Pages

ഞാന്‍ ..

ഞാന്‍ എന്ന ചിന്തയന്നുമിന്നും
ഒരുദിനമനുദിനമൊഴിയാ പലദിനം
രാവുകള്‍ പുലരികള്‍
പലനേരമിങ്ങനെ
വേട്ടയാടുന്നെന്നെയെന്നു
ചൊല്ലാന്‍ ഞാന്‍
ഞാനല്ലാതിരിക്കണം ...


-san- 

പ്രകാശം പരത്തുന്ന കല്ലുകള്‍ ..


യാത്രാമദ്ധ്യേയാണ് മനോഹരമായി അണിഞ്ഞൊരുങ്ങിയ ഒരു 'കല്ല്‌' അവനു കിട്ടിയത്. ഒട്ടേറെ അന്വേഷണങ്ങള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും ഒടുവില്‍ കയ്യില്‍ വന്നു ചേര്‍ന്ന കല്ല്‌. അവനുണ്ടായതും അതുപോലൊരു കല്ലില്‍ നിന്നത്രേ.. കയ്യില്‍ വന്നു ചേര്‍ന്ന കല്ലിനെ സ്നേഹത്തോടെ, വാത്സല്യത്തോടെ പുണര്‍ന്നു കൊണ്ട് 'ഈ കല്ല്‌..  ഇതെന്റെയാണ്' എന്നവന്‍ മനസ്സില്‍ ഒരായിരം വട്ടം മന്ത്രിച്ചു.

കല്ലിനോടുള്ള സ്നേഹക്കൂടുതല്‍ കൊണ്ട്  കല്ലില്‍ ചില മാറ്റങ്ങള്‍ വരുത്തുവാന്‍ അവന്‍ തീരുമാനിച്ചതും പെട്ടന്നായിരുന്നു. കല്ല്‌ മറ്റുള്ളവര്‍ നോക്കുന്നതോ കല്ലിനോട് എന്തെങ്കിലും സംസാരിക്കുന്നതോ അവനു തീരെ ഇഷ്ട്ടമുള്ള കാര്യമായിരുന്നില്ല. കല്ലിനെ ആരാധനയോടെ, ബഹുമാനത്തോടെ നോക്കുന്ന അനേകം പേര്‍ ആ നാട്ടിലുണ്ടായിരുന്നു. എങ്കിലും അവര്‍ക്ക് മുന്‍പിലും കല്ലിനെ അവന്‍ മൂടി വെച്ചു. കല്ലിനും സ്വപ്‌നങ്ങള്‍ ഉണ്ടായിരുന്നു. ആ സ്വപ്‌നങ്ങള്‍ പൂവണിയിക്കുവാന്‍ വേണ്ടിയായിരുന്നു കല്ല്‌ അവനു വേണ്ടി കാത്തിരുന്നത്. തന്റെ സ്വപ്‌നങ്ങള്‍ പങ്കുവെക്കുവാനും അവന്റെ സ്നേഹത്തോടെ, സഹായത്തോടെ, ആശംസകളോടെ, ആ സ്വപ്നത്തെ സാക്ഷാത്കരിക്കുവാനും  വേണ്ടിയായിരുന്നു കല്ല്‌ കൊതിച്ചിരുന്നത്‌.

നിര്‍ഭാഗ്യവശാല്‍ കല്ലിനോടുള്ള അവന്റെ സ്നേഹം ഒരുതരം ഭയമായി മാറി. സാഹചര്യങ്ങള്‍ മാറ്റി എന്ന് വേണം കരുതാന്‍ .. അവന്‍ രണ്ടാമതൊരാവര്‍ത്തി ചിന്തിക്കാതെ കല്ലിനെ ഒരു കറുത്ത പെട്ടിയില്‍ അടച്ചു വെച്ചു. കല്ലിന്റെ സ്വതസിദ്ധമായ കഴിവുകളും പ്രകാശവും എല്ലാം ആ കറുത്ത പെട്ടിയില്‍ ഒതുങ്ങി. കല്ലിന്റെ ലോകവും ആ പെട്ടിയിലേക്ക് ചുരുങ്ങി.

നാട്ടുകാരില്‍ പലരും കല്ലിനെ തിരയാന്‍ തുടങ്ങി. അവനോടു ചോദിച്ചപ്പോഴൊക്കെ ചിരിയോടു കൂടിയുള്ള മൌനമായിരുന്നു മറുപടി. കറുത്ത പെട്ടി കാണുമ്പോഴൊക്കെ നാട്ടുകാരില്‍ പലരും പെട്ടിയിലെ കല്ലിനെ കാണുവാന്‍ മോഹിച്ചു. മോഹം അതിമോഹമായി.. ഈ അതിമോഹത്തെ കുറിച്ച് അവനും നല്ല ബോധ്യമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ വല്ലപ്പോഴും അവനു വേണ്ടി മാത്രം തുറന്നു നോക്കി കൊണ്ടിരുന്ന ആ കറുത്ത പെട്ടിക്കുള്ളിലെ കല്ലിനെ അവനും സംശയമായി..

ഇതിനിടയില്‍ യാത്രാമദ്ധ്യേ  മറ്റനേകം കല്ലുകള്‍ അവന്‍ കണ്ടിരുന്നു. ഭംഗിയായി അണിഞ്ഞൊരുങ്ങിയിരുന്ന കല്ലുകള്‍ .. ആ കല്ലുകളില്‍ അവന്‍ കണ്ടിരുന്നത്‌ താന്‍ കറുത്ത പെട്ടിയില്‍ അടച്ചു വെച്ചയിനം കല്ലിന്റെ തിളക്കമല്ല. മറ്റെന്തോ ഒരു തിളക്കം. കറുത്തപെട്ടിയില്‍ അടച്ചു വെച്ച കല്ലിനെ കാണാതെ തിളക്കമേറിയ മറ്റു കല്ലുകള്‍ തിരഞ്ഞുകൊണ്ടുള്ള യാത്ര അവനു പതിവായി. സ്വമേധയാ അവനു വേണ്ടി പ്രകാശിക്കുന്ന കല്ലുകളും അവനെ കണ്ടാല്‍ ഭയന്നോടുന്ന കല്ലുകളും നഗരവീഥികളില്‍ പതിവ് കാഴ്ചയായി.

നാളുകള്‍ പിന്നിട്ടു. അവന്‍ തന്റെ കറുത്ത പെട്ടിയുടെ അരികില്‍ മടങ്ങിയെത്തി. അതിനുള്ളില്‍ അടച്ചു വെച്ച കല്ലിന്റെ തിളക്കങ്ങള്‍ നഷ്ടമായിരുന്നുവെങ്കിലും കല്ല്‌ തനിക്കു കൂട്ടായിരുന്ന ഇരുട്ടിനെയും ആറു ചുമരുകളെയും സ്നേഹിച്ചുതുടങ്ങിയിരുന്നു. ഇതേ കാലയളവില്‍ തന്നെ സ്വയം പ്രകാശിക്കുന്ന ഒരു കുഞ്ഞു കല്ല്‌ കൂടി ആ കറുത്തപെട്ടിയില്‍ പിറന്നിരുന്നു. അവന്‍ കുഞ്ഞു കല്ലിനെ മാത്രം പുറത്തെടുത്തു.

അണിയിച്ചൊരുക്കി കൂടിനു പുറത്തേക്കെടുക്കുമ്പോള്‍ വലിയ കല്ല്‌ തടഞ്ഞു. താന്‍ കണ്ട സ്വപ്‌നങ്ങള്‍ എരിഞ്ഞടങ്ങിയ കറുത്ത പെട്ടിയൊരെണ്ണം കുഞ്ഞു കല്ലിനു വേണ്ടിയും പണിയാന്‍ വലിയ കല്ല്‌ കൊതിച്ചു. അവളുടെ ഉള്ളിലിരുപ്പ് അറിഞ്ഞിട്ടാവണം കുഞ്ഞു കല്ലിനു വേണ്ടിയും ഒരു കറുത്തപെട്ടിയവന്‍ പണിഞ്ഞു. ഇപ്പോള്‍ വലിയ കല്ലിനും അവനും ഒരേ ചിന്തകളാണ് .. ഒരേ സ്വപ്നങ്ങളാണ് .. കറുത്തപെട്ടിയില്‍ കുഞ്ഞു കല്ല്‌ വലുതാകുന്നതും കാത്ത് അവര്‍ ഒരേ ഇരിപ്പാണ്.

നാട്ടിലിപ്പോഴും ഈ കറുത്ത പെട്ടികളെ തിരഞ്ഞ്  ഒരു കൂട്ടം നടക്കുന്നുണ്ട്. ഭയത്തോടെയും, സ്നേഹത്തോടെയും, ബഹുമാനത്തോടെയും  തിരയുന്ന ചിലരും. അവന്‍ മുന്‍പ് ചില കല്ലുകളോട് ചെയ്തത് പോലെ നഗരവീഥികളില്‍ നിന്നും റാഞ്ചിക്കൊണ്ടു പോകുവാന്‍ വേണ്ടി കഴുകന്‍ കണ്ണുകളോടെ നോക്കുന്ന ചിലരും.

അവന്റെ ഓര്‍മകളെ കാലത്തിന്റെ പട്ടടയില്‍ എന്നോ എരിച്ചു തീര്‍ത്തിരുന്നുവെങ്കിലും തിളങ്ങേണ്ട കല്ലുകളെയും തിളക്കമുള്ള കല്ലുകളെയും കാണുമ്പോള്‍ കറുത്തപെട്ടിയൊരുക്കുവാന്‍ അവന്റെ മനസ്സ് മന്ത്രിച്ചു കൊണ്ടേയിരുന്നു.. ഒരായിരം വട്ടം.


-SAN-