞു, അവന്റെ മുഖത്തൊരു പുഞ്ചിരിയും വിടര്‍ന്നു..